19
Apr 2019
Friday
Election Expert

നിസ്തുല സേവനവുമായി മഹാരാഷ്ട്രയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

കാക്കനാട്: രാവിലെ മുതല്‍ വൈകീട്ട് വരെ തങ്ങളുടെ വീട് വൃത്തിയാക്കിയ കുട്ടികള്‍ക്ക് എന്ത് നല്‍കുമെന്ന് വിഷമിച്ച അമ്മമാരുടെ വികാരങ്ങള്‍ തങ്ങള്‍ക്ക് വലിയ അനുഭവമാണ് നല്‍കിയതെന്ന് പറയുന്നു മഹാരാഷ്ട്രയില്‍ നിന്നും സന്നദ്ധ സേവനത്തിനായെത്തിയ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. കേരളം പ്രളയത്തിലെന്ന വാര്‍ത്ത കേട്ടയുടന്‍ ഇവിടേക്ക് സന്നദ്ധ സേവനത്തിനായെത്തിയതാണ് മഹാരാഷ്ട്രയിലെ യവദ്മാള്‍ ജില്ലയിലെ മഹാത്മാ ജ്യോതിറാവു ഫൂലൈ കോളേജിലെയും സാവിത്രി ജ്യോതിറാവു കോളേജിലെയും സാമൂഹ്യ സേവന വിഭാഗം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും.

രണ്ട് കോളേജുകളില്‍ നിന്നുള്ള 100 അംഗ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. വയനാട്, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് ഇവര്‍ കഴിഞ്ഞ മാസം 24 മുതല്‍ സേവനരംഗത്തുള്ളത്. ഞങ്ങളുടെ കുട്ടികളുടെ കൈയ്യില്‍ സാമ്പത്തിക സഹായത്തിനൊന്നുമില്ല, ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നത് കായികമായ അദ്ധ്വാനമാണ്. കേരളത്തിലുള്ളവര്‍ ഞങ്ങള്‍ക്ക് അന്യരല്ല, സഹോദരങ്ങളാണ് ഇതാണ് ദുരന്തമുഖങ്ങളില്‍ കര്‍മ്മനിരതരായ ഈ സംഘത്തിന്റെ ഉറച്ച കാഴ്ചപ്പാടുകള്‍. സാമൂഹ്യസേവന വിദ്യാര്‍ത്ഥികള്‍ അവ പുസ്തകങ്ങളില്‍ മാത്രം പഠിച്ചാല്‍ പോരെന്നാണ് അദ്ധ്യാപകരുടെ നിലപാട്. കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പ്രകൃതി ദുരന്തം ഉണ്ടായപ്പോഴെല്ലാം സഹായത്തിനായി ഓടിയെത്തിയ പാരമ്പര്യമുള്ള സ്ഥാപനങ്ങളാണ് മേല്‍പറഞ്ഞ രണ്ട് കോളേജുകളും. ഭൂകമ്പം ദുരന്തം വിതച്ച ഗുജറാത്തിലെ കച്ചില്‍, സുനാമി നാശം വിതച്ച തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍, ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രയുടെ തീരങ്ങളിലെല്ലാം സഹായമെത്തിച്ചവരാണ് ഈ കോളേജുകള്‍. ഇവര്‍ പറയുന്നു ഇത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവരില്‍ ഭൂരിഭാഗവും. സംഘത്തിലെ 50 ശതമാനം പേര്‍ ആദ്യമായാണ് സംസ്ഥാനത്തിന് പുറത്ത് പോകുന്നത്. 80 ശതമാനം പേരും ആദ്യമായി കേരളത്തിലെത്തിയവരും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം ഏറെ ഹൃദ്യമാണെന്ന് ഇവര്‍ പറയുന്നു. ഓരോ ദിവസത്തെ സേവനത്തിന് ശേഷവും കുട്ടികള്‍ ആ ദിവസത്തെ അനുഭവങ്ങള്‍ തങ്ങളുടെ ഡയറികളില്‍ കുറിക്കുന്നു. സേവനരംഗത്ത് നിന്നുള്ള വ്യത്യസ്തവും വിപുലവുമായ വിവരങ്ങളും കണക്കുകളും എല്ലാ കുട്ടികളില്‍ നിന്നുമായി ഇവര്‍ സമാഹരിക്കുകയും ചെയ്യുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ സേവനം നല്‍കിയിട്ടുള്ള കോളേജിലെ അദ്ധ്യാപകര്‍ ഇവിടുത്തെ ദുരിതാശ്വാസ പ്രവര്‍ത്തന രംഗം വേറിട്ടതും മികച്ചതുമാണെന്നും സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ആദ്യത്തേത് കേരളത്തിലെ ജനങ്ങളുടെ ഒരുമയും സഹകരണവുമാണ് മതത്തിനും ജാതിക്കുമതീതമായി കേരളീയര്‍ ദുരന്തമുഖത്ത് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് മാതൃകാപരമാണെന്ന് ഇവര്‍ പറയുന്നു. കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത് ജനങ്ങളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണെന്ന് ഇവര്‍ കണക്കാക്കുന്നു. രണ്ടാമത്തേത് ഇവിടുത്തെ കാര്യക്ഷമവും ശക്തവുമായ സര്‍ക്കാര്‍ സംവിധാനം
യവദ്മാള്‍ ജില്ലാ കളക്ടറുടെ കത്തുമായെത്തിയ സംഘം ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാസം 10 വരെ സേവനരംഗത്ത് തുടരാനാണ് ഇവരുടെ തീരുമാനം കൂടുതല്‍ സേവനം ആവശ്യമാണെങ്കില്‍ ഇവിടെ തുടരുമെന്നും പ്രോഫസര്‍ രതന്‍ദിപ് ഗാംഗലെ വ്യക്തമാക്കി. റിസര്‍വേഷനില്ലാതെയാണ് ഞങ്ങള്‍ ട്രെയിനില്‍ ഇവിടെ എത്തിയത് തിരിച്ചും അങ്ങനെ തന്നെപോകും. സേവനരംഗത്തിന് തന്നെയാണ് ഞങ്ങളുടെ ശ്രദ്ധ യാത്ര, താമസ സൗകര്യങ്ങളൊന്നും അതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top