വെളുത്ത കുട്ടികൾക്ക് 50 രൂപ കൊടുക്കുമ്പോൾ കറുത്ത അവന് കിട്ടുന്നത് 20 രൂപ; ആരും കാണാതെ മേശയുടെ അടിയിലിരുന്ന് കരയുമ്പോൾ അവന് പ്രായം 6 വയസ്സ്

shinu shyamalan post on racism

ലോകം എത്ര പുരോഗമിച്ചിട്ടും ഇന്നും തൊലിനിറത്തിന്റെ പേരിൽ അകറ്റി നിർത്തപ്പെട്ട ഒരു കൂട്ടം നമുക്കുചുറ്റും ജീവിക്കുന്നുണ്ട്. തൊലി കറുത്തവനെ മനം കറുത്തവർ വിളിക്കുന്നത് ‘കറുമ്പാ, കരി’ തുടങ്ങിയ വാക്കുകൾ. ഇത്തരം വിളികളിലൂടെ നാം അവരുടെ മനസ്സിലേൽപ്പിക്കുന്ന മുറിവുകൾ എത്ര കാലം കഴിഞ്ഞാലും മായില്ല. മാത്രമല്ല കുഞ്ഞുനാളിലെ മുതൽ കറുത്തതാണ് എന്ന ഒറ്റക്കാരണം കൊണ്ട് മാറ്റി നിർത്തപ്പെട്ടു വളരുന്ന കുട്ടികളുടെ ഉള്ളിലെ നൊമ്പരം ചിന്തിക്കാനാകുന്നതിലും അപ്പുറമാണ്. അത്തരമൊരു അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇന്ന് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ഡോക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഷിനു ശ്യാമളനാണ് തന്റെ കൂട്ടുകാരന്റെ അനുഭവം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കുടുംബത്തിലെ കറുത്ത ഏക വ്യക്തിയായിരുന്നു ഈ സുഹൃത്ത്. അതുകൊണ്ട് തന്നെ കുഞ്ഞുനാളിലെ കടുത്ത അവഗണനയാണ് കുട്ടിക്ക് നേരിടേണ്ടി വന്നത്. കുടുംബത്തിലെ മറ്റ് കുട്ടികൾക്കെല്ലാം വിഷുകൈനീട്ടമായി 50 രൂപ മുത്തശ്ശൻ നൽകുമ്പോൾ കറുത്ത ഇവന് നൽകിയിരുന്നത് 20രൂപയാണ്. കറുമ്പാ എന്ന വിളി നെഞ്ചിൽ കത്തി ആഴ്ന്നിറങ്ങിയതു പോലുള്ള മുറിവുകൾ ഉണ്ടാക്കിയിരുന്നുവെന്നും ആരും കാണാതെ മേശയുടെ അടിയിലിരുന്ന് അവൻ കരയുമായിരുന്നുവെന്നും പോസ്റ്റിൽ കുറിക്കുന്നു.

ഇന്നും വെളുത്ത കുട്ടിക്കായി വീടുകളിൽ ഗർഭിണിയായ സ്ത്രീകൾക്ക് കുങ്കുമപ്പൂവും മറ്റ് മരുന്നുകളും നൽകാറുണ്ടെന്നും വിദ്യാസമ്പന്നർ ആണെങ്കിലും കുട്ടികളുടെ നിറത്തിന്റെ കാര്യത്തിൽ ആശങ്കയാണെന്നും പോസ്റ്റിൽ പറയുന്നു. വരും തലമുറയിലെങ്കിലും ജാതി-മത-വർണ്ണ വിഷം തുപ്പുന്ന ചിന്തകളുടെ തുടർക്കഥയാകാതെയിരിക്കട്ടെയെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :

“ടാ കറുമ്പ, ” എന്ന വിളി അവന്റെ നെഞ്ചിൽ കത്തി ആഴ്ന്നിറങ്ങിയ പോലെ മുറിവുകൾ ഉണ്ടാക്കിയിരുന്നു. ആരും കാണാതെ മേശയുടെ അടിയിലിരുന്നു അവൻ കരയുമ്പോൾ അന്ന് അവന് 6 വയസ്സ്.

അച്ഛൻ അവനെ കാണാതെ, പതിവുപോലെ ആ മേശയുടെ അടിയിൽ ചെന്ന് നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അവനിരിപ്പുണ്ടാകും.

ഓർമ്മ വെച്ച കാലം മുതൽ കറുമ്പനെന്നും, ജാതിപ്പേര്‌ വിളിച്ചും അവനെ കളിയാക്കിയത് സ്വന്തം അച്ഛന്റെ ചേട്ടന്റെയേയും അനിയന്റെയും മക്കളായിരുന്നു. കൂടാതെ സ്കൂളിൽ വെച്ചു കൂട്ടുകാരും.

എന്റെ കൂട്ടുകാരന്റെ ജീവിത അനുഭവമാണത്. അച്ഛൻ ഉയർന്ന ജാതിയും, അമ്മ താഴ്ന്ന ജാതിയിലെ സ്ത്രീയുമായപ്പോൾ മേൽജാതിയിലെ ജാതിവിഷം മുഴുവൻ അവർ അവന്റെ മേൽ കാർക്കിച്ചു തുപ്പി.

വിഷു കൈനീട്ടം വാങ്ങുമ്പോൾ അവന് മാത്രം ചുവന്ന കളറിൽ ഉള്ള നോട്ട്. അവന് കിട്ടിയത് 20 രൂപ നോട്ട്. മറ്റ് വെളുത്ത നിറമുള്ള കൊച്ചുമക്കൾക്ക് മുത്തശ്ശൻ 50 രൂപ നോട്ടും കൊടുത്തു. അന്ന് 6 വയസ്സിൽ അവന് അതൊന്നും മനസിലായില്ല. എല്ലാവർക്കും 50 രൂപ കിട്ടിയപ്പോൾ കുടുംബത്തിലെ ഏക കറുത്ത സന്തതിയ്ക്ക് 20 രൂപ നോട്ട്.

അവന്റെ ചേച്ചിയാണ് അന്നാ സത്യം മനസിലാക്കിയതും അവന്റെ വീട്ടിൽ ആ കാര്യം പറഞ്ഞതും. അപ്പോഴേയ്ക്കും അനേകം വിഷു കഴിഞ്ഞു പോയിരുന്നു.

ഇപ്പോഴും ആ കുടുംബ വീട്ടിലെ മേശയുടെ അടിയിൽ അവന്റെ കണ്ണുനീർ തളം കെട്ടി കിടപ്പുണ്ടാകും.

പ്രിയ സുഹൃത്തേ, നീ കറുത്തിരുന്നാലും, നിന്റെ ചങ്ക് സ്വർണ്ണപകിട്ടാണ്. ജാതിയുടേയും, മതത്തിന്റെയും വിഷം ജനിക്കുമ്പോൾ തന്നെ കുട്ടികളിൽ പോലും നമ്മുടെ വീടുകളിൽ കുത്തിനിറയ്ക്കുന്നു.

എന്തിന് എന്റെ കാര്യം തന്നെ ഞാൻ ഓർക്കുന്നു. എന്റെ അച്ഛനും, അമ്മയ്ക്കും, ചേട്ടനും ഉള്ളതിനേക്കാൾ കുറവ് നിറമാണ് എനിക്ക്. അതിനും പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട് “നീ എന്തേ എത്ര കറുത്തു പോയതെന്ന്?” അന്ന് ഞാൻ കുഞ്ഞു ആയിരുന്നു. അതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നി.

ഇന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ നല്ല ചുട്ട മറുപടി തന്നെ കൊടുക്കും. കാരണം തൊലിയുടെ നിറം നോക്കി വേർതിരിവ് കാണിക്കാൻ ഞാൻ പഠിച്ചിട്ടില്ല. ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ്.

ഇന്നും വീടുകളിൽ പോലും ഒരു സ്ത്രീ ഗർഭിണി ആയിരിക്കുമ്പോൾ കുങ്കുമപ്പൂവ് വാങ്ങി പാലിൽ കൊടുത്തു തുടങ്ങും. അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ഒക്കെ മരുന്ന്. എന്തിനാണെന്നോ ഉണ്ടാകുന്ന കുഞ്ഞു വെളുത്തിരിക്കാൻ.

ഒരു കുഞ്ഞു ഉണ്ടായി കഴിഞ്ഞും അമ്മയ്ക്ക് മരുന്നും മറ്റും വീണ്ടും കൊടുക്കും,കൂടാതെ കുട്ടിയ്ക്ക് വെളുക്കുവാൻ വേണ്ടി പലതരം എണ്ണ വാങ്ങി തേക്കുന്നവരും ഉണ്ട്.

വിവാഹത്തിന് പോലും നിറം ഒരു മനാദണ്ഡമാണ്. പരിഷ്കൃത സമൂഹം തന്നെ!!

വിദ്യാസമ്പന്നർ ആണെങ്കിലും കുട്ടികളുടെ നിറത്തിന്റെ കാര്യത്തിൽ നമുക്കു ഇപ്പോഴും ആശങ്കയാണ്. “എടി, കൊച്ചിന് എന്റെ നിറം കിട്ടുമോ? ഞാൻ കറുത്തല്ലേ?” എന്ന് പോലും നമ്മളിൽ പലരും ചോദിച്ചിട്ടുണ്ടാകും.

എന്തിന് വെളുത്ത ദമ്പതികൾക് കറുത്ത നിറത്തിലുള്ള കുട്ടിയോ, അല്ലെങ്കിൽ നേരെ തിരിച്ചോ ഉണ്ടായാൽ പോലും പരിഹസിക്കുന്ന ഒരു സമൂഹം നമുക്കുണ്ട്. കുട്ടി അവരുടേത് തന്നെയാണോ എന്ന് രഹസ്യമായി കളിയാക്കുന്ന ഒരു സമൂഹം.

ഇനിയെങ്കിലും വരും തലമുറയിലെങ്കിലും വർഗ്ഗീയതയും, ജാതിമതവർണ്ണ വിഷം തുപ്പുന്ന ചിന്തകളും നാം നമ്മിലൂടെ പകർന്ന് കൊടുക്കുന്ന പാരമ്പര്യം ഒരു തുടർക്കഥയാകാതെയിരിക്കട്ടെ.

DrShinu Syamalan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top