ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ആരോപണം; കുറ്റക്കാരായ വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറ്റാരോപിതരായ നാല് വൈദികരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. കുറ്റാരോപിതനായ വൈദികരിലൊരാളായ ജെയ്‌സ് കെ ജോര്‍ജ് കോടതിയില്‍ അപേക്ഷ നല്‍കും. അഡ്വക്കറ്റ് ഉദയഭാനു മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുക.
അതേസമയം, പീഡനത്തിന് വിധേയയായ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. 164 വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ഇതിനായി തിരുവല്ല കോടതിയില്‍ നിന്ന് അന്വേഷണസംഘം അനുമതി തേടും.
ഇതിനിടയില്‍, നിരണം ഭദ്രാസനത്തില്‍ ഇന്ന് വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗം റദ്ദാക്കിയതായും റിപ്പോര്‍ട്ടുകള്‍. നിരണം ഭദ്രാസനത്തിലെ വൈദികര്‍ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗമാണ് സഭയുടെ ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയത്. ആരോപണങ്ങള്‍ മൂന്ന് ഭദ്രാസനങ്ങളിലും സംയുക്തമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് സഭ വിലയിരുത്തി. നിരണം, തുമ്പമണ്‍, ദില്ലി ഭദ്രാസനങ്ങളിലായി അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here