വെള്ളിത്തിരയുടെ കലൈഞ്ചർ

ദ്രാവിഡ ആശയങ്ങൾ തമിഴ് ജനതയുടെ മനസിലേക്ക് സിനിമയിലൂടെ ഇറക്കി വച്ച ഒരു ‘സിനിമാക്കാരൻ’ കൂടിയാണ് കലൈഞ്ചറുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. സിനിമയും രാഷ്ട്രീയവും ഇടകലർന്ന തമിഴ്നാട്ടിലെ സംഭവ ബഹുലമായ ഒരു രാഷ്ട്രീയ യുഗം കൂടിയാണ് കലൈഞ്ചറുടെ മരണത്തോടെ ചരിത്രത്തിൽ ഓർമ്മയിലെ ഏടിലേക്ക് മറഞ്ഞു.
രാഷട്രീയക്കാരനെന്ന നിലയിൽ ഇന്നത്തെ പേരെടുക്കുന്നതിന് മുമ്പ് തന്നെ സിനിമയിലേക്ക് മുത്തുവേൽ കരുണാനിധിയെന്ന കരുണാനിധി എത്തിയിരുന്നു. തന്റെ ആശയങ്ങളും പോരാട്ടവുമാണ് സിനിമയുടെ രൂപത്തിൽ കരുണാനിധി സ്ക്രീനിൽ എത്തിച്ചത്. 1947ലാണ് കലൈഞ്ചറിന്റെ ആദ്യ ചിത്രം വെള്ളിത്തിരയിൽ എത്തുന്നത്, പേര് രാജകുമാരി. ജൂപ്പിറ്റർ പിക്ചറിന് വേണ്ടിയായിരുന്നു ആ തിരക്കഥ.
രാജകുമാരി വലിയ വിജയമായില്ലെങ്കിലും കരുണാനിധിയുടെ നാലാമത്തെ ചിത്രം പരാശക്തി വലിയ വിജയമായി. ശിവാജി ഗണേശന്റെ ആദ്യ ചിത്രം കൂടിയായിരുന്നു പരാശക്തി. എസ് എസ് രാജേന്ദ്രന്റെ വരവും ഈ സിനിമയിലൂടെ തന്നെയായിരുന്നു. 1952ലാണ് ചിത്രം റീലിസ് ചെയ്തത്. ബ്രാഹ്മണിസത്തെ ചോദ്യം ചെയ്യുന്നതായിരുന്നു സിനിമയുടെ കഥ. വലിയ എതിർപ്പുകൾക്കും സെൻസറിംഗ് പ്രശ്നങ്ങൾക്കും ശേഷമാണ് പടം റിലീസ് ചെയ്തത്. പണം, തങ്കരത്നം എന്നീ ചിത്രങ്ങളും കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയവയാണ്.
വിധവാ വിവാഹത്തേയും, തൊട്ടുകൂടായ്മ, മുതലാളിത്തത്തേയും, ജാതി വെറിയേയുമെല്ലാം ചോദ്യം ചെയ്യുന്ന ശക്തമായ തിരക്കഥകളായിരുന്നു കരുണാനിധിയുടെ തൂലിക തുമ്പിൽ പിറന്നത്. 1954ൽ പുറത്തിറങ്ങിയ മനോഹര എന്ന ചിത്രവും അതിലെ ശക്തമായ ഡയലോഗുകൾകൊണ്ട് പ്രേക്ഷകരെ ആകർഷിച്ചു. പെൺസിംഗം, കണ്ണമ്മ, പാസ കിളികൾ, പൂമലൈ, ഇരുവർ ഉള്ളം, മനമഗൾ എന്ന് തുടങ്ങി 75ഓളം ചിത്രമാണ് കലൈഞ്ചറുടെ തിരക്കഥയിൽ സിനിമാലോകത്തേക്ക് എത്തിയത്. 2011ൽ പുറത്തിറങ്ങിയ പൊന്നാർ ശങ്കറാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
എഴുത്ത് മാത്രമല്ല സ്ക്രീനിൽ നേരിട്ടെത്തി കരുണാനിധി പറയുന്ന നീളൻ ഡയലോഗുകൾക്കും ആരാധകരേറെ. പ്രാസം ഒപ്പിച്ച കവിതപോലുള്ള നീളൻ ഡയലോഗുകൾ മനഃപാഠമാക്കി പാടി പറഞ്ഞു ആരാധകർ. സിനിമയ്ക്ക് മുമ്പാണ് അവ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നത്. സിനിമയേക്കാൾ ആവേശത്തിൽ ആരാധകർ ആ ഡയലോഗുകൾക്കായി കാത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here