ദക്ഷിണ കൊറിയയുടെ മധുരപ്രതികാരം; ‘ജര്‍മനി ഔട്ട് കംപ്ലീറ്റലി’

റഷ്യന്‍ ലോകകപ്പില്‍ നിന്ന് ആശ്വാസജയവുമായി ദക്ഷിണ കൊറിയ പുറത്തേക്ക്. ആശ്വാസജയം ഒരു ലോകകപ്പ് നേട്ടത്തോളം അവരെ സന്തോഷിപ്പിക്കുന്നു എന്നതാണ് മറ്റൊരു സത്യം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ജര്‍മനിയെ പരാജയപ്പെടുത്തി കൊറിയന്‍ ടീം ജര്‍മന്‍ ആരാധകരുടെ മനസില്‍ അത്താഴം മുടക്കികളായി. റഷ്യയില്‍ നിന്ന് ദക്ഷിണ കൊറിയ മടങ്ങുന്നത് നിലവിലെ ചാമ്പ്യന്‍മാരെ മോര്‍ച്ചറിയില്‍ കയറ്റിയാണ്. ഈ വിജയം ഒരു സാധാരണ വിജയമല്ല…ഇതിന് പിന്നില്‍ ഒരു പ്രതികാരത്തിന്റെ കഥയുണ്ട്…
16 വര്‍ഷമായി മനസില്‍ കൊണ്ടുനടക്കുന്ന പ്രതികാരമാണത്. ദക്ഷിണ കൊറിയയിലെ ഫുട്‌ബോള്‍ ആരാധകര്‍ അത് മറക്കാന്‍ വഴിയില്ല. 2002 ലോകകപ്പിലാണ് അത് സംഭവിച്ചത്. ആ വര്‍ഷത്തെ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ഇത്തിരികുഞ്ഞന്‍മാരായ ദക്ഷിണ കൊറിയ എല്ലാവരെയും അതിശയിപ്പിച്ച് മുന്നേറി. എന്നാല്‍, സെമി ഫൈനലില്‍ കഥ മാറി. എതിരാളികള്‍ കരുത്തരായ ജര്‍മനി. അന്ന് ആ മത്സരത്തിന് ലോംഗ് വിസില്‍ വിളിച്ചപ്പോള്‍ ഒരു വശത്ത് തേങ്ങികരയുകയായിരുന്നു ദക്ഷിണ കൊറിയ. ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മനി കൊറിയയെ പരാജയപ്പെടുത്തി. ജര്‍മന്‍ മുന്നേറ്റത്തില്‍ ദക്ഷിണ കൊറിയയുടെ ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞു. മത്സരത്തിന്റെ ആദ്യം മുതലേ ജര്‍മനിയെ ഗോളടിപ്പിക്കാതിരിക്കാന്‍ ദക്ഷിണ കൊറിയ ആവതും ശ്രമിച്ചു. എന്നാല്‍, മത്സരത്തിന്റെ 75-ാം മിനിറ്റില്‍ മിഷേല്‍ ബല്ലാക്കിലൂടെ ജര്‍മനി ഗോള്‍ സ്വന്തമാക്കി. തിരിച്ചടിക്കാന്‍ ദക്ഷിണ കൊറിയക്ക് കഴിഞ്ഞതുമില്ല.
ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മനി പരാജയപ്പെടുത്തിയതോടെ കൊറിയ ലോകകപ്പില്‍ നിന്ന് പുറത്ത്. 2018 ലോകകപ്പില്‍ അതേ കൊറിയ ജര്‍മനിയുടെ അന്തകരായി. ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്നത്തെ പോലും അവര്‍ തച്ചുടച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരെ അവര്‍ കീഴടക്കി. 2002 ലോകകപ്പിന് ദക്ഷിണ കൊറിയ 16 വര്‍ഷങ്ങള്‍ക്കിപ്പുറം സോച്ചിയില്‍ പകരംവീട്ടി. ദക്ഷിണ കൊറിയയുടെ പ്രതികാരം ജര്‍മനിയെ കീഴടക്കിയ കാഴ്ചയ്ക്ക് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചു. ലോകകപ്പില്‍ നിന്ന് പുറത്തായിട്ടും ഈ വിജയത്തെ ദക്ഷിണ കൊറിയന്‍ താരങ്ങള്‍ ആഘോഷിച്ചതില്‍ അവരെ തെറ്റുപറയാന്‍ പറ്റില്ല!!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here