22
Feb 2019
Friday
Kuttanadu

ഷിക്‌നാപൂരും ഹാജി അലി ദര്‍ഗയും ഒടുവില്‍ ശബരിമലയും…

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വിലയിരുത്തുന്നു – എസ്. വിജയകുമാര്‍ (ട്വന്റിഫോര്‍)

ശബരിമല ഹര്‍ജികളിലെ ഈ വിധി അപ്രതീക്ഷിതമല്ല. 2016 മാര്‍ച്ച് 30 ന് മഹാരാഷ്ട്രയിലെ ശനി ഷിക്‌നാപൂര്‍ ക്ഷേത്രം മുംബൈ ഹൈക്കോടതി സ്ത്രീകള്‍ക്കായി തുറന്നുകൊടുത്തു. ശനി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം വിലക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ക്ഷേത്ര പ്രവേശനത്തില്‍ നിന്നും സ്ത്രീകളെ വിലക്കുന്ന നടപടിക്ക് ഭരണഘടനാ സാധുത ഇല്ലെന്ന് മാത്രമല്ല, ഇത്തരം വിവേചനം ചെറുത്ത് തോല്‍പ്പിക്കേണ്ടതാണെന്നും മുംബൈ ഹൈക്കോടതി വിധിയെഴുതി. ഏതൊക്കെ ആരാധനാലയങ്ങളില്‍ പുരുഷന്മാര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടോ അവിടെയൊക്കെ സ്ത്രീ പ്രവേശനവും ഉറപ്പ് വരുത്താന്‍ ആ വിധി ആഹ്വാനം ചെയ്തു. വിധി വന്നതിനു തൊട്ടുപിന്നാലെ ശനി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീകളടങ്ങുന്ന സംഘത്തെ തടഞ്ഞതും വിസ്മരിക്കുന്നില്ല. ശനി ഷിക്‌നാപൂര്‍ കേസുമായി ശബരിമല ഹര്‍ജികള്‍ക്ക് വിദൂര സാമ്യമുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്കായിരുന്നില്ല, യുവതികള്‍ക്കായിരുന്നു ആരാധനയ്ക്ക് വിലക്കുണ്ടായിരുന്നത്.

ഷിക്‌നാപൂര്‍ വിധിക്ക് ശേഷം ഓഗസ്റ്റില്‍ ബോംബെ ഹൈക്കോടതി മറ്റൊരു ചരിത്രപരമായ വിധിന്യായവും പുറപ്പെടുവിച്ചു. അതും സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതായിരുന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ടെന്ന് രണ്ടംഗ ബഞ്ച് വിധിച്ചു. ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉയര്‍ത്തിപിടിച്ച് കോടതി ആരാധനാ സ്വാതന്ത്ര്യത്തെ നിര്‍വചിച്ചു. 2012 ലായിരുന്നു ദര്‍ഗയിലെ സ്ത്രീകളുടെ ആരാധന വിലക്കുന്നത്. അതിന് മുന്‍പ് ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു. ‘ഭാരതീയ മുസ്ലീം മഹിള ആന്ദോളന്‍’ എന്ന സംഘടനയാണ് വിലക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. വിശുദ്ധന്റെ കബറിടത്തില്‍ സ്ത്രീ സാന്നിധ്യം അനുവദിക്കില്ലെന്ന ഹാജി അലി ട്രസ്റ്റിന്റെ വാദമാണ് കോടതി തള്ളിയത്. ഈ രണ്ട് വിധികളും ആരാധനാ സ്വാതന്ത്ര്യത്തിലെ ലിംഗവിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കുന്നുണ്ട്.

ഇതിന്റെ തുടര്‍ച്ചയായി മാത്രമേ ശബരിമല യുവതി പ്രവേശന ഹര്‍ജികളിലെ വിധിയെയും കാണാന്‍ കഴിയൂ. ആണധികാരവും ആള്‍ക്കൂട്ട ധാര്‍മ്മികതയും ഉയര്‍ത്തി ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകളെ വിലക്കുന്നതിന്റെ യുക്തി കോടതി ചോദ്യം ചെയ്യുകയാണ്. ജൈവിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 25-ാം വകുപ്പ് അനുവദിക്കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കരുതെന്ന് കോടതി ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ്. അയ്യപ്പ ധര്‍മ്മം പ്രത്യേക വിശ്വാസരീതിയാണെന്ന വാദം കോടതി യുക്തി ഭദ്രമായി ഖണ്ഡിച്ചു. ഹിന്ദു ആചാരത്തിലെ പൊതുധാരയില്‍ ചേര്‍ന്നു നില്‍ക്കുന്നതാണ് ശബരിമലയെന്ന് ഭൂരിപക്ഷ വിധിയില്‍ ഭരണഘടനാ ബഞ്ച് അടിവരയിട്ട് എഴുതി. ഭരണഘടനയുടെ വിശാല ധാര്‍മികതയുടെ അരികുപറ്റി മാത്രമേ സാമൂഹ്യ ധാര്‍മ്മികതയെ കാണാനാവൂ എന്ന് ഭരണഘടനാ ബഞ്ച് ഈ വിധിയിലും വ്യക്തമാക്കുന്നു.

377-ാം വകുപ്പ് റദ്ദാക്കിയുള്ള സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ ആറിലെ വിധിയിലും കോടതി ആവര്‍ത്തിച്ച് ഉന്നയിച്ചത് ഭരണഘടനയുടെ ധാര്‍മ്മികത തന്നെയായിരുന്നു. ആണ്‍മേല്‍കോയ്മ തച്ചുടക്കുന്ന വിധിന്യായങ്ങള്‍ പരമോന്നത കോടതിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നു എന്നത് പൊതുവായ ഒരു പ്രസ്താവന മാത്രമല്ല. 497-ാം വകുപ്പ് അസാധുവാക്കിയ കഴിഞ്ഞ ദിവസത്തെ സുപ്രധാന വിധി മുന്നോട്ടുവെക്കുന്ന സന്ദേശവും ഇത് തന്നെയാണ്.

ആചാരങ്ങള്‍ എത്ര വര്‍ഷം പഴക്കമുള്ളത് ആയാലും അത് ഭരണഘടനയുടെ പൊതുതത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഈ വിധിയിലുണ്ട്. പതിനെട്ടാം പടി ചവിട്ടുന്നതില്‍ നിന്നും യുവതികളെ വിലക്കിയ ആചാര ശാസനകളാണ് കോടതി തിരുത്തിയത്. ഇത്തരം തിരുത്തലുകളിലൂടെ ആചാരങ്ങളും വിശ്വാസങ്ങളും കൂടുതല്‍ നവീകരിക്കപ്പെടട്ടെ…

Top