പിറന്നാൾ ദിനത്തിൽ അലിബാബയിൽ നിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ചു ജാക്ക് മാ

jackma birthday Back to teaching

ചൈനക്കാരുടെ സമ്പത്തിന്റെ ദേവൻ ആരെന്നു ചോദിച്ചാൽ ഉത്തരം ജാക്ക് മാ എന്നായിരിക്കും. ഇംഗ്ലീഷ് അധ്യാപകനായിരുന്ന ജാക്ക് മാ നേടിയത് മായാജാലം പോലുള്ള നേട്ടങ്ങളായിരുന്നു. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിലെ രാജ്യാന്തര മികവിന് പിന്നിൽ ഈ മുൻ അധ്യാപകന്റെ മേധാശക്തി ആയിരുന്നെന്നത് തർക്കമില്ലാത്ത കാര്യമാണ്.

തന്റെ 54 ആം പിറന്നാളിനാണ് കമ്പനിയിൽ നിന്ന് അടുത്ത പിറന്നാളിന്ന് വിരമിക്കുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. 2019 സെപ്റ്റംബർ 10 നു കമ്പനി മേധാവിയുടെ കുപ്പായം അഴിച്ചു വെക്കുന്ന ജാക്ക് മാ തന്റെ പിൻഗാമിയെയും പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ സി ഇ ഓ ആയ ഡാനിയേൽ യാങ് ആയിരിക്കും അടുത്ത വർഷം മുതൽ അലിബാബയെ നയിക്കുക. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് ഇവന്റ് ആയ നവംബർ ലെ സിംഗിൾസ് ഡേ ജാക്ക് മാ യുടെ ആശയമാണ്.

വിദ്യാഭ്യാസ രംഗത്തേക്കുള്ള മടങ്ങിപ്പോക്കാണ് ഈ മുൻ അധ്യാപകന്റെ ലക്ഷ്യം. ചൈനയിലെ ഒരു പ്രാദേശിക വിദ്യാഭ്യാസ പദ്ധതിയിലേക്ക് 45 മില്യൺ ഡോളർ ജാക്ക്മാ സംഭാവന ചെയ്തിരുന്നു. ഇതുകൂടാതെ ഓസ്‌ട്രേലിയയിലെ ന്യൂ കാസ്റ്റിലെ ഒരു സ്കോളർഷിപ്പും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിമിതമായ സാങ്കേതിക ജ്ഞാനം മാത്രമുണ്ടായിരുന്ന ഈ അധ്യാപകൻ ലോകം ഉറ്റുനോക്കുന്ന വ്യവസായി ആയത് ആശയങ്ങളുടെ പിൻബലത്തിലായിരുന്നു. 1999 ൽ സ്ഥാപിച്ച ആലിബാബ ഇന്ന് 420 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി ആണ്. തുടർച്ചയായ 13 പാദങ്ങളിൽ കമ്പനി യെ മികവിലെത്തിച്ചെന്ന നേട്ടവും ജാക്ക് മാ യ്ക്കു തന്നെ. 66,000 മുഴുവൻ സമയ ജീവനക്കാരാണ് നിലവിൽ കമ്പനിക്കുള്ളത്.

Top