തകർത്തത് രണ്ട് ഭീകരാക്രമണ ശ്രമങ്ങള്‍ ; ബോധ്ഗയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

എസ്. ശ്രീകാന്ത് / 24 എക്‌സ്‌ക്ലൂസീവ്

ബീഹാറിലെ ബോധ്ഗയയില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ച സംഘത്തിലെ നാല് ഭീകരര്‍ പിടിയിലായതായി സൂചന. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അറസ്റ്റിലായത് രണ്ടല്ല, നാല് പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം എന്‍ഐഎ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബോധ്ഗയ സ്‌ഫോടനക്കേസ് പ്രതികള്‍ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികളില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. അതേസമയം, അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഭീകരസംഘടനകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

മലപ്പുറം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ബംഗ്ലാദേശി ഭീകര സംഘടന ജമാഅത്തെ ഉള്‍ ബംഗ്ലാദേശ് അംഗങ്ങളായ നാല് പേരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇവര്‍ വെളിപ്പെടുത്തിയത്. ഭീകരാക്രമണ പദ്ധതി സംബന്ധിച്ച് വിവരം ലഭിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക സംഘം ബാംഗ്ലൂരില്‍ തങ്ങുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറി ബംഗാളിലെ ബര്‍ദ്വാന്‍, ബീര്‍ഭൂം എന്നിവിടങ്ങളില്‍ താമസമുറപ്പിച്ചവരാണ് പിടിയിലായവര്‍. സ്ഫോടന ശേഷം കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ താവളമുറപ്പിക്കുകയായിരുന്നു.

അതേസമയം അനധികൃത കുടിയേറ്റക്കാരെ ഭീകര സംഘടനകള്‍ ദുരുപയോഗിക്കുന്നുവെന്ന അന്വേഷണ ഏജന്‍സികളുടെ സംശയം ബലപ്പെടുത്തുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടന്ന വിവിധ കേസുകളില്‍ ഇവര്‍ക്കുള്ള പങ്കും അന്വേഷണ വിധേയമാക്കും. കേരളത്തില്‍ കൊച്ചി, മലപ്പുറം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, വയനാട് എന്നിവിടങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇതിനോടകം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നേരത്തെ, മറ്റൊരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്നും ഉള്‍ഫ ഭീകര സംഘടനയിലെ രണ്ട് ഉന്നത നേതാക്കളെ മിലിട്ടറി ഇന്റലിജന്‍സ് പിടികൂടിയിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് മ്യാന്‍മാര്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ വകവരുത്താനായിരുന്നു ബോധ്ഗയയില്‍ 2018 ജനുവരി 14 ന് അത്യുഗ്രശേഷിയുള്ള ഇലക്ട്രോണിക് സ്‌ഫോടക വസ്തു സ്ഥാപിച്ചത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top