ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; അന്വേഷണം നല്ല രീതിയിലാണെന്നും സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും ഹൈക്കോടതി

bishops rape

കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണെന്ന് ഹൈക്കോടതി. കേരള പോലീസിന്റെ അന്വേഷണം നല്ല രീതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് കാരണങ്ങൾ ഉണ്ടാവാമെന്ന് ഹൈക്കോടതി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ പരാമർശം. പ്രതി അറസ്റ്റിലാവുന്നതിലാണോ, അതോ ശിക്ഷിക്കപ്പെടുന്നതിലാണോ ഹർജിക്കാർക്ക് താൽപ്പര്യമെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. പഴയ സംഭവമായതിനാൽ തെളിവു ശേഖരിക്കൽ ദുഷ്ക്കരമാണന്ന് കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണം നല്ല രീതിയിലാണ് തുടരുന്നത്. അറസ്റ്റ് വേണോ എന്ന് പോലീസാണ് തീരുമാനിക്കേണ്ടത്. കുറ്റസമ്മതം മാത്രം പോരാ, ശക്തമായ തെളിവുകള്‍ കൂടിയുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞു. കേസ് 24 ന് പരിഗണിക്കാനായി മാറ്റി. സഭയിലെ ഉന്നതർ കന്യാസ്ത്രീയെയും സാക്ഷികളേയും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലന്ന് ഉറപ്പാക്കാൻ കോടതി നിർദേശിച്ചു.

അതേസമയം, ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മറ്റ് സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ബിഷപ്പിനെ ഒരു തവണ കൂടി ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മുദ്രവച്ച കവറിലാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതയില്‍ സമര്‍പ്പിച്ചത്. 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി തയ്യാറാക്കുന്നുണ്ട്. 17-ാം തീയതി ഇതിന്റെ ഒരു അന്തിമ രൂപം പൂര്‍ത്തിയാകും. ചോദ്യാവലി അനുസരിച്ചായിരിക്കും 19-ാം തീയതി ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നുള്ള കാര്യവും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Top