സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു; ഏകദിനത്തില്‍ കോഹ്‌ലി പതിനായിരം റണ്‍സ് ക്ലബില്‍ ഒന്നാമത്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ലോകത്ത് ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്ന് പതിനായിരം റണ്‍സ് സ്വന്തമാക്കിയ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതി കോഹ്‌ലി സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിലെ 10000 റണ്‍സ് ക്ലബില്‍ അതിവേഗമെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്റെ പേരില്‍ കുറിക്കപ്പെട്ടത്.

വിശാഖപട്ടണത്ത് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് കോഹ്‌ലി അപൂര്‍വ നേട്ടത്തിന് അര്‍ഹനായത്. വ്യക്തിഗത സ്‌കോര്‍ 81 ല്‍ എത്തിയപ്പോഴാണ് കോഹ്‌ലി പതിനായിരം റണ്‍സ് ക്ലബില്‍ ഇടംപിടിച്ചത്.

സച്ചിനെ ബഹുദൂരം പിന്നിലാക്കിയാണ് കോഹ്‌ലിയുടെ റണ്‍വേട്ട. 213 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി പതിനായിരം റണ്‍സ് സ്വന്തമാക്കിയത്. പതിനായിരം റണ്‍സ് ക്ലബില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 259 ഏകദിനങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിന് നേരത്തെ അര്‍ഹനായത്. സച്ചിന്‍ 259 ഇന്നിംഗ്‌സുകള്‍ ബാറ്റ് ചെയ്തിട്ടുണ്ട്. കോഹ്‌ലിയാകട്ടെ 205 ഇന്നിംഗ്‌സുകളിലാണ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്തിട്ടുള്ളത്. പതിനായിരം റണ്‍സെന്ന നേട്ടത്തിലെത്താന്‍ കോഹ്‌ലി സച്ചിനേക്കാള്‍ 54 ഇന്നിംഗ്‌സുകള്‍ കുറവാണ് എടുത്തത്.

263 ഇന്നിംഗ്‌സുകളില്‍ നിന്ന് പതിനായിരം റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ മൂന്നാം സ്ഥനത്ത്. 266 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് നാലാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top