Advertisement

പ്രളയക്കെടുതി; ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മ്മിക്കുന്നതിന് ഉത്തരവായി

October 11, 2018
Google News 1 minute Read
flood

പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖയായി. ഇതു സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


“പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖയായി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

പാരിസ്ഥിതി ദുര്‍ബലവും, വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കാനാകാത്തതുമായ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ പദ്ധതി രൂപീകരിക്കും. ഭൂമി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടവര്‍ എന്നിവരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ തയാറുള്ളവര്‍ക്ക് അതിന് അവസരം നല്‍കും. നിബന്ധനപ്രകാരമുള്ള ധനസഹായവും ഇവര്‍ക്ക് നല്‍കും.

സ്വന്തമായി ഭൂമി വാങ്ങാനാകാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂമി കണ്ടെത്തും. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉപയോഗിക്കാതെയുള്ള ഭൂമി, സര്‍ക്കാര്‍ വകുപ്പുകളുടെ ഏതെങ്കിലും പദ്ധതിക്ക് നീക്കിവെച്ചതില്‍ ആവശ്യമില്ലാതെ കിടക്കുന്ന ഭൂമി, ഫലദായകമല്ലാത്ത പ്ലാന്‍േറഷനുകള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കാം. സംഭാവനയായി ലഭിക്കുന്ന ഭൂമിയും പരിഗണിക്കും. ഭവനനിര്‍മാണത്തിന് ആവശ്യമായ വിസ്തൃതിയില്‍ ഭൂമി ലഭ്യമാകുന്ന ഇടങ്ങളില്‍ മൂന്ന് മുതല്‍ അഞ്ചു സെന്റ് വീതം പതിച്ചുനല്‍കി വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കും.

ലഭ്യമാക്കാനാകുന്ന ഭൂമി പരിമിതവും പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണം കൂടുതലുമായ ഇടങ്ങളില്‍ ബഹുനില സമുച്ചയങ്ങള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കി ഭൂരഹിതരെ പുനരധിവസിപ്പിക്കും. ഇക്കാര്യത്തില്‍ ഗുണഭോക്താക്കളുമായി കൂടിയാലോചന നടത്തണം. മേല്‍പ്പറഞ്ഞരീതികളില്‍ ഭൂമി ലഭ്യമാകാത്ത ഇടങ്ങളില്‍ ഭവനസമുച്ചയത്തിനാവശ്യമായ ഭൂമി വാങ്ങാനുള്ള ചുമതല കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ഭൂമി പരിസ്ഥിതി ദുര്‍ബലപ്രദേശമോ, വെള്ളപ്പൊക്കസാധ്യതയുള്ളതോ ആയിരിക്കരുത്. ലാന്റ് റവന്യൂ കമ്മീഷണർ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യേണ്ടത്.”

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here