Advertisement

കളിയാണെന്നറിയാം…എങ്കിലും, ഈ കണ്ണീര്‍ കാല്‍പന്ത് ആരാധകരെ വേദനിപ്പിക്കുന്നു !!

July 6, 2018
Google News 11 minutes Read

മൈതാനത്ത് താരങ്ങള്‍ പന്ത് തട്ടുമ്പോള്‍ ഗാലറിയിലിരിക്കുന്ന മൂന്ന് വയസുകാരന്റെ നെഞ്ച് പോലും പന്തിന്റെ താളത്തിനൊപ്പം ഇടിച്ചുകൊണ്ടേയിരിക്കും. താന്‍ ആരാധിക്കുന്ന താരത്തിന്റെ കാലൊന്ന് ഇടറിയാല്‍, തന്റെ രാജ്യം എതിരാളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയാല്‍ ആ നെഞ്ചിടിപ്പിന്റെ കനം കൂടും…

റഷ്യന്‍ ലോകകപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തുമ്പോള്‍ അത്തരത്തിലൊരു വേദനിപ്പിക്കുന്ന കാഴ്ചകളാണ് ഇന്ന് നിഷ്‌നിയില്‍ കണ്ടത്. ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം മെസിയും, ഇനിയേസ്റ്റയും, മുള്ളറും മൈതാനത്ത് തലതാഴ്ത്തി നില്‍ക്കുന്ന കാഴ്ച എല്ലാവരും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. എന്നാല്‍, അതിലും വൈകാരികമായിരുന്നു നിഷ്‌നിയില്‍ ഉറുഗ്വായ് – ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ കണ്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് ഫ്രാന്‍സ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഉറുഗ്വായ് തിരിച്ചടിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഒരേ സ്വരത്തില്‍ എല്ലാവരും ചേര്‍ന്ന് ഉറുഗ്വായ് ടീമിനെ പിന്തുണക്കുന്ന കാഴ്ചയാണ് രണ്ടാം പകുതിയുടെ ആരംഭത്തില്‍ കണ്ടത്. എന്നാല്‍, 61-ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തി. ഉറുഗ്വായ് ഗോള്‍ കീപ്പര്‍ മുസ്‌ലേരിയ്ക്ക് പിഴച്ചു. ഉറുഗ്വായ് ആരാധകര്‍ കണ്ണീരണിയാന്‍ തുടങ്ങി.

മത്സരത്തിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി. തോല്‍വിയറിയാതെ ക്വാര്‍ട്ടര്‍ വരെ എത്തിയവര്‍ നിഷ്‌നിയില്‍ വീണുപോകുന്നു!!! കാല്‍പന്തിനെ ജീവനോളം സ്‌നേഹിച്ച ഉറുഗ്വായ് ആരാധകര്‍ക്ക് അത് സഹിക്കാന്‍ കഴിയില്ലായിരുന്നു. അവരുടെ കണ്ണീരാണ് എല്ലാ ക്യാമറകളിലും പതിഞ്ഞത്. ഫ്രാന്‍സിന്റെ കടുത്ത ആരാധകരെ പോലും വേദനിപ്പിച്ച കാഴ്ചയായിരുന്നു അത്.

അതെ, കാല്‍പന്തിനെ ജീവനാക്കിയവരുടെ ലോകത്ത് ഇൗ കാഴ്ച അപൂര്‍വ്വമൊന്നുമല്ല…എങ്കിലും ഉള്ളുലക്കുന്ന ഈ കാഴ്ച മൈതാനത്ത് അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്ന ആ കൊച്ചുപന്തിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ കഥ പറയുന്നു…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here