ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി: കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നുവെങ്കിലും മറ്റൊരു സഭയിലെ പ്രശ്നമായതിനാലാണ് ഇടപെടാതിരുന്നത്. മേലധികാരികളെ അറിയിക്കാന്‍ ഉപദേശിച്ചതായും കര്‍ദിനാള്‍ മൊഴി നല്‍കി.
വൈകിട്ടോടെ സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസ് മൗണ്ടിലെത്തിയാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്തിയത്. ഒന്നര മണിക്കൂറോളമെടുത്താണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയത്.
കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നുവെന്ന് കര്‍ദിനാള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതീവ രഹസ്യ സ്വഭാവമുള്ളതെന്ന് കാണിച്ചാണ് പരാതി കിട്ടിയത്. അതിനാലാണ് പുറത്ത് പറയാതിരുന്നത്. മഠത്തിലെ ചില തർക്കങ്ങളും മറ്റ് വിഷയങ്ങളും ആണ് കന്യാസ്ത്രീ പറഞ്ഞത്. ലൈംഗിക പീഡനം പരാതിയില്‍ ഉന്നയിച്ചിരുന്നില്ലെന്നും കര്‍ദിനാള്‍ മൊഴി നല്‍കി.
എന്നാല്‍, ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീയില്‍ പരാതി ലഭിച്ചിട്ടില്ലെന്ന കര്‍ദിനാളിന്റെ വാദം പച്ചകള്ളമാണെന്ന് ഉറപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ചോദ്യം ചെയ്യലില്‍ കന്യാസ്ത്രീ പീഡനപരാതി തന്നിട്ടില്ല എന്നായിരുന്നു കര്‍ദിനാള്‍ മൊഴി നല്‍കിയത്. ജൂലൈ മാസത്തില്‍ കൊടുത്ത പരാതിയെ തുടര്‍ന്ന് നവംബര്‍ മാസത്തില്‍ കന്യാസ്ത്രീ കര്‍ദിനാളിനെ നേരിട്ടു കണ്ട് പീഡന പരാതി വിവരിച്ചതായി പറയുന്നു. അന്നും കന്യാസ്ത്രീ ബിഷപ്പിനെതിരായ പരാതി കര്‍ദിനാളിന് നല്‍കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ജലന്ധറില്‍ നിന്ന് കത്തു വന്നപ്പോള്‍ നേരിട്ട് ടെലിഫോണ്‍ വഴി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് കര്‍ദിനാള്‍ പ്രതിരോധത്തിലായത്. താന്‍ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ കര്‍ദിനാളിനോട് ഫോണ്‍ സഭാഷണത്തില്‍ പറയുന്നുണ്ട്. പരാതി തന്റെ കയ്യില്‍ ഭദ്രമാണെന്നും കര്‍ദിനാള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here