Advertisement

വിടവാങ്ങിയത് ഡി.എം.കെയുടെ അമരത്വം; അധ്യക്ഷസ്ഥാനത്ത് കലൈഞ്ജറുടെ അമ്പതാം വര്‍ഷം…

August 7, 2018
Google News 1 minute Read

ഡി.എം.കെ യുടെ അമരത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയ കലൈഞ്ജര്‍ വിടവാങ്ങുമ്പോള്‍ കാവേരി ആശുപത്രിക്ക് മുന്നില്‍ കണ്ണീരൊഴുക്കി ആയിരങ്ങള്‍. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്‍ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഡി.എം.കെയ്ക്കും അത് തീരാനഷ്ടമാണ്.

അണ്ണാ ദുരൈയുടെ മരണാനന്തരം 1969 ജൂലൈ 27-നാണ് കലൈഞ്ജര്‍ ഡി.എം.കെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. 1949 ല്‍ അണ്ണാദുരൈ സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ) നെടുംതൂണും കാവല്‍ക്കാരനുമായിരുന്നു കലൈഞ്ജറെന്ന് വിളിക്കപ്പെടുന്ന മുത്തുവേല്‍ കരുണാനിധി. 1967 ല്‍ ഡി.എം.കെ അധികാരത്തില്‍ വന്നപ്പോള്‍ അണ്ണാദുരൈ ആയിരുന്നു മുഖ്യമന്ത്രി. അണ്ണാദുരൈ മരിച്ചതിനെ തുടര്‍ന്നാണ് അധികാരം കരുണാനിധിയിലേക്ക് എത്തുന്നത്.

1971 ല്‍ കരുണാനിധി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കലൈഞ്ജറുടെ ജനകീയത വര്‍ധിപ്പിച്ചു. 1971 ലെ തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ വലിയ നേട്ടമാണ് ഡി.എം.കെ കരസ്ഥമാക്കിയത്. 184 സീറ്റുകളാണ് അന്ന് പാര്‍ട്ടി നേടിയത്. ഈ ചരിത്രവിജയത്തിന് പിന്നാലെയായിരുന്നു ഡി.എം.കെ പിളര്‍ന്നത്. നാല് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് ഡി.എം.കെയെ പ്രതിരോധത്തിലാക്കി എം.ജി.ആര്‍ അണ്ണാ ഡി.എം.കെ രൂപീകരിച്ചു. അണ്ണാ ഡിഎംകെ തമിഴ്‌നാട്ടിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അപ്പോഴും ഡി.എം.കെയുടെ കടിഞ്ഞാണ്‍ കരുണാനിധിയുടെ കൈകളില്‍ ഭദ്രമായിരുന്നു.

1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ എം.ജി.ആറിന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ അധികാരത്തിലെത്തി. തുടര്‍ന്നുള്ള 12 വര്‍ഷത്തേക്ക് അണ്ണാ ഡി.എം.കെയും എംജിആറും തമിഴ്‌നാട് രാഷ്ട്രീയത്തെ മുന്നോട്ട് നയിച്ചു. 12 വര്‍ഷം അധികാരമില്ലാതിരുന്ന ഡി.എം.കെ പ്രതിരോധത്തിലായ വര്‍ഷങ്ങളായിരുന്നു അത്. എന്നാല്‍, കരുണാനിധിയുടെ നേതൃത്വത്തില്‍ ഡി.എം.കെ ശക്തിപ്പെട്ടു. 1989 ല്‍ കലൈഞ്ജര്‍ വീണ്ടും മുഖ്യമന്ത്രിയായി. 1996-2001 കാലഘട്ടത്തിലും 2006 – 2011 കാലഘട്ടത്തിലും കരുണാനിധി വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.

karunanidhi in critical condition

എന്നാല്‍, പിന്നീടുള്ള കാലഘട്ടം ഡി.എം.കെയ്ക്കും കരുണാനിധിക്കും അത്ര ഗുണകരമല്ലായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ ഒരു സീറ്റ് പോലും സ്വന്തമാക്കിയില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ ഭരണത്തുടര്‍ച്ച നേടുകയും ചെയ്തു.

ഡി.എം.കെ തളര്‍ന്നതോടൊപ്പം കലൈഞ്ജറും തളര്‍ന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങള്‍ കരുണാനിധിയെ നിരന്തരം വേട്ടയാടി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പാര്‍ട്ടിയുടെ നിയന്ത്രണം മകന്‍ സ്റ്റാലിന് നല്‍കിയപ്പോഴും സാങ്കേതികമായി കരുണാനിധി തന്നെയായിരുന്നു പാര്‍ട്ടിയുടെ അധ്യക്ഷന്‍. 1957 ലാണ് കരുണാനിധി ആദ്യമായി നിയമസഭയിലെത്തുന്നത്. 13 തവണ നിയമസഭയില്‍ അംഗമായി. ദ്രാവിഡ രാഷ്ട്രീയത്തിന് കരുണാനിധിയുടെ വിയോഗം തീരാനഷ്ടമായിരിക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here