‘തീയണച്ച’ വിജയാഘോഷം; കാണാതെ പോകരുത് ഈ രംഗങ്ങള്‍
ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ക്രൊയേഷ്യ ടീം ഒരുങ്ങി കഴിഞ്ഞു. രാത്രി 11.30 നാണ് നിര്‍ണായക മത്സരം. അതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ ക്രൊയേഷ്യയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ശ്രദ്ധ നേടുന്നത്. ക്രൊയേഷ്യയിലെ അഗ്നിശമന ജീവനക്കാരാണ് ഈ വീഡിയോയിലെ മിന്നും താരങ്ങള്‍.
റഷ്യ – ക്രൊയേഷ്യ ക്വാര്‍ട്ടര്‍ മത്സരം അഗ്നിശമനസേനയുടെ സ്ഥാപനത്തിലിരുന്ന് വീക്ഷിക്കുകയായിരുന്നു ജീവനക്കാര്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ റഷ്യയെ കീഴടക്കിയത്. ക്രൊയേഷ്യയുടെ ചുവപ്പും വെള്ളയും നിറമുള്ള ജഴ്‌സിയണിഞ്ഞ് അഗ്നിശമനസേന ജീവനക്കാര്‍ മത്സരം കാണുകയായിരുന്നു. ഇവാന്‍ റാക്ടിച്ചിന്റെ അവസാന ഷോട്ട് വലയിലെത്തിയാല്‍ ക്രൊയേഷ്യ വിജയികളാകും. അവാസന ഷോട്ടിനായി റാക്ടിച്ച് എത്തുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ മത്സരത്തിന് വിധി കുറിക്കപ്പെടും. എല്ലാവരും ടെലിവിഷനിലേക്ക് കണ്ണും നട്ട് ഇരിക്കുന്നു. ആ സെക്കന്‍ഡിലാണ് എവിടെയോ അപായം സംഭവിച്ചിട്ടുള്ളതായി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് ലഭിക്കുന്നത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രം കാത്തുനിന്നാല്‍ ക്രൊയേഷ്യയുടെ വിധി എന്താകുമെന്ന് അറിയാം. എന്നിട്ട് പോലും ആ ജീവനക്കാര്‍ അതിന് കാത്തുനിന്നില്ല. അപായ സൂചന അറിഞ്ഞതും ജാക്കറ്റും മറ്റ് സാമഗ്രികളുമായി അവര്‍ വാഹനത്തിലേക്ക് കയറി. ഇവാന്‍ റാക്ടിച്ചിന്റെ വിജയ ഗോള്‍ കാണാന്‍ പോലും അവര്‍ കാത്തുനിന്നില്ല. ഈ രംഗങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയ വഴി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here