ലൂക്കാ മോഡ്രിച്ച് ഫിഫയുടെ മികച്ച താരം

2018 ലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. റയലിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കുന്നതിലും ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ച താരമാണ് ലൂക്കാ. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മോഡ്രിച്ച് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫിഫ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളിനും ലൂക്കാ മോഡ്രിച്ച് അര്‍ഹനായിരുന്നു.

റയലിന്റെ മുന്‍താരവും ഇപ്പോഴത്തെ യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലായെയും പിന്തള്ളിയാണ് ലൂക്കാ പുരസ്‌കാരത്തിന് അര്‍ഹനായത്. റൊണാള്‍ഡോ രണ്ടാം സ്ഥാനവും സലാ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

മികച്ച ഗോളിയ്ക്കുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ബല്‍ജിയം താരം തിബൂട്ട് ക്വാര്‍ട്ടോ സ്വന്തമാക്കി. മികച്ച വനിതാ താരത്തിനുള്ള പുരസ‌്കാരം ബ്രസീൽ മുന്നേറ്റതാരം മാർത്തയ‌്ക്ക‌് ലഭിച്ചു.

മികച്ച ഗോളിനുള്ള പുഷ‌്കാസ‌് പുരസ‌്കാരം ലിവർപൂളിന്റെ ഈജിപ‌്ഷ്യൻ താരം മുഹമ്മദ‌് സലായ‌്ക്കാണ‌്.  ഫ്രാൻസിന്റെ കെയ‌്‌ലാൻ എംബാപെയാണ‌് മികച്ച യുവതാരം. മികച്ച പരിശീലകനുള്ള പുരസ‌്കാരം ഫ്രാൻസിന‌് ലോകകിരീടം നേടിക്കൊടുത്ത ദിദിയൻ ദഷാംസിനാണ‌്. മികച്ച വനിതാ ടീം പരിശീലകനായി ഫ്രഞ്ച‌് ലീഗ‌് ടീം ലയൺസ‌്(വുമൺ) പരിശീലകൻ റെയിനാഡ‌് പെട്രോസിനെ തെരഞ്ഞെടുത്തു. ഫാൻ അവാർഡ‌് പെറു ഫാൻസിനാണ‌്. ഫെയർപ്ലേ പുരസ‌്കാരത്തിന‌് ജർമൻ താരം ലെനാർട‌് തേ അർഹനായി.

ലോക ഇലവൻ: ഡേവിഡ‌് ഡി ഗിയ (ഗോളി)‌, ഡാനി ആൽവേസ‌്, റഫേൽ വരാനെ, സെർജിയോ റാമോസ‌്, മാർസലോ (പ്രതിരോധം), ലൂക മോഡ്രിച്ച‌്, എൻഗാളോ കാന്റെ, ഏദൻ ഹസാർഡ‌് (മധ്യനിര), കെയ‌്‌ലാൻ എംബാപെ, ലയണൽ മെസി, ക്രിസ‌്റ്റ്യാനോ റൊണാൾഡോ (മുന്നേറ്റം).

Top