‘പ്രിയപ്പെട്ടവളേ നിനക്കായ്’…പിന്നെ, വിമര്‍ശകര്‍ക്കും; കോഹ്‌ലിയുടെ ആഹ്ലാദപ്രകടനം വൈറല്‍ (വീഡിയോ)

ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി കവാത്ത് മറന്ന് കൂടാരം കയറിയപ്പോഴും നായകന്‍ കോഹ്‌ലി പാറപോലെ ഉറച്ച് നിന്നു. ഇംഗ്ലീഷ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും അസ്വസ്ഥരായി…അക്ഷമരായി…കോഹ്‌ലിയെ പുറത്താക്കുകയെന്നത് ബാലികേറാമലയായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ക്ക്. നിശ്ചയദാര്‍ഢ്യത്തോടെ ബാറ്റ് വീശിയ ഇന്ത്യന്‍ നായകന്‍ ഒടുക്കം ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ച്വറി തികച്ചു. എല്ലാവരും തോറ്റ് തുന്നംപാടിയ ബെര്‍മിങാമില്‍ കോഹ്‌ലി പൊന്നുംവിലയുള്ള സെഞ്ച്വറി കുറിച്ചിരിക്കുന്നു.

വിരാടിന്റെ ആഹ്ലാദപ്രകടനവും സെഞ്ച്വറി നേട്ടം പോലെ തന്നെ വ്യത്യസ്തമായി. ജീവിതപങ്കാളി അനുഷ്‌കയ്ക്ക് സമര്‍പ്പിച്ചതായിരുന്നു കോഹ്‌ലിയുടെ ബര്‍മിങാം സെഞ്ച്വറി. വിവാഹമാലയില്‍ മുത്തമിട്ട് കോഹ്‌ലി ആഘോഷിച്ചു. അനുഷ്‌കയെ ചൂണ്ടിക്കാണിച്ച് സെഞ്ച്വറി നേട്ടത്തിന്റെ ആവേശം കോഹ്‌ലി പ്രകടിപ്പിച്ചു. ക്രീസിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ നായകനെ കൂവി വരവേറ്റ ഇംഗ്ലണ്ട് ആരാധകര്‍ പോലും കയ്യടിച്ചു. വിരാട് സെഞ്ച്വറി ആഘോഷം നടത്തുമ്പോള്‍ കളി കാണുന്നവരുടെ കൂട്ടത്തില്‍ അനുഷ്‌കയും ഉണ്ടായിരുന്നു.

ഒടുവില്‍ അവസാന വിക്കറ്റായി കോഹ്‌ലി മടങ്ങുമ്പോള്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് അനുഷ്‌ക പ്രിയതമനെ വരവേറ്റത്. അനുഷ്‌ക വിരാടിന്റെ ഭാഗ്യമല്ലെന്നും അനുഷ്‌കയുടെ സാന്നിധ്യത്തില്‍ വിരാട് അലസനായ കളിക്കാരനാണെന്നും പറഞ്ഞ് അടിക്കടി വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇന്ത്യന്‍ നായകന്റെ സെഞ്ച്വറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top