ഹാപ്പി ‘ന്യൂയര്‍’ ജര്‍മനി (ട്രോളുകള്‍ കാണാം)
കുക്കുടന്‍
നിലവിലെ ലോക ചാമ്പ്യന്‍മാരാണ് പുറത്തായിരിക്കുന്നത്. പ്രീക്വാര്‍ട്ടര്‍ പോലും കാണാതെയാണല്ലോ പുറത്തായിരിക്കുന്നതെന്ന് ഓര്‍ക്കുമ്പോഴാണ് സങ്കടം. ദക്ഷിണ കൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ‘കല്ലന്‍മാര്‍’ എന്ന അവകാശവാദത്തോടെ റഷ്യയിലേക്ക് എത്തിയ ജര്‍മനി തോറ്റത്. പുറത്തായ സ്ഥിതിക്ക് കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ജര്‍മന്‍ വീരഗാഥ രചിച്ച എല്ലാ കട്ടൗട്ടറുകളും ഫ്‌ളക്‌സുകളും അനാഥരായിരിക്കുകയാണ്. അവറ്റകളുടെ കാര്യം ആലോചിക്കുമ്പോഴാണ്…ലോകകപ്പില്‍ നിന്ന് തോറ്റ് പുറത്താകുന്ന ടീമുകളുടെ കൂറ്റന്‍ ഫ്‌ളക്‌സുകളെല്ലാം വീട്ടിലെ കോഴിക്കൂട് മറക്കാന്‍ നല്‍കണമെന്ന ധാരണാപത്രത്തില്‍ വീട്ടുകാരുമായി കാല്‍പന്ത് ആരാധകര്‍ ഒപ്പിട്ടിട്ടുള്ള സ്ഥിതിക്ക് റോഡരികില്‍ നില്‍ക്കുന്ന ഫ്‌ളക്‌സുകള്‍ അനാഥരാകില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കോഴിക്കൂടിന് മറവെക്കാന്‍ അര്‍ജന്റീനയുടെ ഫ്‌ളക്‌സുകള്‍ക്കായിരുന്നു ട്രോളന്‍മാര്‍ കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍, കഷ്ടിച്ച് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കടന്നുകൂടിയതോടെ ആ കാത്തിരിപ്പിന് താല്‍കാലിക വിരാമമായി (ബൈ ദി ബൈ, കോഴിക്കൂട് സാധ്യത ഇനിയുമുണ്ട് അര്‍ജന്റീനയ്ക്ക്). ദക്ഷിണ കൊറിയ ജര്‍മനിയെ തോല്‍പ്പിച്ചതോടെ ജര്‍മന്‍ ഫ്‌ളക്‌സുകള്‍ക്കാണ് ആ ഭാഗ്യം ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ജര്‍മന്‍ ആരാധകര്‍ സങ്കടപ്പെട്ടിരുന്നപ്പോള്‍ ട്രോളന്‍മാര്‍ ഫ്‌ളക്‌സുകള്‍ കൊണ്ട് കോഴിക്കൂട് നിറച്ചു. ‘കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ നാണംകെടുത്തിയവര്‍’, ‘അര്‍ജന്റീനയെ ഫൈനലില്‍ വീഴ്ത്തിയവര്‍’…ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ക്ക് ജര്‍മനിയെ ട്രോളാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?
ജര്‍മനിയെ സംഘം ചേര്‍ന്ന് ട്രോളുന്നതിനിടയില്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിനെ ആരും ട്രോളന്‍മാര്‍ മറന്നില്ല. അവസാന മിനിറ്റില്‍ ആദ്യ ഗോള്‍ വഴങ്ങിയതോടെ ജര്‍മ്മനി പ്രതിസന്ധിയിലായി. ഒരു ഗോളെങ്കിലും തിരിച്ചടിച്ചില്ലെങ്കില്‍ നാണക്കേടാണെന്ന് മനസിലായ മാനുവല്‍ ന്യൂയറെന്ന ജര്‍മന്‍ നായകന്‍ (ഗോള്‍ കീപ്പറാണെന്ന ഒരു നിമിഷത്തേക്ക് മറന്നു) കയറി കളിച്ചു. കൗണ്ടര്‍ അറ്റാക്കിലൂടെ ലഭിച്ച പന്തുമായി ദക്ഷിണ കൊറിയയുടെ സണ്‍ ഹ്യൂമിന്‍ ജര്‍മനിയുടെ ഗോള്‍ പോസ്റ്റിലേക്ക് ഓടിയെത്തി. ഗോള്‍ പോസ്റ്റെത്തിയപ്പോല്‍ സണ്‍ ഹ്യൂമിന്‍ പകച്ചുപോയെന്നാണ് ട്രോളന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ജര്‍മനിയുടെ ഗോല്‍ പോസ്റ്റ് കാവലില്ലാത്ത കൊട്ടാരം പോലെ തുറന്നുകിടക്കുന്നു. പിന്നെ, ഒന്നും നോക്കിയില്ല…ഗോളി ന്യൂയര്‍ ഓടിയെത്തും മുന്‍പേ ജര്‍മന്‍ പോസ്റ്റിലേക്ക് സണ്‍ ഹ്യൂമിന്‍ അടിക്കുന്നു രണ്ടാം ഗോള്‍. ഒരു നിമിഷത്തേക്ക് ഹിഗ്വിറ്റയാകാന്‍ ന്യൂയര്‍ ശ്രമിച്ചതാകാം. പക്ഷേ, വലിയ വില കൊടുക്കേണ്ടി വന്നു ജര്‍മന്‍ നായകന്…അങ്ങനെ ട്രോളുകളില്‍ ന്യൂയറും നിറഞ്ഞു.
കഴിഞ്ഞ കുറച്ച് ലോകകപ്പുകളിലായി മുന്‍ ചാമ്പ്യന്‍മാര്‍ ആദ്യ റൗണ്ട് കടക്കാതെ പുറത്തായ ചരിത്രമുണ്ട്. ആ ദുഷ്‌പേര് മാറ്റിയെടുക്കുമെന്നായിരുന്നു ജര്‍മന്‍ ആരാധകര്‍ പ്രഖ്യാപിച്ചിരുന്നത്. അവര്‍ക്കൊക്കെ ഈ തോല്‍വി വല്ലാത്തൊരു അടിയായിപോയി. ഫഌക്‌സുകളിലെ ഡയലോഗുകള്‍ വേറെയും…ജര്‍മനിയുടെ കൊടികളൊന്നും അഴിക്കണ്ട, തലതിരിച്ച് കെട്ടിയാല്‍ മതിയെന്ന് ഒരു കൂട്ടര്‍ (ബെല്‍ജിയം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിട്ടുണ്ട്, അയ്‌നാണ്…)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here