Advertisement

കീഴാറ്റൂര്‍ ബൈപ്പാസ്; കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന് കോടിയേരിയും സുധാകരനും

August 3, 2018
Google News 0 minutes Read

കീഴാറ്റൂർ വിഷയത്തിലെ കേന്ദ്ര നിലപാട് പ്രതിഷേധാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫെ‍ഡറൽ ഘടനയെ തകർക്കാനാണ് കേന്ദ്രശ്രമം. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാന സർക്കാരിനെ ചർച്ചയ്ക്ക് വിളിക്കാത്തത്. വികസനത്തിനെതിരായ സമരത്തെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയക്കളിയാണിതെന്നും കോടിയേരി പറഞ്ഞു.

കീഴാറ്റൂർ ദേശീയപാത വിഷയത്തിൽ കേന്ദ്ര സർക്കാർ മലർന്ന് കിടന്ന് തുപ്പുന്നുവെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയ പാത വികസനം പൂർത്തിയാക്കരുതെന്ന് കേന്ദ്രത്തിന് ലക്ഷ്യമുണ്ടോ എന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. കീഴാറ്റൂർ അലൈൻമെന്റ് ദേശീയപാത അതോറിറ്റി കണ്ടെത്തിയതാണ്. അല്ലാതെ സംസ്ഥാന സർക്കാർ നിർദേശമല്ല. കീഴാറ്റൂരിലൂടെയെ റോഡ് നിർമിക്കാവൂ എന്ന് സംസ്ഥാനത്തിന് നിർബന്ധമില്ല. കീഴാറ്റൂരിലൂടെയായാൽ നഷ്ടം കുറയും എന്നേ ഉള്ളൂവെന്നും ജി. സുധാകരന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കണ്ണൂരിലെ കീഴാറ്റൂരില്‍ ബൈപ്പാസിന് ബദല്‍പാത നിര്‍മ്മിക്കുന്നതിന്‍റെ സാധ്യതയറിയാന്‍ സാങ്കേതിക പഠനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ബദല്‍ സാധ്യതകള്‍ പരിശോധിക്കാനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സംതൃപ്തരാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം വയല്‍ക്കിളി സമരസമിതിയും പറഞ്ഞു.

കീഴാറ്റൂരില്‍ മേല്‍പ്പാലം പരിഹാരമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം യോഗശേഷം പറഞ്ഞു. അലൈന്‍മെന്റ് മാറ്റുക മാത്രമാണ് പരിഹാരം. ഇതിനുള്ള സാധ്യതകള്‍ സാങ്കേതിക സമിതി പഠനത്തിന് ശേഷം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സമരസമിതി കീഴാറ്റൂരിലെത്തി പരിശോധന നടത്തുമെന്നും ഈ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നും നിതിന്‍ ഗഡ്കരിയും വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിനെ ഉള്‍പ്പെടുത്താതെ വയല്‍ക്കിളികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here