മലയാളികളുടെ സ്വന്തം ‘പവനായി’ ഇനി ഓര്‍മ്മ

500 ഓളം സിനിമകള്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജുവിന്റെ സിനിമാജീവിതത്തില്‍ നിന്ന് ഏതെങ്കിലും ചില കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കുക വളരെ പ്രയാസമാണ്. എങ്കിലും മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും സ്വീകാര്യത ‘പവനായി’ക്കുണ്ട്. മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ കടന്നുവരാറുള്ള ചില പവനായി റഫറന്‍സുകള്‍ ഉത്തമോദാഹരണങ്ങളാണ്.
‘മലപ്പുറം കത്തി’ ‘അമ്പും വില്ലും’ തുടങ്ങി ഓരൊറ്റ പവനായിയില്‍ നിന്ന് നൂറു കണക്കിന് റഫറന്‍സുകള്‍ മലയാളിയുടെ കര്‍മ്മ മണ്ഡലത്തിലേക്ക് വ്യക്തമായ മുന്‍ ധാരണകളില്ലാതെ കയറി വരാറുണ്ട്. അത് തന്നെയാണ് പവനായി എന്ന കഥാപാത്രത്തിന്റെ സ്വീകാര്യതയും ജനപ്രീതിയും. നാടോടിക്കാറ്റിലെ പവനായി പില്‍ക്കാലത്ത് ട്രോളന്‍മാരുടെ കണ്ണിലുണ്ണിയായതും അതേ ജനപ്രീതിയുടെ ശേഷിപ്പാണ്.
മലയാള സിനിമയില്‍ ഇത്രയേറെ ചിരിപ്പിച്ച പ്രൊഫഷണല്‍ കില്ലര്‍ വേറെയുണ്ടാകില്ല. ഒരു പ്രൊഫഷണല്‍ കില്ലറിനുവേണ്ട മാനറിസങ്ങള്‍ അതേപടി നോക്കിലും വാക്കിലും പകര്‍ത്തിയ പ്രകടനമായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റേത്. പവനായിയുടെ വേഷവിധാനങ്ങളായ കറുത്ത ഗൗണും തൊപ്പിയും കൂളിങ് ഗ്ലാസും പില്‍ക്കാലത്ത് ക്യാപ്റ്റന്‍ രാജു തന്നെ അദ്ദേഹത്തിന്റെ പല സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്. അത്രമേല്‍ പ്രിയപ്പെട്ട കഥാപാത്രമായിരുന്നിരിക്കണം ക്യാപ്റ്റന്‍ രാജുവിന് നാടോടിക്കാറ്റിലെ പവനായി.
പ്രേക്ഷകന് തമാശയായി തോന്നുന്ന പവനായിയുടെ മാനറിസവും സംഭാഷണശൈലിയുമെല്ലാം സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ ഭാവനാസൃഷ്ടിയാണെങ്കിലും അതിനെ അതേപടി പകര്‍ത്താന്‍ ക്യാപ്റ്റന്‍ രാജുവിന് സാധിച്ചിടത്താണ് പവനായി പൂര്‍ണ്ണമായി വിജയിച്ചത്. അടിമുടി ഗൗരവക്കാരനായ പവനായി പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കണമെന്ന ശാഠ്യം സംവിധായകനുണ്ടായിരുന്നതുപോലെ തന്നെ ക്യാപ്റ്റന്‍ രാജുവിനും ഉണ്ടായിരുന്നു. അത് ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ രാജുവിലെ അസാമാന്യ പ്രതിഭയ്ക്ക് സാധിച്ചു.
‘ഓരോ കാലയളവില്‍ ഓരോ കഥാപാത്രങ്ങളാണ് തനിക്ക് പ്രിയപ്പെട്ടതായി തോന്നിയിട്ടുള്ളത്. എല്ലാ കഥാപാത്രങ്ങളും എന്നെ സംബന്ധിച്ചിടുത്തോളം ഏറെ പ്രിയപ്പെട്ടതാണ്. ഏത് കഥാപാത്രമാണ് ജനങ്ങളില്‍ കയറി കൊളുത്തുക എന്ന് അറിയില്ല. അതുകൊണ്ട്, ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റെ മാക്‌സിമത്തില്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളതെന്ന്’ ഒരു അഭിമുഖത്തില്‍ ക്യാപ്റ്റന്‍ രാജു പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ രാജുവിന്റെ ഓരോ കഥാപാത്രങ്ങളും വ്യത്യസ്തങ്ങളാണ്. അതിനെയെല്ലാം അതിന്റെ പരമോന്നതിയില്‍ രാജു അഭിനയിച്ച് ഫലിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, പവനായി എന്ന കഥാപാത്രത്തിന്റെ സ്വീകാര്യതയും ജനപ്രീതിയും സാധാരണക്കാരനായ പ്രേക്ഷകനെ സംബന്ധിച്ചിടുത്തോളം ക്യാപ്റ്റന്‍ രാജുവിന്റെ മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും അല്‍പ്പം ഉയരത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here