‘പിസാ’ ടെസ്റ്റിനൊരുങ്ങി ഇന്ത്യ

എന്താണീ പിസാ ടെസ്റ്റ് എന്നല്ലേ ? രാജ്യാന്തര തലത്തിലെ വിദ്യാഭ്യാസ നിലവാരം അളക്കാനുള്ള പരീക്ഷയാണ് ‘പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ് അസസ്‌മെന്റ്’. ഒരു ദശകത്തിനു ശേഷമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പിസാ പരീക്ഷയ്‌ക്കൊരുങ്ങുന്നത്. 15 വയസുള്ള കുട്ടികളുടെ പഠനനിലവാരമാണ് പരിശോധനാ വിധേയമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റിന് പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് റാങ്ക് നല്‍കും. കേന്ദ്ര മാനവ വിഭവ മന്ത്രാലയം ഇതു സംബന്ധിച്ച അറിയിപ്പു നല്‍കിക്കഴിഞ്ഞു.
2015 ല്‍ നടന്ന 2 മണിക്കൂര്‍ പിസാ പരീക്ഷയില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഗണിതം, വായന, സാമ്പത്തിക സാക്ഷരത, ശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു ചോദ്യങ്ങള്‍. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്. സാര്‍ക് രാജ്യങ്ങള്‍, ഗ്രീന്‍ലാന്‍ഡ്, അര്‍ജന്റീന, അര്‍ജീരിയ,ടുണീഷ്യ ഒഴികെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെന്നിവ ടെസ്റ്റില്‍ സ്ഥിരമായി പങ്കെടുക്കാതിരിക്കുന്ന വിഭാഗത്തിലോ ഒരിക്കലും ടെസ്റ്റ് എഴുതാത്ത വിഭാഗത്തിലോ പെടുന്നു.
2009 ലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവസാനമായി പിസ എഴുതിയത്. പങ്കെടുത്ത 74 രാജ്യങ്ങളില്‍ 72 ആമതെത്താനേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ചോദ്യരീതിയെ പഴിക്കുകയായിരുന്നു അന്നത്തെ യുപിഎ സര്‍ക്കാര്‍ ചെയ്തത്. പിന്നീട് പിസാ തന്നെ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ ചൈനയും, വിയറ്റ്‌നാമുമുള്‍പ്പെടെ 80 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന പരീക്ഷയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാറി നില്‍ക്കേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അഭിപ്രായം.
കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ സ്‌ക്കൂളുകള്‍ എന്നിവ വഴിയാണ് ഇന്ത്യ 2021 ലെ ടെസ്റ്റിന് അപേക്ഷിക്കുന്നത്. മൂന്ന് വര്‍ഷമാണ് അപേക്ഷകള്‍ പൂര്‍ത്തിയാക്കാനെടുക്കുന്നത്. ആറു വര്‍ഷത്തെ എങ്കിലും ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 15 വയസു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പിസാ എഴുതാന്‍ സാധിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ ശക്തിയോ സിലബസ് അധിഷ്ഠിത ചോദ്യങ്ങളോ പിസായില്‍ ഉണ്ടായിരിക്കില്ല.
മുന്‍ വര്‍ഷങ്ങളിലെ റിസല്‍റ്റ് പരിശോധിച്ചാല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയതായി കാണാം. ഗണിതശാസ്ത്രത്തില്‍ ആദ്യ ഏഴ് സ്ഥാനങ്ങള്‍ നേടിയത് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, ഹോങ്കോങ്, മക്കാവു, തായ് വാന്‍, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here