ടോണി ക്രൂസ്!!! ജര്‍മനിയെ ക്രൂശിക്കാന്‍ വിട്ടുകൊടുക്കാത്ത അവസാന മിനിറ്റിലെ ഗോള്‍
കുക്കുടന്‍
സ്വീഡനോട് സമനില വഴങ്ങിയിരുന്നെങ്കില്‍ നിലവിലെ ലോകചാമ്പ്യന്‍മാരെന്ന് അഭിമാനിക്കുന്ന ജര്‍മനിയുടെ കട്ടയും പടവും മടങ്ങിയേനെ…എല്ലാവരും ജര്‍മനിയെ ക്രൂശിലേറ്റിയേനെ…ആരാധകര്‍ നിരാശയുടെ പടുകുഴിയിലേക്ക് നിലംപതിച്ചേനെ…ദൈവത്തിനും ടോണി ക്രൂസിനും സ്‌തോത്രം!!! മേല്‍ പറഞ്ഞ അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല സോച്ചിയില്‍.
സമനിലയിലാകുമെന്ന് ഉറപ്പിച്ച മത്സരം ജര്‍മനിയുടെ വിജയത്തില്‍ കലാശിച്ചു. ടോണി ക്രൂസിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ജര്‍മന്‍ ആരാധകര്‍. വിജ്രംഭിച്ച മനസുമായി സോച്ചിയില്‍ നിന്ന് മടങ്ങാന്‍ നിന്നവരെ പിടിച്ചുനിര്‍ത്തി ടോണി ക്രൂസ് പറഞ്ഞു; ഇന്നാ പിടിച്ചോ ഒരു ഗോള്‍!!! സമ്മര്‍ദ്ദങ്ങളിലെ അതിജീവിച്ച് പന്ത് തട്ടിയ ടോണി ക്രൂസാണ് ഇന്നത്തെ ജര്‍മനി – സ്വീഡന്‍ മത്സരത്തിലെ താരം. മത്സരം 60 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ മുതല്‍ ജര്‍മനി പ്രതിരോധത്തിലാണ്. ജര്‍മന്‍ താരങ്ങളുടെ മുഖം മാറി. കളിക്കളത്തിലെ പെരുമാറ്റത്തില്‍ വലിയ മാറ്റം വന്നു. മത്സരം സമനിലയില്‍ കലാശിച്ചാല്‍ റഷ്യന്‍ ലോകകപ്പ് രാജ്യത്തിന് തന്നെ തീരാകളങ്കമാകും.
പ്രതിസന്ധി വലുതാണ്…സമയം കുറവും…ഈ ഒരു അവസ്ഥയിലാണ് ടോണി ക്രൂസ് വാഴ്ത്തപ്പെടേണ്ടത്. നിര്‍ണായക സമയത്ത് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ ഈ റയല്‍ മഡ്രിഡ് താരത്തിന് സാധിച്ചു. പോര്‍ച്ചുഗലിനായി നിര്‍ണായക മിനിറ്റില്‍ ഫ്രീകിക്ക് ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മഡ്രിഡ് താരമാണല്ലോ…വിത്ത് ഗുണം, പത്ത് ഗുണം. പ്രതിസന്ധികളുടെ നിഴലാട്ടം പോലുമില്ലാതെ 95-ാം മിനിറ്റില്‍ സുന്ദരമായ ഒരു കിക്ക് സ്വീഡന്റെ ഗോള്‍ പോസ്റ്റിലേക്ക്!!! ടോണി ക്രൂസ് എന്ന 28-കാരന്‍ തന്നെയാണ് ഇന്നത്തെ താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here