കുൽഭൂഷൺ യാദവ് കേസ്; അന്താരാഷ്ട്ര നീതിന്യായക്കോടതി ഫെബ്രുവരിയിൽ വാദം കേൾക്കും

ചാരവൃത്തിയും ഭീകരപ്രവർത്തനവും ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച് പാക്കിസ്താനിൽ തടവിലിട്ടിരിക്കുന്ന കുൽഭൂഷൺ യാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിജെ)2019 ഫെബ്രുവരി 18 മുതൽ 21 വരെ വാദം കേൾക്കും.

കഴിഞ്ഞ ഏപ്രിലിൽ കുൽഭൂഷണിനെ പാക് പട്ടാളക്കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. യാദവിനെതിരെയുള്ള കുറ്റങ്ങൾ തള്ളിയ ഇന്ത്യ 2017 മെയിൽ ഐസിജെയെ സമീപിച്ചിരുന്നു. ഐസിജെയുടെ പത്തംഗ ബെഞ്ച് ഇക്കഴിഞ്ഞ മെയിൽ ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് കേസ് കേൾക്കുന്നതുവരെ കുൽഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു.

ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച് ബിസിനസ് നടത്തിവന്ന യാദവിനെ ഇറാനിൽ നിന്നും തട്ടിക്കൊണ്ടുപോയി. എന്നാൽ ബലൂചിസ്താനിൽ നിന്നും 2016 മാർച്ച് മൂന്നിന് അറസ്റ്റ് ചെയ്തതായി പാക് അധികൃതർ മാർച്ച് 25ന് അറിയിക്കുകയായിരുന്നു.

Top