‘പീഡനക്കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ആദ്യ ബിഷപ്പ്!’; കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ

കന്യാസ്ത്രീയുടെ പീഡനപ്പരാതിയില്‍ കത്തോലിക്കാ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിലേറെയാണ് കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. ജലന്ധറിലെത്തി അന്വേഷണസംഘം 9 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും അന്ന് അറസ്റ്റ് ചെയ്തില്ല. സെപ്റ്റംബര്‍ 19 നാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ആദ്യ രണ്ട് ദിവസങ്ങളിലായി 15 മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തേക്ക് നീണ്ടുവെങ്കിലും അറസ്റ്റുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമാണ് ഇന്ന് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം 14-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് അറസ്റ്റ് സംഭവിക്കുന്നത്.
കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ:
-ജൂണ്‍ 27 : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ ലൈംഗീക പീഡന പരാതി. അന്വേഷിക്കാന്‍ വൈക്കം ഡി.വൈ.എസ്.പി
കെ. സുഭാഷിനെ അടുത്ത ദിവസം ചുമതലപ്പെടുത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
-ജൂലായ് 1 : ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുത്തു.
-ജൂലായ് 5 : ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ വെളിപ്പെടുത്തല്‍.
-ജൂലായ് 15 : കന്യാസ്ത്രീ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ കത്തും പുറത്ത്.
-ജൂലായ് 19: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള സംഭാഷണം പുറത്തായി.
-ആഗസ്റ്റ് 13 : ജലന്ധറില്‍ മൂന്ന് ദിവസം കാത്തുകിടന്ന ശേഷം അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്തു.
-സെപ്റ്റംബര്‍ 8 : ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ 5 കന്യാസ്ത്രീകള്‍ സമരം തുടങ്ങി. വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീ കത്ത് നല്‍കി.
-സെപ്റ്റംബര്‍ 12 : ഐജിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ബിഷപ്പിനെ 19ന് വിളിച്ച് വരുത്താന്‍ തീരുമാനം.
-സെപ്റ്റംബര്‍ 14 : കന്യാസ്ത്രീയെ കുറ്റപ്പെടുത്തി മിഷനറീസ് ഓഫ് ജീസസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചിത്രവും പുറത്തുവിട്ടു.
-സെപ്റ്റംബര്‍ 15 : ഫ്രാങ്കോ ചുമതലകള്‍ മോണ്‍. മാത്യു കൊക്കാണ്ടത്തിന് കൈമാറി.
-സെപ്റ്റംബര്‍ 17 : ജലന്ധര്‍ രൂപതയുടെ അധികാരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ബിഷപ്പ് വത്തിക്കാന്റെ അനുമതി തേടി കത്തയക്കുന്നു.
-സെപ്റ്റംബര്‍ 18 : ബിഷപ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ 25 ലേക്ക് മാറ്റുന്നു.
-സെപ്റ്റംബര്‍ 19 : രണ്ടം ഘട്ട ചോദ്യം ചെയ്യലിന് ബിഷപ്പ് കേരളത്തില്‍ ഹാജരാകുന്നു. തൃപ്പൂണിത്തുറയിലെ പോലീസ് ഹൈടെക് കേന്ദ്രത്തില്‍ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യുന്നു.
-സെപ്റ്റംബര്‍ 20 : ചോദ്യം ചെയ്യല്‍ രണ്ടാം ദിനവും തുടരുന്നു. രാവിലെ 11 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
വൈകീട്ട് നാല് മണിയോടെ ബിഷപ്പിനെ ചുമതലകളില്‍ നിന്ന് നീക്കി വത്തിക്കാന്റെ ഉത്തരവ് പുറത്തുവരുന്നു. അറസ്റ്റിലേക്കെന്ന് സൂചന.
വൈകീട്ട് അഞ്ച് മണിയോടെ ഉത്തര മേഖലാ ഐ.ജി വിജയ് സാഖറെ ബിഷപ്പിന്റെ അറസ്റ്റിനെ കുറിച്ച് നിയമോപദേശം തേടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
വൈകീട്ട് ആറ് മണിയോടെ അറസ്റ്റ് ഉണ്ടായേക്കില്ലെന്ന സൂചനകള്‍. ഏതാനും മിനിറ്റുകള്‍ക്കകം രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ബിഷപ്പിനെ അന്വേഷണസംഘം വിട്ടയക്കുന്നു.
വൈകീട്ട് ഏഴ് മണിയോടെ കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളെ കാണുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും നാളെ കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. മൊഴികളില്‍ വ്യക്തത വരുത്തല്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചോദ്യം ചെയ്യല്‍ നാളെയും തുടരുന്നതെന്ന് എസ്.പി മാധ്യമങ്ങളോട് വ്യക്തമാക്കി.
രാത്രി ഏറെ വൈകി ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം യോഗം ചേരുന്നു. ഐജിയും കോട്ടയം എസ്.പിയും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത ദിവസം അറസ്റ്റ് നടക്കുമെന്ന് സൂചന.
സെപ്റ്റംബര്‍ 21: ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക്. രാവിലെ 10.30 ന് ബിഷപ്പ് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുന്നു. ഉച്ചയോട് കൂടി അറസ്റ്റ് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
1 മണിയോടെ അറസ്റ്റ് ചെയ്യാന്‍ പോകുകയാണെന്ന് കേരളാ പോലീസ് പഞ്ചാബിലുള്ള ബിഷപ്പിന്റെ അഭിഭാഷകനെ അറിയിക്കുന്നു.
ഉച്ചയ്ക്ക് 1.30 ന് ബിഷപ്പിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here