പോളീനോ, സില്‍വ പൊളിച്ച്!!! മോസ്‌കോയില്‍ കളംനിറഞ്ഞ് ബ്രസീല്‍ (വീഡിയോ കാണാം)

സെര്‍ബിയക്കെതിരെ ബ്രസീലിന് ഉജ്ജ്വലവിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കാനറികള്‍ പ്രീക്വാര്‍ട്ടറിലേക്ക്.

സെര്‍ബിയയുടെ ഗോള്‍ പോസ്റ്റില്‍ എത്ര ഗോളുകള്‍ വീഴുമെന്ന സംശയം മാത്രമേ കളിയുടെ തുടക്കം തൊട്ട് ഒടുക്കം വരെ എല്ലാ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഉണ്ടായിരുന്നുള്ളൂ. അത്ര സുന്ദരമായിരുന്നു ബ്രസീലിന്റെ കളിക്കളത്തിലെ മുന്നേറ്റം. നെയ്മര്‍, കുട്ടീന്യോ, ജീസസ്, ഫിലിപ്പെ ലൂയിസ്, സില്‍വ, പോളീനോ തുടങ്ങി എല്ലാവരും കളംനിറഞ്ഞു കളിച്ചപ്പോള്‍ ബ്രസീല്‍ ആരാധകര്‍ക്ക് സന്തോഷമായി. ആദ്യ പകുതിയില്‍ പോളീനോയും രണ്ടാം പകുതിയില്‍ തിയാഗോ സില്‍വയും സെര്‍ബിയയുടെ ഗോള്‍വല കുലുക്കി.

സെര്‍ബിയയെ ഭാഗ്യം തുണച്ചതിനാല്‍ തോല്‍വി രണ്ട് ഗോളില്‍ ഒതുങ്ങി. മുന്നേറ്റത്തിന്റെയും ആക്രമണത്തിന്റെയും കണക്ക് നിരത്തിയാല്‍ സെര്‍ബിയക്ക് എത്തിപിടിക്കാനാവത്തതിലും ഉയരത്തിലാണ് കാനറികൂട്ടം ചിറകടിച്ചുയര്‍ന്നത്. നെയ്മര്‍ അപകടകാരിയായി, പ്രതിരോധനിരയിലുള്ളവര്‍ പോലും ഒരു ഗോള്‍ നേടാന്‍ സെര്‍ബിയയുടെ ഗോള്‍ മുഖത്തേക്ക് പാഞ്ഞെത്തി. കാല്‍പന്തുകളിയുടെ ‘സാംബാ താളം’ വീണ്ടെടുത്തിരിക്കുകയാണ് ബ്രസീലെന്ന് ഓരോ ഫുട്‌ബോള്‍ പ്രേമിയും മനസില്‍ ഉരുവിട്ടു. തോല്‍വിയറിയാതെ റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് കാനറികള്‍ പ്രവേശിച്ചിരിക്കുകയാണ്.

ആദ്യ പകുതിയുടെ 36-ാം മിനിറ്റില്‍ പോളീനോയാണ് ബ്രസീലിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. കുട്ടീന്യോയില്‍ നിന്ന് ലഭിച്ച പാസ് പിഴവുകള്‍ വരുത്താതെ സെര്‍ബിയന്‍ ഗോളിയെ വെട്ടിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു പോളീനോ. കളിക്കളത്തില്‍ വ്യക്തമായ ആധിപത്യമാണ് ആദ്യ പകുതിയില്‍ ബ്രസീല്‍ കാഴ്ചവെച്ചത്. ഭൂരിഭാഗം സമയവും ബ്രസീല്‍ പന്ത് കൈവശം വെച്ചു. നെയ്മര്‍, പോളീനോ, കുട്ടീന്യോ, ജീസസ് തുടങ്ങിയവര്‍ ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രസീല്‍ കരുത്തിന് മുന്നില്‍ സെര്‍ബിയ കളി മറന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് മാര്‍സലോ കളം വിട്ടത് ബ്രസീലിന് തിരിച്ചടിയായി എന്നതൊഴിച്ചാല്‍ മത്സരത്തിന്റെ ആദ്യ പകുതി മുഴുവന്‍ കാനറികളുടെ കാലിലായിരുന്നു.

ആദ്യ പകുതിയിലെ മേധാവിത്വം രണ്ടാം പകുതിയിലും ബ്രസീല്‍ തുടര്‍ന്നു. ആദ്യ പകുതിയേക്കാള്‍ അവര്‍ അപകടകാരികളായി. 90 മിനിട്ട് എങ്ങനെയെങ്കിലും പൂര്‍ത്തിയായാല്‍ മതിയെന്നായിരുന്നു സെര്‍ബിയന്‍ താരങ്ങളുടെ ശരീരഭാഷ. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍. നെയ്മര്‍ സെര്‍ബിയയുടെ ഫസ്റ്റ് പോസ്റ്റ് ലക്ഷ്യം വെച്ച് ഉയര്‍ത്തി നല്‍കിയ കോര്‍മര്‍ കിക്ക് പുറകില്‍ നിന്ന് ഓടിയടുത്ത തിയാഗോ സില്‍വ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ സെര്‍ബിയയുടെ വലയിലെത്തിക്കുകയായിരുന്നു. ബ്രസീലിന് മറുപടി നല്‍കാന്‍ കഴിയാതെ സെര്‍ബിയ കളിക്കളത്തില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ കണ്ടത്.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡും കോസ്റ്ററിക്കയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ സ്വന്തമാക്കി. സ്വിറ്റ്സർലൻഡിനായി സെമയ്‍ലി (31), ദിർമിച്ച് (88) എന്നിവരും കോസ്റ്ററിക്കയ്ക്കായി വാട്സൻ (56), സോമർ (90+3, സെൽഫ് ഗോൾ) എന്നിവരുമാണ് ഗോൾ നേടിയത്. ആദ്യ രണ്ടു കളികളും തോറ്റ കോസ്റ്ററിക്ക ഈ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റുമായി ലോകകപ്പിൽനിന്ന് പുറത്തായി. ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീക്വാര്‍ട്ടറിലേക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More