സെറ്റില്‍ താക്കീത് ചെയ്തതിന് അലന്‍സിയര്‍ ചെയ്തത്; ആഭാസത്തിന്റെ ഡയറക്ടര്‍ പറയുന്നു

ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവച്ച് സംവിധായകന്‍ ജുബിത്ത് നമ്രദത്ത്. ജുബിത്തിന്റെ ചിത്രം ആഭാസത്തിന്റെ സെറ്റിലാണ് അലന്‍സിയറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതെന്നാണ് ദിവ്യ വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ ദിവ്യയ്ക്ക് ഒപ്പം തന്നെയാണ് താനും ‘ആഭാസ’ത്തില്‍ വര്‍ക്ക് ചെയ്തവരും എന്ന് ജുബിത്ത് പറയുന്നു.
ആഭാസത്തിന്റെ സെറ്റ് വാര്‍പ്പ് മാതൃകകളുടെ പിന്നാലെ പോകാത്തത് കൊണ്ടാണ് രസകരമായത്. പ്രൊഡ്യൂസറുടെയും, പ്രൊഡക്ഷൻ ടീമിന്റെയും, ഡയറക്ഷന്‍ ടീമിലെ ഓരോരുത്തരുടെയും, ക്യാമറ ടീമിന്റെയും, നടീ നടന്മാരുടേയും, മറ്റെല്ലാവരുടെയും നിതാന്ത പരിശ്രമം കൊണ്ടു കൂടിയാണ് സെറ്റ് രസകരമായത്. എന്നാല്‍ അലന്‍സിയര്‍ അത് മുതലെടുക്കുകയായിരുന്നു. കോസ്റ്റ്യൂം ഡിസൈനർക്കും, അസിസ്റ്റന്റ് ഡയറക്ടറുമാർക്കും, അന്യോന്യം സുഹൃത്തുക്കൾക്കും, നടിമാരുടെയോ, മറ്റു സ്ത്രീ ടെക്നീഷ്യന്മാരുടെയോ മുറികളിൽ പോകാൻ വേറെ പ്രോട്ടോകോള്‍ ഒന്നും ഇല്ല. എന്നാല്‍ മദ്യപിച്ചു, വ്യക്തമായ ഉദ്ദേശത്തോടെ, അസമയത്ത് വാതിലിൽ കൊട്ടുന്നത്, തുറക്കാതെ വരുമ്പോൾ നിർത്താതെ കൊട്ടി കൊണ്ടിരിക്കുന്നത് പ്രിഡേറ്റര്‍ മനോഭാവമല്ലാതെ പിന്നെന്താണ്? അടക്കാൻ മറന്ന് പോയ വാതിലിലൂടെ കയറി വന്ന് ബ്ലാന്കെറ്റിനടിയയിൽ കയറുന്നത് ഏത് തരത്തിലുള്ള മനോഭാവമാണെന്ന് ജുബിത്ത് ചോദിക്കുന്നു.
മദ്യമല്ല വില്ലനെന്നും മദ്യപന്റെ ഉദ്ദേശമാണെന്നും ജുബിത്ത് പറയുന്നു. സംഭവം ദിവ്യ പറഞ്ഞതോടെ സഭ്യമായി അലന്‍സിയറെ താക്കീത് ചെയ്തു. ഒരു അസിസ്റ്റന്റ് ഡയറക്ടറെ അലന്‍സിയറിനെ ‘മേയ്ക്കാനായി’ മാത്രം വച്ചു. താക്കീത് ചെയ്തതിന്റെ പ്രതികാരമായി സീനിന്റെ കണ്ടിന്യൂയിറ്റി നഷ്ടപ്പെടുന്ന തരത്തില്‍ ഷെഡ്യൂള്‍ ഗ്യാപ് കഴിഞ്ഞ് വരുമ്പോള്‍ മുടി വെട്ടി. ഇതെപറ്റി ചോദിച്ചപ്പോള്‍ “നിങ്ങളുടെ ഈ ഒരു പടം മാത്രമല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ” എന്നായിരുന്നു പ്രതികരണം. കോമ്പിനേഷൻ സീനുകളിൽ ഡയലോഗിന് പകരം തെറി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ “ആഭാസമല്ലേ, അപ്പോൾ ഇങ്ങനെ ഒക്കെ ആകാം” എന്നാണ് പറഞ്ഞത്. അലന്‍സിയര്‍ മോശമായി പെരുമാറിയ ഏക സ്ത്രീയല്ല ദിവ്യയെന്നും ജുബിത്ത് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here