Advertisement

നോട്ട് അച്ചടിക്കാന്‍ വില കൂടിയ പേപ്പര്‍, അച്ചടി നടക്കുന്നത് വീടിന്റെ ഏറ്റവും മുകളില്‍; സീരിയല്‍ നടിയും അമ്മയും പിടിയിലായത് ഇങ്ങനെ:

July 3, 2018
Google News 0 minutes Read

ഇടുക്കി അണക്കരയില്‍ കള്ളനോട്ട് വേട്ട. അന്വേഷണത്തില്‍ സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേരെ കൊല്ലത്ത് നിന്ന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മനയന്‍കുളങ്ങര തിരുമുല്ലാവാരം ഉഷസില്‍ രമാദേവി (56) മക്കളായ സീരിയല്‍ നടി സൂര്യാ ശശികുമാര്‍ (36) ശ്രുതി (29) എന്നിവരെയാണ് കട്ടപ്പന പോലീസ് കൊല്ലത്ത് എത്തി അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച അണക്കരയില്‍ നിന്ന് 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ലിയോസാം (44), കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46), പുറ്റടി അച്ചക്കാനം രവീന്ദ്രന്‍ (58) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കള്ളനോട്ട് അച്ചടിക്കുന്ന കേന്ദ്രം മനസിലായത്. ഇതേ തുടര്‍ന്ന് ഇടുക്കി എസ്.പി. കെ.ബി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പോലീസ് സംഘമാണ് കൊല്ലത്ത് എത്തി രമാദേവിയുടെ ആഡംബരവീട് പരിശോധന നടത്തിയത്.

8 മാസമായി രമാദേവിയുടെ വീടിന്റെ മുകള്‍ നിലയിലാണ് അച്ചടി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 8 കോടി രൂപ അച്ചടിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. ലിയോസാം, കരുനാഗപ്പള്ളി കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരാണ് നോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത്. നോട്ട് അച്ചടിക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ രമാദേവി 4.5 ലക്ഷം രൂപ സംഘത്തിന് നല്‍കുകയും ചെയ്തു. ഒരു ലക്ഷം രൂപ നല്‍കിയാല്‍ 3.5 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് സംഘം നല്‍കിയിരുന്നത്. കിട്ടുന്ന നല്ല നോട്ടില്‍ പകുതി രമാദേവിക്ക് നല്‍കണമെന്നാണ് കരാര്‍. 5000 സ്‌ക്വയര്‍ഫീറ്റ് വലുപ്പമുള്ള വീടിന്റെ മുകള്‍ നില ഇതിനായി വാടകയില്ലാതെ കൊടുത്തു. നോട്ട് അച്ചടിക്കാന്‍ വിലകൂടിയ പേപ്പര്‍ ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് എത്തിച്ചിരുന്നത്.

ലിയോസാമിന്റെ ഉടമസ്ഥതയിലുള്ള ആധുനിക യന്ത്രം ഉപയോഗിച്ചാണ് നോട്ട് അച്ചടി നടന്നിരുന്നത്. 500 ന്റെ 57 ലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തിട്ടുണ്ട്. ബിജു എന്ന സ്വാമി വഴിയാണ് രമാദേവി കള്ളനോട്ട് സംഘത്തെ പരിചയപ്പെടുന്നത്. പ്രിന്റിംഗ് പാതിവഴിയിലായ പേപ്പറും യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്. നോട്ട് അച്ചടിക്ക് സഹായിച്ച 12 ഓളം പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here