‘ദാനം’ എന്ന പേരിൽ മുപ്പത്തടം ക്യാമ്പിലേക്ക് എത്തിയത് കീറിയ വസ്ത്രങ്ങൾ

‘ദാനം’ എന്ന പേരിൽ മുപ്പത്തടം ക്യാമ്പിലേക്ക് എത്തിയത് ആയിരക്കണക്കിന് കീറിയ വസ്ത്രങ്ങൾ. ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങൾ നൽകുന്നത് വീട്ടിലെ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഒഴിവാക്കാനുള്ള അവസരമായി ചിലർ കാണുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
ക്യാമ്പിൽ വോളന്റിയറായി പോയ ചിലരാണ് ആയിരക്കണക്കിന് ഉപയോഗശൂന്യമായ വസ്ത്രങ്ങളുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കീറിയതും, പിഞ്ഞിയതും, തുളകൾ വീണതുമായ വസ്ത്രങ്ങളാണ് ഇതെന്ന് ചിത്രത്തിലൂടെ വ്യക്തമാണ്.
അവസരം മുതലെടുത്ത് വലിച്ചെറിയാൻ വെച്ചിരുന്ന കീറിയ വസ്ത്രങ്ങൾ ‘ദാനം’ എന്ന പേരിൽ ക്യാമ്പിലേക്ക് നൽകിയവർ ദയവുചെയ്ത് അത് തിരികെയെടുത്തുകൊണ്ട് പോകണം എന്നപേക്ഷിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നമുക്ക് ഉപകരിക്കാത്തത് എങ്ങനെയാണ് മറ്റുള്ളവർക്ക് ഉപകരിക്കുക എന്ന് ചിന്തിക്കുക പോയിട്ട് ക്യാമ്പുകളെ വീടുകളിലെ അനാവശ്യസാധനങ്ങൾ തള്ളാനുള്ള ഇടമായി കാണുന്നവരാണ് ഇക്കൂട്ടർ. മുപ്പത്തടം ക്യാമ്പിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ നിരവധി ക്യാമ്പുകളും സമാന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തിൽ നിന്നും കരകയറാൻ ശ്രമിക്കുമ്പോൾ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ
മതിയെന്നേ ഇക്കൂട്ടരോട് പറയാനുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here