Advertisement

പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് സരസ് മേളയിലെത്തിയ അന്യസംസ്ഥാനക്കാര്‍

August 21, 2018
Google News 0 minutes Read
saras mela

ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച ദേശീയ സരസ് ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളകളില്‍ പങ്കെടുക്കാനെത്തിയ മുഴുവന്‍ സംരംഭകര്‍ക്കും പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടു.  കേന്ദ്രഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സരസ് മേളയിലേക്കാണ് ഇവരെത്തിയത്. ഓഗസ്റ്റ് 14 മുതല്‍ 23 വരെയായിരുന്നു മേള.   അഞ്ഞൂറിലേറെ ഗ്രാമീണ സംരംഭകരാണ് ഇങ്ങോട്ട് എത്തിയത്.  കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.  ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും വില്‍പ്പനയ്ക്കെത്തിച്ച ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണിവര്‍.  പണം മാത്രമല്ല, യാത്രാ രേഖകളടക്കമുള്ള രേഖകളും പ്രളയത്തില്‍ നഷ്ടപ്പെട്ടു.
മേളയില്‍ പങ്കെടുക്കാനെത്തിയ സംരംഭകരില്‍ നിന്നും ഉല്‍പന്നങ്ങളുടെയും അവയുടെ നഷ്ടത്തിന്‍റെ വ്യാപ്തിയും സംബന്ധിച്ച കണക്കെടുത്തുകൊണ്ടിരിക്കുകയാണിപ്പോള്‍. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏഴുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. അപ്രതീക്ഷിതമായി എത്തിയ പ്രളയക്കെടുതി കാരണം ഉല്‍പ്പന്ന നഷ്ടവും വരുമാന നഷ്ടവും നേരിട്ട സംരംഭകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ സാധ്യമായ എല്ലാ നടപടികളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഊര്‍ജി തമായി ചെയ്തുവരികയാണ്. ഇതിന്‍റെ ഭാഗമായി സംരംഭകര്‍ക്കെല്ലാം ഏതു വിധത്തില്‍ നഷ്ടപരിഹാരം നല്‍കാമെന്നതു സംബന്ധിച്ച് ഉന്നതതല കൂടിയാലോചന നടത്തി അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നു.

കേരളം ഉള്‍പ്പെടെ 29 ഓളം സംസ്ഥാനങ്ങളില്‍ നിന്നും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം സംരംഭകരാണ് സരസ്മേളയില്‍ പങ്കെടുക്കാനായി എത്തിയത്. ചെങ്ങന്നൂരിലും പന്തളത്തുമുള്ള പതിനഞ്ചിലധികം ഹോട്ടലുകളിലാണ് ഇവര്‍ക്കുള്ള താമസം സജ്ജീകരിച്ചിരുന്നത്. ഇതിനു മുമ്പ് കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സംഘടിപ്പിച്ച സരസ് മേളയുടെ വമ്പിച്ച വിജയവും മികച്ച വരുമാന ലഭ്യതയുമാണ് ഇത്തവണയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ സംരംഭകരെ ഇവിടേക്കാകര്‍ഷിച്ചത്. പലരും തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി ഉദ്ഘാടനത്തിന് രണ്ടു ദിവസം മുമ്പു തന്നെ ചെങ്ങന്നൂരില്‍ എത്തിയിരുന്നു. വായ്പ്പയെടുത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി മേളയ്ക്കെത്തിയ നിരവധി സംരംഭകരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഉദ്ഘാടന ദിവസം തന്നെ എത്തിയ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കവും പ്രളയക്കെടുതികളും രൂക്ഷമായതോടെ സരസ് മേള സംഘടിപ്പിച്ചിരുന്ന മൈതാനം പൂര്‍ണമായും വെള്ളത്തിനടിയിലാവുകയായിരുന്നു. ഫുഡ്കോര്‍ ട്ടില്‍ പങ്കെടുക്കാനെത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കഫേ കുടുംബശ്രീ യൂണിറ്റുകള്‍ ഇവിടെ വന്നതിനു ശേഷമാണ് ആവശ്യമായ പാചക സാമഗ്രികളും ഉപകരണങ്ങളും ഉള്‍പ്പെടെ വാങ്ങിയത്. എന്നാല്‍ നിനച്ചിരിക്കാതെ പ്രളയ ജലമെത്തിയതോടെ ഒന്നും തിരിച്ചെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഈയിനത്തില്‍ തന്നെ ആയിരക്കണക്കിനു രൂപയാണ് ഇവര്‍ക്ക് നഷ്ടം.

കനത്ത മഴയെത്തുടര്‍ന്ന് സംരംഭകരില്‍ ചിലര്‍ താമസിച്ചിരുന്ന ഹോട്ടലുകളും വെള്ളത്തിനടിയിലാ യതോടെ ഇവരെ കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ബാക്കിയുള്ളവരെ കായംകുളത്തെ ഹോട്ടലുകളില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു. പേമാരിയും വെള്ളപ്പൊക്കവും കാരണം മേള ഉപേക്ഷിക്കേണ്ടി വന്നതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മുഴുവന്‍ സംരംഭകരെയും തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. ഇതര സംസ്ഥാനക്കാരായ എഴുപത്തഞ്ച് കാറ്ററിംഗ് യൂണിറ്റ് സംരംഭകര്‍ ഉള്‍പ്പെടെ നൂറ്റിമുപ്പതോളം പേരെ വെള്ളിയാഴ്ച തന്നെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ എത്തിച്ചിരുന്നു. ഇവരെ അതത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് സ്വഭവനങ്ങളിലേക്ക് തിരിച്ചയക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബശ്രീ.

ഉല്‍പ്പന്ന പ്രദര്‍ശന വിപണനത്തിനായി എത്തിയ ഇരുനൂറു സംരംഭകരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 17, 18 തീയതികളിലായി ചെങ്ങന്നൂരില്‍ നിന്നും തിരുവനന്തപുരം ഓള്‍ സെയിന്‍റ്സ് കോളേജിലും സുരക്ഷി തരായി എത്തിച്ചു. ഇതില്‍ മുപ്പതു പേര്‍ സ്ത്രീകളാണ്. മുഴുവന്‍ സംരംഭകര്‍ക്കും ആവശ്യമായ താമസ വും ഭക്ഷണവും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ക്യാമ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാ തെ ഇവര്‍ക്ക് ബന്ധുക്കളുമായി സംസാരിക്കുന്നതിനും അതുവഴി ആശങ്കയൊഴിവാക്കുന്നതിനും അവസരമൊരുക്കി. കേരളത്തില്‍ നിന്നു തന്നെയുള്ള 75 സംരംഭകരെ ചേര്‍ത്തല കണിച്ചുകുളങ്ങര ക്യാമ്പിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കൂടാതെ അമ്പതോളം സംരംഭകര്‍ കായംകുളത്തെ ഹോട്ടലുകളില്‍ കഴിയുന്നു. ഇവരും സുരക്ഷിതരാണ്. കനത്ത വെള്ളപ്പൊക്കത്തിലും മേളയില്‍ പങ്കെടുക്കാനെത്തിയ ഇതരസം സ്ഥാനത്തു നിന്നുള്ള മുഴുവന്‍ സംരംഭകരെയും രക്ഷാപ്രവര്‍ത്തകരുടെ സഹായ ത്തോടെ ചെങ്ങന്നൂ രില്‍ നിന്നും തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞത് തികച്ചും ആശ്വാസകരമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here