Advertisement

കൊച്ചി ബിനാലെ; ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി

October 15, 2018
Google News 1 minute Read

ഡിസംബര്‍ 12-ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

യോഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, ബോണി തോമസ്, വി. സുനില്‍, ജോസ് ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊച്ചിയെ ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമാക്കാന്‍ ബിനാലെ കൊണ്ട് കഴിയുമെന്ന് ഒരുക്കങ്ങള്‍ വിശദീകരിച്ച റിയാസ് കോമു പറഞ്ഞു. സാമൂഹ്യപ്രശ്നങ്ങള്‍ കൂടി ആശയമാക്കിയാണ് ഈ വര്‍ഷം ബിനാലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറു ലക്ഷം പേരാണ് പ്രദര്‍ശനം കണ്ടത്. ഈ വര്‍ഷം അതില്‍ കൂടുതല്‍ ആളുകളെത്തും. 31 രാജ്യങ്ങളില്‍ നിന്നായി 90 പ്രമുഖ കലാകാരന്മാര്‍ ബിനാലെയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കുന്നതിന് മുംബൈയില്‍ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ ലോകപ്രശ്സരായ പ്രതിഭകളുടെ കലാസൃഷ്ടികളുടെ ലേലം സംഘടിപ്പിക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്നുളള വരുമാനം പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പത്തു കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ വര്‍ഷം കുട്ടികളുടെ ബിനാലെയും ഉണ്ടാകും. കുട്ടികള്‍ക്ക് കലാസൃഷ്ടികള്‍ നടത്താനും വലിയ കലാകാരന്മാരുമായി ആശയവിനിമയം നടത്താനുമുളള അവസരം ബിനാലെയില്‍ ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പ് ഈ പരിപാടിക്ക് പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

ബിനാലെക്ക് സ്ഥിരം വേദിയുണ്ടാക്കാനുളള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 2018 ഡിസംബര്‍ 12-ന് തുടങ്ങുന്ന ബിനാലെ 2019 മാര്‍ച്ച് 29-നാണ് സമാപിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here