അമ്പതിൽപ്പരം രാജ്യങ്ങളെ പിന്തള്ളി ലോക ഫയർ ഫൈറ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എട്ടാം സ്ഥാനം നേടിയത് ജിസണിലൂടെ

ലോക ഫയർ ഫൈറ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് അഭിമാനമായി കാലടി സ്വദേശി ജിസൺ. സെപ്തംബർ 9 മുതൽ 17 വരെ ദക്ഷിണ കൊറിയയിൽ ഫയർ സർവ്വീസ് ഉദ്യോഗസ്ഥർക്കായി നടന്ന ഈ രാജ്യന്തര മത്സരത്തിൽ മറ്റ് 55 രാജ്യങ്ങളേയും പിന്തള്ളി ഇന്ത്യ എട്ടാം സ്ഥാനം നേടിയത് ജിസണിലൂടെയാണ്.  തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു ഇതെന്ന് ജിസൺ പറയുന്നു.  ട്വന്റിഫോർന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജിസൺ തന്റെ അനുഭവത്തെ കുറിച്ച് പറയുന്നത്.

63 ലോക രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹോങ് കോങാണ്. രണ്ടാം സ്ഥാനം കൊറിയയും, മൂന്നാം സ്ഥാനം റഷ്യയും സ്വന്തമാക്കി. സിംഗപ്പൂർ, ഇറാൻ, ടർക്കി, ഓസ്‌ട്രേലിയ എന്നിവരാണ് നാല്, അഞ്ച്, ആറ്, ഏഴ് എന്നീ സ്ഥാനങ്ങൾ സ്വന്തമാക്കിയത്.

ആം റെസ്ലിങ്ങ്, സോഫ്റ്റ്‌ബോൾ, ടിഎഫ്എ (ടഫസ്റ്റ് ഫയർ ഫൈറ്റർ അലൈ്) എന്നീ വിഭാഗങ്ങളിൽ മത്സരിച്ചാണ് ജിസൺ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിക്കുന്നത്. ഏഴായിരത്തോളം ഫയർഫൈറ്റേഴ്‌സിനെ പിൻതള്ളിയാണ് ജിസൺ ഈ നേട്ടം സ്വന്തമാക്കിയത്.  ആം റെസ്ലിങ്ങിന്റെ 80 കിലോഗ്രാം വിഭാഗത്തിൽ നാലാം സ്ഥാനവും, ജിസൺ അടങ്ങുന്ന 9 പേരടങ്ങുന്ന സോഫ്റ്റ് ബോൾ ടീമിന് സ്വർണ മെഡലും ലഭിച്ചു. ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും കഠിനമായ മത്സരമായ ടിഎഫ്എ അഥവാ ടഫസ്റ്റ് ഫയർഫൈറ്റർ അലൈവ് എന്ന ടാസ്‌ക്ക് പൂർണമാക്കാനും ജിസണ് സാധിച്ചു. വളരെ അപൂർവ്വം പേർക്ക് മാത്രം പൂർത്തിയാക്കാൻ സാധിക്കുന്ന ഈ മത്സരം പൂർത്തിയാക്കിയത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി കണക്കാക്കുന്നുവെന്ന് ട്വന്റിഫോറിനോട് ജിസൺ പറഞ്ഞു.

ടിഎഫ്എ എന്ന ടാസ്‌ക്ക് പൂർണ്ണമാക്കുക എന്നത് അപൂർവ്വം പേർക്ക് സാധിക്കുന്ന കാര്യമാണ്. ഹോസ് റണിങ്ങ്, ടണിലുകളിലൂടെ ഓടി 60 കിലോഗ്രാം ഭാരമുള്ള ബക്കറ്റ് എടുത്ത് തിരിച്ച് ഓടി ലക്ഷ്യസ്ഥാനത്ത് എത്തുക, ഒരു മനുഷ്യന്റെ ഭാരമുള്ള ഡമ്മി (70kg) പൊക്കിയെടുത്ത് ഓടി തിരിച്ച് യഥാസ്ഥാനത്ത് കൊണ്ടുവയ്ക്കൽ, 70 മീറ്റർ തടസ്സങ്ങൾ മറികടന്ന് ഓടുക, കമ്പി കൊണ്ട് പണിത വലിയ ടവറിന് മുകളിൽ 60 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ബക്കറ്റ് കയ്യിൽ തൂക്കിപ്പിടിച്ച് കയറുക, തുടങ്ങി ആയാസകരമായ ഒരുപാട് ടാസ്‌ക്കുകൾക്ക് ശേഷം ഒടുവിൽ 10-15 നില കെട്ടിടത്തിന് മുകളിൽ കയറി ബെൽ അമർത്തുന്നതോടെ ടാസ്‌ക്ക് പൂർണമാകും.

ടാസ്‌ക്കുകളുടെ കാഠിന്യം കൊണ്ടുതന്നെ ഒട്ടുമിക്ക എല്ലാവരം പാതി വഴിയിൽ മത്സരം ഉപേക്ഷിച്ച് പുറത്താകാറാണ് പതിവ്. എന്നാൽ ജിസൺ പാതി വഴിയിൽ തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു. മാനസികമായും ശാരീരികമായുമെല്ലാം തളർന്നപ്പോഴും ലക്ഷ്യസ്ഥാനം മാത്രം മനസ്സിൽകണ്ട് ടാസ്‌ക് പൂർണമാക്കി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയിരിക്കുകയാണ് ജിസൺ.

ആം റെസ്ലിങ്ങിൽ മറ്റു രാജ്യങ്ങളിലെ ചാമ്പ്യന്മാരോടൊപ്പം മത്സരിച്ചാണ് ജിസണ് നാലാം സ്ഥാനം ലഭിച്ചത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. സ്‌കൂൾ, കോളേജ് തലങ്ങളിൽ ആം റെസ്ലിങ്ങ് ജേതാവായിരുന്ന ജിസൺ ഒരിക്കൽപോലും ഈ ഇനത്തിൽ രാജ്യന്തര താരമാകുമെന്ന് കരുതിയിരുന്നില്ല. വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിയ 20 ഓളം പേരെ പിന്തള്ളിയാണ് ജിസൺ ഈ സ്വപ്‌ന നേട്ടം കൈവരിച്ചത്.

നെടുമ്പാശ്ശേരി എയർപ്പോർട്ട് ഫയർഫോഴ്‌സ് ജിവനക്കാരനാണ് ജിസൺ സ്റ്റീഫൻ. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മറ്റു താരങ്ങളെല്ലാം ചാമ്പ്യൻഷിപ്പിന് വേണ്ട പരിശീലനത്തോടെ കളത്തിലിറങ്ങിയപ്പോൾ വിമാനത്താവളത്തിൽ ജോലിയുടെ ഭാഗമായി മാത്രം ലഭിക്കുന്ന വ്യായാമവും, ഡ്രില്ലും തന്ന കരുത്ത് കൊണ്ട് മത്സരവേദിയിൽ തിളങ്ങിയ വ്യക്തിയെന്ന സവിശേഷതയും ജിസണ് ഉണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നാലാം സ്ഥാനത്തെത്തിച്ച ജിസണ് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് അധികൃതരും സഹപ്രവർത്തകരും ചേർന്ന് ഒരുക്കിയത്.

അച്ഛൻ എൻകെ സ്റ്റീഫൻ, അമ്മ ഡെയ്‌സി സ്റ്റീഫൻ, ഭാര്യ അനിത, മക്കളായ ഏഞ്ചല, ആൽബേർട്ട്
എന്നിവരടങ്ങുന്ന ഒരു കൊച്ചുകുടുംബത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഇന്ന് ജിസൺ സ്റ്റീഫൻ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More