ജാനകി പോകുന്നതാണ് രാമചന്ദ്രന്റെ ശരി

ഉന്മേഷ് ശിവരാമന്‍

‘മാംസനിബദ്ധമല്ല രാഗം’ എന്നെഴുതിയത് കുമാരനാശാനാണ്. 2018-ല്‍ ഇതു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചിരിവരും. ചിരിയടക്കാന്‍ പറ്റുന്നില്ലെങ്കില്‍ തിയേറ്ററിലേക്ക് പോവുക. പുതിയ തമിഴ് ചിത്രം ’96’ കാണുക. കരഞ്ഞില്ലെങ്കിലും , ഉള്ളുനൊന്തിറങ്ങി വരാം. സി പ്രേംകുമാറിന്റെ ’96 ‘ പ്രണയത്തിന്റെ വീണ്ടെടുക്കലാണ്.

തമിഴര്‍ ഹൃദയം കൊണ്ട് സിനിമ കാണുമ്പോള്‍ മലയാളികള്‍ തലച്ചോര്‍ ഉപയോഗിക്കുമെന്നാണ് പറച്ചില്‍. അതിവൈകാരികമാണ് തമിഴ്ഭാവനകള്‍ ; വികാര തീവ്രമാണ് തമിഴ്മക്കളുടെ ചിന്തകള്‍ . ഭാഷയ്ക്കതീതമായി മലയാളി പ്രേക്ഷകരും ’96’ ല്‍ വീണുപോകുന്നു എന്നതാണ് തീയേറ്ററനുഭവം. ഹൃദയം കൊണ്ട് ’96’ കണ്ട മലയാളികള്‍ ഉണ്ടാകാനേ തരമുള്ളൂ. അത്ര നോവിക്കുന്നുണ്ട് ഈ സിനിമ.

ജാനകിയും (തൃഷ) രാമചന്ദ്രനും (വിജയ് സേതുപതി) സ്‌കൂള്‍കാലത്ത് പ്രണയിച്ചു തുടങ്ങിയവരാണ്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണയം തീവ്രമാകുന്നത്. ഇഷ്ടമാണെന്ന് വാക്കുകള്‍ കൊണ്ടു പറയുന്നില്ലെങ്കിലും നോട്ടത്തിലൂടെയും ചലനത്തിലൂടെയും അവരത് പറഞ്ഞുകൊണ്ടേയിരുന്നു. പെട്ടെന്നൊരിക്കല്‍ , രാമചന്ദ്രന്‍ സ്‌കൂള്‍ മാറിപ്പോകുമ്പോള്‍ ജാനകി ഒറ്റയാകുന്നു. 22 വര്‍ഷത്തിനു ശേഷം ജാനകിയും രാമചന്ദ്രനും കണ്ടുമുട്ടുന്ന ഒരു രാത്രി മുതല്‍ വെളുപ്പാന്‍കാലം വരെയാണ് സിനിമയുടെ ദൈര്‍ഘ്യം.
പ്രണയത്തിന്റെ അതിര്‍വരമ്പുകള്‍
വീണ്ടും കാണുമ്പോഴേക്കും ജാനകിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഒരു മകളുമുണ്ട്. അപ്പോഴും രാമചന്ദ്രനെ പഴയ പത്താംക്ലാസുകാരനായി കാണാനാണ് ജാനകിക്ക് താത്പര്യം. കാലത്തിനതീതമാണ് പ്രണയമെന്ന് ജാനകിയുടെ ഓരോ നോട്ടത്തിലൂടെയും വാക്കുകളിലൂടെയും പ്രേക്ഷകരും അനുഭവിച്ചറിയുന്നുണ്ട്. ‘എനിക്കൊന്നു കണ്ടാല്‍ മതി, കുറേ നേരമിങ്ങനെ ഇരുന്നാല്‍ മതി’യെന്നാണ് ജാനകി പറയുന്നത്. അതു കൃത്യമായ അതിര്‍വരമ്പാണ്. വിവാഹത്തിനു ശേഷം പഴയ പ്രണയത്തെ വീണ്ടെടുക്കുമ്പോള്‍ അതിരുകള്‍ എവിടെയാണെന്ന് സിനിമ പറയുന്നിടമാണത്. കമലിന്റെ ‘മേഘമല്‍ഹാറി’ല്‍ മലയാളി നേരത്തേ തന്നെ അതുകണ്ടിരുന്നു. വിവാഹശേഷം, ഭര്‍ത്താവു നിലനില്‍ക്കുമ്പോഴുള്ള പ്രണയത്തെ അംഗീകരിക്കാത്തതാണ് നമ്മുടെ പൊതുബോധം (അതല്ല സമകാലിക യാഥാര്‍ത്ഥ്യമെങ്കിലും) . ’96’ ലും ഭാഷയ്ക്ക് അതീതമായി ഈ പൊതുബോധം പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രണയത്താല്‍ ജാനകി അല്‍പ്പമെങ്കിലും ദുര്‍ബലയാകുമ്പോള്‍ രാമചന്ദ്രന്‍ വീണുപോകുന്നതേയില്ല. സിംഗപ്പൂരിലേക്ക് തിരിച്ചുപോകുന്ന ജാനകിയെ തടയാന്‍ ഒരിക്കല്‍പ്പോലും രാമചന്ദ്രന്‍ തയ്യാറാകുന്നില്ല. പകരം, അവള്‍ക്ക് നല്ല യാത്ര ഒരുക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. യാത്രക്കുള്ള അവസാന തയ്യാറെടുപ്പുകളില്‍ അതുവൈകിപ്പിക്കാന്‍ ജാനകി ശ്രമിക്കുമ്പോഴും അയാള്‍ തടയുകയാണ്. നേരത്തേ സൂചിപ്പിച്ച വിവാഹാനന്തര പ്രണയത്തിന്റെ പൊതുബോധമാണ് രാമചന്ദ്രന്റെ കഥാപാത്ര നിര്‍മ്മിതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

നിധി (പ്രണയം) കാക്കുന്ന ‘ഭൂതം’
പ്രണയത്തിന്റെ ശേഷിപ്പുകള്‍ ഒന്നും കൈവിടുന്നില്ല രാമചന്ദ്രന്‍. ജാനകി മഷിയൊഴിച്ച സ്‌കൂള്‍ യൂണിഫോമും അവളുടെ ഷോളും അവളെക്കുറിച്ചെഴുതിയ കവിതയും അയാള്‍ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. രാമചന്ദ്രന്റെ മായാത്ത ഓര്‍മ്മയാണ് ജാനകി. അതിനെ അയാള്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഒടുവിലവള്‍ ഉപേക്ഷിച്ചുപോയ വസ്ത്രവും ഓര്‍മ്മപ്പെട്ടിയിലേക്ക് എടുത്തുവയ്ക്കുമ്പോളാണ് സിനിമ അവസാനിക്കുന്നത്. നിധി കാക്കുന്ന ഭൂതം പോലെ രാമചന്ദ്രന്‍ ബാക്കിയാവുകയാണ് ; പ്രേക്ഷകന്റെ വേദനകളും

കുറിപ്പ് : കൊല്ലുന്ന സംഗീതമാണ് ’96’ ലേത്. കരയിപ്പിച്ചു കളയും. കാതലേ കാതലേ എന്ന ഗാനം എന്തിനാണ് ഇത്ര ചുരുക്കിക്കളഞ്ഞത് എന്ന് മനസ്സിലാക്കാന്‍ സിനിമയുടെ അവസാനരംഗം വരെ കാത്തിരിക്കണം.

Top