ബി.ജെ.പി ലിസ്റ്റിൽ സി.പി.എമ്മിലെ പി കെ ബാബു; എ എൻ രാധാകൃഷ്ണൻ പ്രതിരോധത്തിൽ

ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പട്ടികയില്‍ സിപിഎം അഭിഭാഷക സംഘടനാ പ്രവര്‍ത്തകൻ ഇടം പിടിച്ചതിനെ ചൊല്ലി ബിജെപിക്കുള്ളില്‍ കലാപം. പട്ടികയില്‍ ആകെയുള്ള 95 പേരിൽ ഇന്ത്യന്‍ ലോയേഴ്സ് യൂണിയന്‍ അംഗവും സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറുമായ പി.കെ.ബാബു ഉൾപ്പെട്ടതാണ് ബി ജെ പിയിൽ പുതിയ തർക്കങ്ങൾക്ക് തുടക്കമിട്ടത്. ബി.ജെ.പി. ലീഗല്‍ സെല്ലിന്റെ പേരില്‍ എ.എന്‍.രാധാകൃഷ്ണന്‍ നല്‍കിയ ലിസ്റ്റിലാണ് പി കെ ബാബു അടക്കം ബി ജെ പി ഇതരർ ഇടം പിടിച്ചത്.
ഓഗസ്റ്റ് 24നാണ് ഹൈക്കോടതി, സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തുടങ്ങിയവയിലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് ഇറങ്ങിയത്. ഹൈക്കോടതിയിലേക്കുള്ള 95 അംഗ പട്ടികയില്‍ ആര്‍എസ്എസ് അഭിഭാഷക സംഘടനയായ അഭിഭാഷക പരിഷത്ത്, ബിജെപി ലീഗല്‍ സെല്‍ എന്നിവയില്‍ നിന്നുള്ളവരെയാണ് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച പട്ടികയില്‍ സിപിഎം സഹയാത്രികരായ അഭിഭാഷകര്‍ ഇടം പിടിച്ചുവെന്നാണ് ആക്ഷേപം. നിയമനപട്ടികയില്‍ 71-ാമനായ ഇന്ത്യന്‍ ലോയേഴ്സ് യൂണിയന്‍ അംഗവും നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറുമായ അഡ്വ.പി.കെ.ബാബുവിന്റെ പേര് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അസി.സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് മറികടന്ന് നടന്ന നിയമനത്തിനെതിരെ അഭിഭാഷക പരിഷത്ത് ആര്‍എസ്എസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. അതെ സമയം ഉത്തരവ് വിവാദമായതോടെ അഡ്വ.പി.കെ.ബാബു പദവി സ്വീകരിക്കുന്നില്ല എന്ന കാര്യം അസി.സോളിസിറ്റര്‍ ജനറല്‍ നഗരേഷിനെ വിളിച്ചറിയിച്ചു.
ബിജെപി ജനറല്‍ സെക്രട്ടറിയുടെ ശുപാര്‍ശ പട്ടികയില്‍ സിപിഎം അനുകൂല അഭിഭാഷക സംഘടനാ പ്രവര്‍ത്തകനും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ചിലരും ഇടംപിടിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. അന്വേഷണമുണ്ടാകാത്ത പക്ഷം വിഷയത്തില്‍ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഹൈക്കോടതിയിലെ അഭിഭാഷക പരിഷത്ത് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here