Advertisement

17-ാം നാള്‍ പുതുജീവന്‍; ഒരേ മനസോടെ കാത്തിരുന്ന് ലോകം

July 10, 2018
Google News 0 minutes Read

ലോകം മുഴുവന്‍ ഒരേ മനസോടെ കാത്തിരുന്ന നാളുകള്‍…ആ കുരുന്ന് ജീവനുകള്‍ അവരുടെ മാതാപിതാക്കള്‍ക്കും ബന്ധുമിത്രങ്ങള്‍ക്കും മാത്രമല്ല ഈ ലോകം മുഴുവനും വിലപിടിപ്പുള്ളതായിരുന്നു. ഒരേ മനസോടെ കാത്തിരുന്നു…കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചു…ഒടുവില്‍ ആ വാര്‍ത്ത പുറത്തുവന്നു; “അവരെല്ലാം സുരക്ഷിതര്‍…ഒരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ അനുവദിക്കാതെ എല്ലാവരും വെളിച്ചം കണ്ടിരിക്കുന്നു…”

ജൂണ്‍ 23 നാണ് വൈല്‍ഡ് ബോര്‍ഡ് എന്ന ഫുട്‌ബോള്‍ ടീമിലെ 12 കുട്ടിതാരങ്ങളും അവരുടെ 25 വയസുള്ള കോച്ചും തായ് ഗുഹയില്‍ അകപ്പെടുന്നത്. ഗുഹ സന്ദര്‍ശിക്കാന്‍ കയറിയതാണ് ഇവര്‍. അതിന് മുന്‍പും അവര്‍ ഒരുമിച്ച് ആ ഗുഹയ്ക്കുള്ളില്‍ കയറിയിട്ടുണ്ട്. അപകടമൊന്നും കൂടാതെ പുറത്തിറങ്ങിയിട്ടുമുണ്ട്. എന്നാല്‍, ഇത്തവണ വിധി അവര്‍ക്ക് പ്രതികൂലമായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഗുഹയ്ക്കുള്ളില്‍ കയറിയവര്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ അപകടത്തിലായി. ഗുഹയ്ക്കുള്ളിലേക്ക് വെള്ളം ഇരമ്പിയെത്തി. 12 കുട്ടികളുടെയും അവരുടെ കോച്ചിന്റെയും കണ്ണുകളില്‍ ഇരുട്ട് മൂടി. ഇനി വെളിച്ചം കാണില്ലെന്ന് പോലും അവര്‍ മനസില്‍ കരുതിയ നാളുകള്‍.

ഗുഹയ്ക്ക് വെളിയില്‍ കുട്ടികളുടെ ഷൂസും ഫുട്‌ബോളും സൈക്കിളും കണ്ടെത്തിയതോടെയാണ് പ്രദേശവാസികള്‍ ഗുഹയ്ക്കുള്ളില്‍ ചിലര്‍ കുടുങ്ങിയിട്ടുണ്ടെന്ന് മനസിലാക്കുന്നത്. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനസംഘത്തിന് ഒന്‍പത് ദിവസങ്ങള്‍ വേണ്ടി വന്നു. അത്ര ദുര്‍ഘടമായിരുന്നു ആ ഗുഹ!! ഒടുവില്‍ ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം 12 കുട്ടികളും അവരുടെ കോച്ചും എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചു. അപ്പോഴും, കടമ്പകള്‍ ഏറെ ബാക്കി. അവരെ പുറത്തെത്തിക്കുക എന്നത് വളരെ ദുഷ്‌കരമാണെന്ന് വിദഗ്ധര്‍ അടക്കമുള്ളവര്‍ വിലയിരുത്തി. ലോകം പ്രാര്‍ത്ഥനയോടെ തായ് ഗുഹയിലേക്ക് ഉറ്റുനോക്കി.

ബ്രിട്ടന്‍, അമേരിക്ക എന്നിവടങ്ങളില്‍ നിന്ന് 90 ഓളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് അണിചേര്‍ന്നത്. ഏത് പ്രതിസന്ധിയും തരണം ചെയ്ത് ആ കുരുന്നു ജീവനുകളെ വെളിച്ചം കാണിക്കണമെന്ന് രക്ഷാപ്രവര്‍ത്തത്തിനായി എത്തിയ സംഘം തീരുമാനിച്ചു. പുറത്ത് മഴയൊന്ന് ശക്തമായി പെയ്താല്‍ രക്ഷാപ്രവര്‍ത്തകരുടെ ജീവനുകള്‍ക്ക് പോലും ഭീഷണിയാകും. എങ്കിലും, പ്രതീക്ഷ കൈവിടാതെ അവര്‍ ഒന്നിച്ച് നിന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഒരാള്‍ ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ രക്ഷാപ്രവര്‍ത്തനമാണ് ഒടുവില്‍ ആ 13 പേരെയും വെളിച്ചത്തിലേക്ക് ആനയിച്ചത്.

ഞായറാഴ്ചയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ദിനം നാല് കുട്ടികളെ പുറത്തെത്തിച്ചു. ലോകം മുഴുവന്‍ പ്രതീക്ഷയോടെ ബാക്കിയുള്ളവര്‍ക്കായി കാത്തിരുന്നു…രണ്ടാം ദിനമായ തിങ്കളാഴ്ചയും നാല് പേരെ പുറത്തെത്തിച്ചു. കോച്ച് അടക്കമുള്ള മറ്റ് അഞ്ച് പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. നാല് മാസം കൊണ്ട് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും മഴ മാറി നിന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ വാര്‍ത്തകളാണ് പിന്നീട് പുറത്ത് വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here