‘നടന്നുകയറി പാലക്കാട്’; കായികമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

സ്‌കൂള്‍ കായികമേളയില്‍ കിരീടത്തിനായി ആവേശപോരാട്ടം. ആവേശം ഒട്ടും ചോരാതെയാണ് രണ്ടാം ദിനം ആരംഭിച്ചത്. ആദ്യ ദിനത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ എറണാകുളത്തിന് കനത്ത പ്രതിരോധം തീര്‍ത്ത് പാലക്കാട് മുന്നേറുന്നു. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ കോഴിക്കോട് ജില്ലയുടെ നന്ദന ശിവദാസ് സ്വര്‍ണം കരസ്ഥമാക്കി. ഹോളി ഫാമിലി എച്ച്എസ്എസ് കട്ടിപ്പാറയിലെ വിദ്യാര്‍ത്ഥിനിയാണ് നന്ദന.

സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ പാലക്കാട് ജില്ലയിലെ സിഎഫ്‌കെ മാത്തൂര്‍ സ്‌കൂളിലെ ദിവ്യ എ. സ്വര്‍ണം നേടി. ആദ്യമായാണ് ദിവ്യ സ്‌കൂള്‍ കായികമേളയുടെ ട്രാക്കിലെത്തുന്നത്. ഇതേ ഇനത്തില്‍ പാലക്കാടിന് തന്നെയാണ് വെള്ളിയും. പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ ശ്രീജയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തമത്സരത്തില്‍ പാലക്കാടന്‍ കാറ്റ് ആഞ്ഞുവീശി. പറളി എച്ച്എസ്എസിലെ മിഥുന്‍ കൃഷ്ണന്‍ സ്വര്‍ണം നേടിയപ്പോള്‍ ഇതേ സ്‌കൂളിലെ തന്നെ യദു കൃഷ്ണന്‍ വെള്ളിയും കരസ്ഥമാക്കി. നടത്ത മത്സരങ്ങളിലെ മിന്നുന്ന പ്രകടനം പാലക്കാടിന് മേല്‍കൈ നല്‍കുന്നു.

ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന പോയിന്റ് നിലവാരം വച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് എറണാകുളവും പാലക്കാടും തമ്മില്‍ നടക്കുന്നതെന്ന് വ്യക്തമാണ്. പതിനൊന്ന് സ്വര്‍ണവും 15 വെള്ളിയുമടക്കം 109 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പതിനൊന്ന് സ്വര്‍ണവും എട്ട് വെള്ളിയുമായി 87 പോയിന്റോടെ പാലക്കാട് തൊട്ടുപിന്നിലുണ്ട്.

BestDistrict (2)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top