ടോണി ക്രൂസ് രക്ഷകനായി അവതരിച്ചു; അവസാന മിനിറ്റില്‍ സ്വീഡനെ തകര്‍ത്ത് ജര്‍മനി
ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ച് ജര്‍മനി. മത്സരം സമനിലയിലായാല്‍ പോലും നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പുറത്താകുമെന്ന അവസ്ഥയില്‍ മുന്നോട്ട് നീങ്ങിയ മത്സരത്തില്‍ ഇന്‍ജുറി ടൈം ഗോളാണ് അവരെ രക്ഷപ്പെടുത്തിയത്. ഓരോ ഗോളുകള്‍ വീതം നേടി മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടയില്‍ എക്‌സ്ട്രാ ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ടോണി ക്രൂസ് ജര്‍മനിയുടെ രക്ഷകനായി അവതരിച്ചത്. നിര്‍ണായക മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സ്വീഡന്റെ ഗോള്‍ വലയിലേക്ക് തൊടുത്തുവിട്ടാണ് ക്രൂസ് ജര്‍മനിയുടെ അഭിമാനം കാത്തത്. മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ പോലും ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്താകുമെന്ന അവസ്ഥയായിരുന്നു. എന്നാല്‍, ഫുട്‌ബോള്‍ ദൈവങ്ങള്‍ ജര്‍മനിയുടെ പ്രാര്‍ത്ഥന കേട്ടു. ടോണി ക്രൂസ് രക്ഷകനായി അവതരിച്ചു. സോച്ചിയില്‍ ജര്‍മന്‍ പട സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരിക്കുന്നു!!!
Football, eh?#GERSWE pic.twitter.com/PWPS9s0UtQ
— FIFA World Cup ? (@FIFAWorldCup) June 23, 2018
ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റമാണ് നടത്തിയത്. ജര്‍മനിയാണ് കൂടുതല്‍ സമയവും പന്ത് കൈവശം വെച്ചത്. എന്നാല്‍, ജര്‍മനിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതില്‍ സ്വീഡന്‍ വിജയിച്ചു. പ്രതിരോധം ശക്തിപ്പെടുത്തിയതിനൊപ്പം ലഭിക്കുന്ന അവസരങ്ങളില്‍ പന്തുമായി ജര്‍മന്‍ ഗോള്‍ വലയിലേക്ക് ഓടിയെത്താനും സ്വീഡിഷ് പടയ്ക്ക് സാധിച്ചു. പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ജര്‍മനിയോട് സമനിലയെങ്കിലും വഴങ്ങുകയായിരുന്നു സ്വീഡന്റെ ലക്ഷ്യം. ആ ലക്ഷ്യത്തില്‍ ഉറച്ചുനിന്നുള്ള പ്രകടനമാണ് സ്വീഡന്‍ പുറത്തെടുത്തതും. മത്സരത്തിന്റെ 31-ാം മിനിറ്റില്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ മാര്‍ക്കസ് ബര്‍ഗിനെ ജെറോം ബോട്ടെങ് പിന്നില്‍ നിന്ന് വീഴ്ത്തിയതിനെ തുടര്‍ന്ന് സ്വീഡിഷ് താരങ്ങള്‍ പെനല്‍റ്റിക്കായി വാദിച്ചു. എന്നാല്‍, റഫറി പെനല്‍റ്റി അനുവദിച്ചില്ല. പെനല്‍റ്റി സാധ്യത നഷ്ടമായതിന് പിന്നാലെ സ്വീഡന്‍ ആദ്യ ഗോള്‍ സ്വന്തമാക്കി മുന്നിലെത്തി. റഷ്യന്‍ ലോകകപ്പിലെ തന്നെ മികച്ച ഗോളെന്ന് വാഴ്ത്തപ്പെടാന്‍ സാധ്യതയുള്ള മികച്ച ഗോളാണ് മത്സരത്തിന്റെ 32-ാം മിനിറ്റില്‍ പിറന്നത്. ക്ലേസന്റെ പാസില്‍ നിന്ന് ജര്‍മന്‍ പ്രതിരോധത്തെ നിഷ്പ്രഭരാക്കി സ്വീഡന്‍ താരം ടോയ്‌വാനാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.
As it stands, #SWE and #MEX are through to the knock-out stages… #GERSWE 0-1 pic.twitter.com/TZhUHVxIBU
— FIFA World Cup ? (@FIFAWorldCup) June 23, 2018
ഗോള്‍ വഴങ്ങിയതോടെ ജര്‍മനി പ്രതിരോധത്തിലായെങ്കിലും രണ്ടാം പകുതിയില്‍ അവര്‍ തിരിച്ചടിച്ചു. മത്സരത്തിന്റെ 48-ാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസാണ് ജര്‍മനിക്കായി സമനില ഗോള്‍ സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ജര്‍മനി കൂടുതല്‍ അക്രമകാരികളായി. സ്വീഡനെ തോല്‍പ്പിക്കുകയല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നും തങ്ങള്‍ക്കില്ലെന്ന് ജര്‍മനി കളിയിലൂടെ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, സ്വീഡന്‍ പ്രതിരോധം ശക്തിപ്പെടുത്തി. സമനിലയില്‍ കളി അവസാനിപ്പിക്കുക എന്നതായിരുന്നു സ്വീഡന് മുന്നിലുള്ള പോംവഴി. അവസാന മിനിറ്റുകളില്‍ ജര്‍മനി നടത്തിയ മുന്നേറ്റങ്ങള്‍ പ്രശംസനീയമാണ്. പലപ്പോഴായി നിര്‍ഭാഗ്യങ്ങളുടെ കോട്ടയായിരുന്നു ജര്‍മനിയുടെ ഗോള്‍ നേട്ടത്തിന് തടസമായി നിന്നത്. ഗോള്‍ പോസ്റ്റിനെ തൊട്ടും തലോടിയും ജര്‍മനിയുടെ പല ഷോട്ടുകളും ലക്ഷ്യത്തിലെത്താതെ പോയതോടെ മത്സരം സമനിലയിലാകുമെന്നും ജര്‍മനി പ്രീക്വാര്‍ട്ടറിലെത്താതെ പുറത്താകുമെന്നും ഏറെ കുറെ ഫുട്‌ബോള്‍ ലോകം വിധിയെഴുതി. അപ്പോഴാണ്, ടോണി ക്രൂസിന്റെ നിര്‍ണായക ഗോള്‍ പിറക്കുന്നത്. സമ്മര്‍ദ്ദങ്ങളുടെ ആധിക്യമില്ലാതെ അവസാന മിനിറ്റില്‍ ഫ്രീകിക്ക് എടുക്കാന്‍ കഴിഞ്ഞതില്‍ ക്രൂസ് വിജയിച്ചു. സ്വീഡിഷ് ഗോളിയെ നോക്കുകുത്തിയാക്കി ടോണി ക്രൂസിന്റെ സുന്ദരമായ ഫ്രീകിക്ക് വിജയഗോളില്‍ ശ്വാസമടക്കി പിടിച്ചിരുന്ന ജര്‍മന്‍ ആരാധകര്‍ ആനന്ദനൃത്തമാടി. സോച്ചി ജര്‍മനിയെ ചതിച്ചില്ലെന്ന് ഫുട്‌ബോള്‍ ലോകം വിധിയെഴുതി.
Football, eh?#GERSWE pic.twitter.com/PWPS9s0UtQ
— FIFA World Cup ? (@FIFAWorldCup) June 23, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here