Advertisement

ഇതാ.. തൃശ്ശൂരില്‍ നിന്ന് നേവി എയര്‍ ലിഫ്റ്റ് ചെയ്ത അമ്മയും കുഞ്ഞും; ട്വന്റിഫോര്‍ എക്സ്ക്ലൂസീവ്

August 21, 2018
Google News 0 minutes Read

അഷിതയേയും മകന്‍ ദാവീദിനേയും  ഇപ്പോള്‍ ലോകം അറിയും, ചിലപ്പോള്‍ പേര് കേട്ടാല്‍ മനസിലാകണമെന്നില്ല, പക്ഷേ അഞ്ച് മാസം പ്രായമുള്ള ഈ കുഞ്ഞിനെ നാവിക സേന എയര്‍ലിഫ്റ്റ് ചെയ്ത വീഡിയോ കാണാത്ത ആരും ഇനി ഉണ്ടാകില്ല.  ഹെലികോപ്റ്ററില്‍ നിന്ന് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് മകനെ നിറകണ്ണുകളോടെ വാങ്ങുന്ന അഷിതയുടെയുടെ മുഖവും ആരും മറക്കാനിടയില്ല. കാരണം അത്രയേറെ ശ്വാസം അടക്കിപ്പിടിച്ചാണ് നമ്മളോരുത്തരും ആ വീഡിയോ കണ്ടത്.  അന്ന് അഷിതയുടെ കണ്ണില്‍ തിളങ്ങിയത് നമ്മുളൊരോരുത്തരുടേയും കണ്ണീര്‍ തന്നെയാണ്. രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു  ജീവിതത്തിലേക്കുള്ള ഇവരുടെ തിരിച്ച് വരവ്.  ആ അനുഭവം ട്വന്റിഫോറിനോട് പങ്കുവയ്ക്കുകയാണ് അഷിത.

കൊച്ചി സ്വദേശിനിയായ അഷിതയുടെ ഭര്‍തൃവീട് തൃശ്ശൂര്‍ വൈന്തലയിലാണ്. മഴ കനത്തപ്പോള്‍ അധികൃതരുടെ ജാഗ്രതാ നിര്‍ദേശം വന്നു. ആഗസ്റ്റ് 15നാണ് ചെറിയതോതില്‍ വെള്ളം കയറി തുടങ്ങിയത്. 14ന് തന്നെ ഞങ്ങളുടെ വീട്ടില്‍ കറണ്ട് ഇല്ലായിരുന്നു. അതോടെ പുറംലോകത്ത് നടക്കുന്നതൊന്നും അറിഞ്ഞില്ല. താഴ്ന്ന പ്രദേശത്തുള്ളവര്‍ വീട് വിട്ട് പോയി അപ്പോഴും ഇത് ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ല.  വെള്ളപ്പൊക്കത്തിന്റെ ഭീകരത മനസിലായപ്പോഴേക്കും വീട്ടില്‍ വെള്ളം കയറിതുടങ്ങി. പൊക്കമുള്ള സ്ഥലത്താണ് വീട്, വീടിന്റെ പടി വരെയേ വെള്ളം കയറിയിട്ടുള്ളെങ്കിലും താഴേക്ക് ഇറങ്ങിയാല്‍ കഴുത്തൊപ്പമായിരുന്നു വെള്ളം.  രക്ഷപ്പെടാനുള്ള വഴിയിലെല്ലാം വെള്ളം നിറഞ്ഞുവെന്ന് തിരിച്ചറിഞ്ഞതോടെ ഭീതിയായി.  ഞാനും കുഞ്ഞും ഭര്‍ത്താവിന്റെ അമ്മയും അച്ഛനുമാണ് വീട്ടിലുണ്ടായിരുന്നത്.

അന്നമനട റൂട്ടെല്ലാം ബ്ലോക് ആയെന്ന് അറിഞ്ഞപ്പോഴേക്കും ആ വീട്ടില്‍ ഒറ്റപ്പെട്ട് പോയിരുന്നു. ഒരു ദിവസം വെള്ളം നിറഞ്ഞ വീട്ടില്‍ എങ്ങനെയോ കഴിച്ച് കൂട്ടി. പിറ്റേ ദിവസം വെള്ളം ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. വെള്ളം ഇറങ്ങിയില്ല, പിറ്റേ ദിവസം ഞങ്ങളുടെ പള്ളിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരെത്തി വലിയ പാത്രത്തില്‍ ഇരുത്തി കുറച്ചുകൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മറ്റൊന്നും എടുത്തില്ലെങ്കിലും കുഞ്ഞിന് ആവശ്യമായതൊക്കെ എടുത്തു. അങ്ങോട്ടുള്ള യാത്രയെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും ഭീതി ഒഴിയുന്നില്ല. കഴുത്തോളം വെള്ളം ഉണ്ടായിരുന്നു അപ്പോള്‍ വീടിന്റെ പരിസരത്ത്.  വലിയ ഒഴുക്കായിരുന്നു വലിയ വടം കെട്ടിയാണ് കുത്തൊഴുക്കുള്ള സ്ഥലത്ത് കൂടി മറ്റൊരു വീട്ടിലേക്ക് എത്തിയത്. അവിടെ ഇരുപത്തിയേഴുപേരൊളം ഉണ്ടായിരുന്നു. ജീവന്‍ തിരിച്ച് ലഭിച്ചു എന്ന് വിശ്വാസത്തിന് മേലേക്ക്  വീണ്ടും വെള്ളം കുത്തിയൊലിച്ച് വന്നു. വലിയ മരമടക്കം വെള്ളത്തില്‍ കുത്തിയൊലിച്ച് പോകുന്നുണ്ടായിരുന്നു ആ വീട്ടിന് താഴത്ത് കൂടി. ആ വീടിന്റെ ഗ്രൗണ്ട് ഫ്ലോര്‍ മുഴുവനായും മുങ്ങി. രണ്ടാം നിലയിലേക്ക് എല്ലാവരും മാറി.


വീടിനും ബലക്ഷയം ഉണ്ടാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഭയം ഇരട്ടിച്ചു. കുഞ്ഞിനെ ആലോചിച്ചായിരുന്നു പേടി. ഭര്‍ത്താവ് വിബിന്‍ വിദേശത്താണ്. പുറംലോകവുമായി ബന്ധപ്പെടാന്‍ യാതോരു വഴിയുമില്ല. മൊബൈല്‍ ഓഫാകുന്നതിന് മുമ്പ് എനിക്ക് അറിയുന്ന എല്ലാവര്‍ക്കും  ലൊക്കേഷന്‍ ഷെയര്‍ ചെയ്തിരുന്നു.  ഭയം മാത്രമായിരുന്നു എല്ലാവരുടേയും മനസില്‍. ഹെലികോപ്റ്ററിന്റെ ശബ്ദം കേക്കുമ്പോള്‍ ഞങ്ങളെല്ലാവരും ടെറസിന് മുകളിലേക്ക് വന്നു. ആ വീട്ടില്‍ നിന്നാണ് ഞങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്യുന്നത്. ഗരു‍ഡ വിംഗ് കമാന്റര്‍ ബി പ്രശാന്താണ്  എന്നെയും കുഞ്ഞിനേയും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ എത്തിയത്.  രണ്ട് പ്രാവശ്യമായാണ് എയര്‍ ലിഫ്റ്റ് ചെയ്തത്. എന്നെയാണ് ആദ്യം എയര്‍ ലിഫ്റ്റ് ചെയ്യുന്നത്. കുഞ്ഞിനെ ബന്ധുവിന്റെ കയ്യില്‍ ഏല്‍പ്പിച്ച് പോകാന്‍ മനസ് അനുവദിച്ചില്ല. ഹൃദയം നുറുങ്ങിയാണ് കുഞ്ഞിനെ ഏല്‍പ്പിച്ചത്. ഹെലികോപ്റ്ററിലെത്തിയ ശേഷം കുഞ്ഞിനെ എയര്‍ ലിഫ്റ്റ് ചെയ്യുന്നത് കാണാന്‍ താഴേക്ക് നോക്കാന്‍ എനിക്ക് ധൈര്യം ഇല്ലായിരുന്നു. കണ്ണടച്ചിരുന്നു, പ്രാര്‍ത്ഥിച്ചു.  ഹെലികോപ്റ്ററിനുള്ള ഉദ്യോഗസ്ഥരുടെ ശബ്ദം കേട്ടപ്പോഴാണ് കുഞ്ഞ് അടുത്തെത്തിയെന്ന് മനസിലായത്.  കുഞ്ഞിനെ കയ്യില്‍ കിട്ടിയപ്പോഴാണ് ജീവന്‍ തിരിച്ച് കിട്ടിയെന്ന തോന്നലുതന്നെയുണ്ടായത്. കുഞ്ഞ് ഒന്ന് കരയുക പോലും ചെയ്തില്ല, അത്രയേറെ ശ്രദ്ധയോടെയാണ് ഉദ്യോഗസ്ഥന്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചത്.


അവിടുന്ന് കൊച്ചിയിലെ നാവിക കേന്ദ്രത്തലാണ് ഞങ്ങളെ കൊണ്ട് പോയത് . വൈന്തലയില്‍ വെള്ളം ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ മാമ്പ്രത്തെ വീട്ടിലാണ് ഞങ്ങള്‍.  പിന്നെ ഞാന്‍ ഷെയര്‍ ചെയ്ത ലൊക്കേഷന്‍ അധികൃതര്‍ക്ക് എത്തിച്ച എല്ലാവരോടും നന്ദിയുണ്ട്.നേവിയോട് വലിയ നന്ദിയുണ്ട്,  മരങ്ങള്‍ക്കിടയിലൂടെ എത്തി കഷ്ടപ്പെട്ടാണ് അവര്‍ ഞങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്തത്.  ഞങ്ങളെ രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു.

കുഞ്ഞ് ദാവീദിന് ഒന്നും തിരിച്ചറിയാറായിട്ടില്ല, ഭീതിമാറാത്ത മനസുമായി  ആ അവസ്ഥ തരണം ചെയ്തതിനെ കുറിച്ച്  അമ്മ പറയുന്നതും,  ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെയാണ് തന്റെ വീഡിയോ ഇപ്പോഴും കണ്ട് കൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാതെ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുകയാണ് ദാവീദിപ്പോഴും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here