നിസാന്‍ ഡിജിറ്റല്‍ ഹബ് കേരളത്തിലേക്ക്

കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മടിച്ചു നില്‍ക്കുന്ന അവസരത്തില്‍ ശുഭവാര്‍ത്തയുമായി മുഖ്യമന്ത്രി. ആഗോള ഓട്ടോമൊബൈല്‍ ബ്രാന്‍ഡ് ആയ നിസാന്റെ ഗവേഷണ വികസന ഹബ് സംസ്ഥാനത്തില്‍ ആരംഭിക്കുന്നെന്ന വാര്‍ത്തയാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിനായി സ്ഥലം അനുവദിച്ചിട്ടുണ്ട്. ടെക്‌നോസിറ്റിയിലാണ് സ്ഥലം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 ഏക്കറും,രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും കൈമാറും.
കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നിസാന് നല്‍കിയ അനുമതിയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഗവേഷണവും സാങ്കേതിക വികസനവുമാണ് ഹബ്ബില്‍ നടക്കുക. ഇലക്ട്രിക്-ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കാണ് പരിഗണന. നിസാന്റെ വരവ് സംസ്ഥാനത്തെ ഐടി അധിഷ്ഠിത വ്യവസായ വളര്‍ച്ചക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. മറ്റ് വാഹന നിര്‍മ്മാതാക്കളും സംസ്ഥാനത്തെ വ്യവസായ സൗഹൃദമായിക്കരുതാന്‍ ഇത് തുടക്കമായേക്കും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ആഗോളവാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുന്നു. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ടെക്നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും. ടെക്നോപാര്‍ക്ക് ഫേസ് മൂന്നില്‍ നിസാന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.
ഇലക്‌ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോ-ജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്.
ഐ ടി അധിഷ്ഠിതവ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് നിസാന്റെ ആദ്യഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ നിസാന്‍ ഹെഡ്ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് നമ്മുടെ ക്ഷണപ്രകാരം നിസാന്‍ കമ്പിനി പ്രതിനിധികള്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തി ഡിജിറ്റല്‍ ഹബ്ബിനുള്ള സാധ്യതകള്‍ പരിശോധിച്ചു. കൂടിക്കാഴ്ചയുടെ തീരുമാനമനുസരിച്ച് രൂപീകരിച്ച കോര്‍കമ്മിറ്റി ഡിജിറ്റല്‍ ഹബ്ബിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തു. നിസാന്റെ വരവ് സംസ്ഥാനത്തെ ഐടി അധിഷ്ഠിത വ്യവസായവളര്‍ച്ചക്ക് വേഗം കൂട്ടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here