ചെറുതോണി പാലം ഇന്നിങ്ങനെ!

പ്രളയം തളര്‍ത്തിയ നാടുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതേയുള്ളൂ. സമയം കുറച്ചധികം എടുത്താലും തിരിച്ച് മടങ്ങാനാവുമെന്ന് നിശ്ചയദാര്‍ഢ്യവും ആര്‍ജ്ജവവുമാണ് ഇന്ന് മലയാളിയുടെ കൈമുതല്‍.
പ്രളയജലം സംഹാര താണ്ഡവമാടിയ പല സ്ഥലങ്ങളും അവയുടെ ചിത്രങ്ങളും നേരിട്ടും അല്ലാതെയും നമ്മള്‍ കണ്ടു. അത്തരത്തില്‍ പ്രളയ ജലം തകര്‍ത്തെറിഞ്ഞ ഒരു സ്ഥലമാണ് ചെറുതോണിയിലെ ടൗണിന് നടുവിലെ പാലം. 70കൊല്ലം പഴക്കമുള്ള പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ തകര്‍ന്നെങ്കിലും പാലം കുലുങ്ങിയിട്ടില്ല. ചെറുതോണി ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ തന്നെ വെള്ളം കുത്തിയൊലിച്ച് വന്ന് പാലം അപകടാവസ്ഥയിലായിരുന്നു.
വെള്ളം കുത്തിയൊലിക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞിനേയും കൊണ്ട് ഒരാള്‍ പാലത്തിന് മുകളിലൂടെ ഓടുന്ന ഫോട്ടോയും വീഡിയോയും വൈറലായിരുന്നു. അന്ന് നമ്മള്‍ കണ്ട ആ പാലമല്ല ഇപ്പോള്‍ ചെറുതോണിയില്‍. പ്രളയജലത്തോടൊപ്പം പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ഇതിലൂടെയുള്ള ഗതാഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സെക്കന്റില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാലത്തിലൂടെ കടന്ന് പോയത്.
അണക്കെട്ട് നിര്‍മ്മാണത്തിനായുള്ള വസ്തുക്കള്‍ കൊണ്ട് പോകുന്നതിന് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലമാണിത്. പാലം ഗതാഗത യോഗ്യമാണെങ്കിലും ഇരു ഭാഗങ്ങളിലുമുള്ള അപ്രോച്ച് റോഡ് വെള്ളമൊഴുക്കിൽ തകർന്നതിനാൽ കാൽനട യാത്രപോലും സാധ്യമല്ലാത്ത അവസ്ഥയാണ് നിലവില്‍. കരിങ്കല്ല് പാകി അടിയന്തരമായി അപ്രോച്ച് റോഡ് പുനഃര്‍ നിര്‍മ്മിക്കാനാണ് തീരുമാനം. അതിന് ശേഷം താത്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തേക്കും. ഹൈറേഞ്ചിലേക്കുള്ള പ്രധാന മാർഗമായ തൊടുപുഴ – പുളിയൻമല സംസ്‌ഥാനപാത കടന്നുപോകുന്നതു ചെറുതോണിപ്പുഴയിലൂടെയാണ്. ഇപ്പോൾ ചെറുതോണി പാലത്തിന് അക്കരെ താമസിക്കുന്നവർക്കു ചെറുതോണി ടൗണിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here