Advertisement

പഴയ വസ്ത്രങ്ങള്‍ കളയരുത്; ഷാനവാസിന്റെ വസ്ത്രബാങ്കുണ്ട്

July 19, 2018
Google News 1 minute Read
shanavas

എല്ലാവരുടേയും വീട്ടിലുണ്ടാകും, ഉപയോഗിക്കാത്ത ഒരുപാട് പഴയ വസ്ത്രങ്ങള്‍. ചിലത് കീറി പറിഞ്ഞാലും കളയാന്‍ തോന്നില്ല, ചിലര്‍ക്ക് അത്രയേറെ വൈകാരികമായ അടുപ്പമുണ്ടാകും അവയോട്. എന്നാല്‍ അവ മാത്രമാണോ നമ്മുടെയൊക്കെ വീടുകളിലെ അലമാരികളില്‍ ഉള്ളത്? അല്ല,  ഒരിക്കല്‍ ഇട്ടത്, ഒരിക്കല്‍ പോലും ഇടാത്തത്, പാകമല്ലാത്തത്, ഇഷ്ടമല്ലാത്തത്  അങ്ങനെ എത്രയെത്ര ‘കാറ്റഗറികളിലെ’ വസ്ത്രങ്ങളാണ് അലമാരികളില്‍ കുത്തി നിറഞ്ഞിരിക്കുന്നത്. ആര്‍ക്കും പ്രയോജനപ്പെടാതെ സ്ഥലവും മെനക്കെടുത്തി എന്തിനാണ് നമ്മള്‍ അവയെ അവിടെ അങ്ങനെ തന്നെ സൂക്ഷിച്ചിരിക്കുന്നത്? ഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത ഈരുകളും കുടുംബങ്ങളേയും സാക്ഷി നിറുത്തിയാണ് നമ്മുടെ അലമാരകള്‍ ഇങ്ങനെ വീര്‍ത്ത് വീര്‍ത്ത് വരുന്നതെന്ന് ഓര്‍ക്കണം.


ഷാനവാസിനെ അറിയണം

ഇനി അതൊക്കെ കൊണ്ട് പോയി വിതരണം ചെയ്യാനുള്ള പ്രയാസം കൊണ്ടാണോ അവ കുമിഞ്ഞ് കൂടുന്നത്. എന്നാല്‍ നിങ്ങള്‍ക്കൊരാളെ പരിചയപ്പെടുത്താം. പേര് ഷാനവാസ്, എറണാകുളം പറവൂര്‍ സ്വദേശി ഷാനവാസ്. ആവശ്യമുള്ളവര്‍ക്ക് വസ്ത്രം എത്തിച്ച നല്‍കാന്‍ വസ്ത്ര ബാങ്ക് എന്ന ആശയത്തിന് ജീവന്‍ നല്‍കിയിരിക്കുകയാണ് ഈ യുവാവ്. തെരുവുകളിൽ അലഞ്ഞവരെ പുനരധിവസിപ്പിക്കുന്ന സ്​ഥാപനങ്ങൾ, അഗതിമന്ദിരങ്ങള്‍, ആദിവാസി ഉൗരുകള്‍ അങ്ങനെ നിരവധിയിടങ്ങളില്‍ വസ്ത്രം ആവശ്യമുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ഷാനവാസ്. വസ്ത്രം ശേഖരിക്കുന്നതും ഷാനവാസ് നേരിട്ടെത്തിയാണ്. ഭാര്യ നജാത് ഹാനും  ഒപ്പമുണ്ട്. ഒരുപാട് പഴകാത്ത വസ്ത്രങ്ങളാണ് ഷാനവാസ് സ്വീകരിക്കുന്നത്. കഴുകി തേച്ചാണ് വസ്ത്രങ്ങള്‍ ഏല്‍പ്പിക്കേണ്ടത്. തീരെ ഉപയോഗ ശൂന്യമായവ ഒഴിവാക്കാം.

ഡ്രസ് ബാങ്ക് തുടങ്ങുന്നു

ആറ് മാസം മുമ്പാണ് ഇത്തരം ഒരു ആശയത്തിന് ഷാനവാസ് രൂപം നല്‍കുന്നത്. നേരത്തെ പല ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഷാനവാസ്.  എന്നാല്‍ സാമൂഹിക പ്രവര്‍ത്തനം എന്ന പേരില്‍ മുന്നിട്ടിറങ്ങുന്ന പലരും അവര്‍ ശേഖരിക്കുന്ന വസ്ത്രങ്ങളില്‍ നല്ലത് മറിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ ആശയം തനിച്ച് നടത്താന്‍ താന്‍ തീരുമാനിച്ചതെന്ന് ഷാനവാസ് പറയുന്നു. ആദിവാസികളുടെ ഉൗരുകളിലേക്കാണ് ഷാനവാസ് പ്രധാനമായും വസ്ത്രങ്ങള്‍ എത്തിക്കുന്നത്.

ആയുര്‍വേദ തെറാപ്പിസ്റ്റായ ഷാനവാസ് പച്ച മരുന്നുകള്‍ക്കായി കാടുകള്‍ കയറിപ്പോഴാണ് അവിടെയുള്ള ജീവിതങ്ങളെ അടുത്തറിയുന്നത്. അതിന് ശേഷം  ഷാനവാസിന്റെ ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവരെ ലക്ഷ്യം വച്ചായി. ഓരോ ഊരിലേയും കടുംബങ്ങളുടെ കൃത്യമായ എണ്ണം ഷാനവാസിന്റെ കയ്യിലുണ്ട്. അത് അനുസരിച്ച് തനിയ്ക്ക് ലഭിക്കുന്ന വസ്ത്രങ്ങള്‍ വിതരണം ചെയ്യും. വസ്ത്രങ്ങള്‍ മാത്രമല്ല, ബെഡ്ഷീറ്റുകള്‍, കര്‍ട്ടനുകള്‍ അങ്ങനെയെല്ലാം ഊരില്‍ ഉള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന് ഷാനവാസ് പറയുന്നു.

ഇനി റൈസ് ബാങ്കും
ഡ്രസ് ബാങ്ക് പോലെ റൈസ് ബാങ്ക് പദ്ധതി കൂടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഷാനവാസ്. ഒരു വീട്ടില്‍ നിന്ന് ഒരു പിടി അരി എന്നതാണ് റൈസ് ബാങ്കിന്റെ ആശയം.  ഇങ്ങനെ മാറ്റി വയ്ക്കുന്ന അരി ഷാനവാസ് തന്നെ നേരിട്ടെത്തി ഏറ്റെടുക്കുകയും ഊരുകളില്‍ വിതരണം ചെയ്യും.  ആഴ്ചാവസാനമോ മാസാവസാനമോ  റൈസ് ബാങ്കിലെ അരി ശേഖരിക്കുന്നതിനായി വീടുകളില്‍ എത്താനാണ് ഷാനവാസ് തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി തന്നെ  റേഷനരി വാങ്ങാത്ത കുടുംബങ്ങളില്‍ നിന്ന് ആ അരി ശേഖരിച്ച് വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.  ചെയ്ത് ഒരു പഞ്ചായത്തില്‍ നിന്ന ആയിരത്തോളം കുടുംബങ്ങളുണ്ടെന്ന് ഷാനവാസ് പറയുന്നു. ഒരു വീട്ടില്‍ നിന്ന് ഏറ്റവും കുറഞ്ഞത് അഞ്ച് കിലോ അരി ലഭിച്ചാല്‍ ഈ പദ്ധതി വിജയമാകുമെന്ന് ഷാനവാസ് പറയുന്നു.

പണമായി ഒരു പണം പോലും സ്വീകരിക്കുന്നില്ല

തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആരില്‍ നിന്നും  ഒരു രൂപപോലും ഷാനവാസ് പിരിക്കുന്നില്ല. പരിമിതമായ സൗകര്യങ്ങളുള്ള സ്വന്തം വീട്ടിലാണ് വിതരണം ചെയ്യാനുള്ള തുണി സൂക്ഷിച്ച് വയ്ക്കുന്നത്. റൈസ് ബാങ്ക് തുടങ്ങുമ്പോള്‍ അരി എവിടെ സൂക്ഷിക്കുമെന്ന ആശങ്കയും ഈ ചെറുപ്പക്കാരനുണ്ട്. അതിനായി ഒരു മുറി വാടകയ്ക്ക് എടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
സ്ക്കൂളുകളും കോളേജുകളുമായി ചേര്‍ന്ന് അവിടെ പഠിക്കുന്ന കുട്ടികളില്‍ സാമൂഹിക പ്രവര്‍ത്തനത്തിന്റെ നല്ലപാഠങ്ങള്‍ പകര്‍ന്ന് കൊടുക്കാനും ഷാനവാസിന് ആഗ്രഹമുണ്ട്. മാസത്തില്‍ ഒരിക്കല്‍ ഒരു പൊതി ചോറ് അധികം കൊണ്ട് വന്ന് സ്ക്കൂളിന്റെ സമീപത്തുള്ള ആവശ്യക്കാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ കൈകള്‍ വഴി തന്നെ എത്തിക്കാനാണ് ഷാനവാസിന്റെ ആഗ്രഹം. കൗമാരക്കാരായ കുട്ടികളില്‍ ഇത്തരം  ഒരു പ്രവര്‍ത്തികൊണ്ട് ഉണ്ടാകുന്ന മാനസികമായ മാറ്റം വളരെ വലുതാണെന്ന് ഷാനവാസ് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ 9744497978 ഷാനവാസിനെ നേരിട്ട് വിളിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here