ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍; മോദിയെ ആശ്ലേഷിച്ച് രാഹുല്‍ (വീഡിയോ)

ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നാടകീയ രംഗങ്ങള്‍. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് പ്രസംഗിച്ച രാഹുല്‍ ഗാന്ധി മോദിയെ കടന്നാക്രമിച്ചു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിന് ശേഷം ലോക്‌സഭ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങള്‍ക്ക്.

മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച ശേഷം പ്രസംഗം അവസാനിപ്പിച്ച രാഹുല്‍ പ്രധാനമന്ത്രിയുടെ സമീപത്തെത്തി കെട്ടിപ്പിടിക്കുകയും കുശലം പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സീറ്റിനരികിലെത്തിയായിരുന്നു രാഹുലിന്റെ സ്‌നേഹപ്രകടനം. ഇത്രനേരം ഞാന്‍ നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍, വ്യക്തിപരമായി നിങ്ങളോട് വിരോധമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ്. എന്നെ നിങ്ങള്‍ക്ക് അധിക്ഷേപിക്കാം. എന്നാല്‍, ഞാന്‍ നിങ്ങള്‍ക്കെതിരായി വിദ്വേഷത്തിന്റെ ഒരു വാക്ക് പോലും പറയുന്നില്ല. അതല്ല കോണ്‍ഗ്രസ് സംസ്‌കാരം. ഞങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ഭാഷ മാത്രമേ പറയാനുള്ളൂ…എന്ന് പ്രസംഗിച്ച് നിര്‍ത്തിയ ശേഷമായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം.

മോദിയുടെ ഇരിപ്പിടത്തില്‍ എത്തിയ ശേഷം രാഹുല്‍ പ്രധാനമന്ത്രിയ്ക്ക് ഹസ്തദാനം നടത്തി. അതിന് ശേഷം മോദിയെ പോലും വിസ്മയിപ്പിച്ച് രാഹുലിന്റെ ആശ്ലഷനവും. ആദ്യമൊന്ന് ഗൗരവം പിടിച്ച പ്രധാനമന്ത്രി പിന്നീട് ചിരിച്ചുകൊണ്ട് രാഹുലിനോട് കുശലം പറയുകയും ചെയ്തു. രാഹുലിന്റെ സ്‌നേഹപ്രകടനം കണ്ട സ്പീക്കര്‍ സഭയില്‍ നാടകം വേണ്ടെന്ന് റൂളിംഗ് ചെയ്തു. പ്രധാനമന്ത്രിയെ ആശ്ലഷിച്ച ശേഷം തന്റെ സീറ്റിലേക്ക് തിരിച്ചെത്തിയ രാഹുല്‍ കണ്ണിറുക്കി ചിരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top