കോഹ്‌ലി ജയിച്ചപ്പോള്‍ ഇന്ത്യ തോറ്റു

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. സമകാലീനരില്‍ കോഹ്‌ലിയോളം സ്ഥിരതയുള്ള, മൂന്ന് ഫോര്‍മാറ്റുകളും അനായാസം വഴങ്ങുന്ന മറ്റൊരു ബാറ്റ്‌സ്മാന്‍ ഇല്ല എന്നത് വാസ്തവം.

പൂനെ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കോഹ്‌ലി നേടിയ സെഞ്ച്വറിയും ചരിത്രത്തിന്റെ ഭാഗമായി. തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിരാട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കോഹ്‌ലി സെഞ്ച്വറി നേടി. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ഇനിയും അവശേഷിക്കുന്നു. നാല് സെഞ്ച്വറികള്‍ തുടര്‍ച്ചയായി നേടിയ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് ലോക ക്രിക്കറ്റില്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഇന്ത്യന്‍ നായകന് കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം ഈ നേട്ടം പങ്കിടാം.

നായകന്‍ എന്ന നിലയില്‍ ആരും കൊതിക്കുന്ന നേട്ടങ്ങളാണ് വിരാട് സ്വന്തമാക്കികൊണ്ടിരിക്കുന്നത്. ഇന്നലെ പൂനെയില്‍ സ്വന്തമാക്കിയ സെഞ്ച്വറിയിലൂടെ പൂനെയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകനായി കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോഹ്‌ലിക്ക് സ്വന്തം. ഈ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കേ 397 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയിട്ടുള്ളത്. അവസാന 15 ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്ന് കോഹ്‌ലി സ്വന്തമാക്കിയത് 1348 റണ്‍സാണ്. ഏഴ് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും അടക്കം 122.55 ശരാശരിയിലാണ് കോഹ്‌ലിയുടെ ഈ നേട്ടം. പതിനായിരം റണ്‍സ് തികച്ച താരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി. 29 വര്‍ഷവും 353 ദിവസവുമായിരുന്നു 10000 റണ്‍സിലെത്തുമ്പോള്‍ കോഹ്‌ലിയുടെ പ്രായം. ഈ ലിസ്റ്റില്‍ ഒന്നാമതുള്ള സച്ചിന്‍ 27 വയസും 341 ദിവസും ഉള്ളപ്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഏറ്റവും കുറവ് ഇന്നിംഗ്‌സുകളില്‍ നിന്ന് 1000 ഏകദിന റണ്‍ തികക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലിക്ക് സ്വന്തം. 11 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ആയിരം റണ്‍സ് നേടിയത്. 2012 ല്‍ 15 ഇന്നിംഗ്‌സുകളില്‍ നിന്ന് 1000 റണ്‍സ് നേടിയ തന്റെ തന്നെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. ഹോം ഗ്രൗണ്ടില്‍ അതിവേഗം 4000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചു. 92 ഇന്നിംഗ്‌സുകളില്‍ നിന്ന് 4000 തികച്ച സച്ചിന്റെ റെക്കോര്‍ഡ് വെറും 78 ഇന്നിംഗ്‌സുകളില്‍ നിന്ന് കോഹ്‌ലി മറികടക്കുകയായിരുന്നു.

എന്നാല്‍, കോഹ്‌ലിയുടെ ബാറ്റ് ഒരുവശത്ത് തകര്‍ത്താടുമ്പോഴും ടീം ഇന്ത്യ അത്ര മെച്ചപ്പെട്ട നിലയിലല്ല. കോഹ്‌ലിയെ മാത്രം ആശ്രയിച്ചാണ് ടീം പലപ്പോഴും മുന്നോട്ട് പോകുന്നത്. പൂനെ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കോഹ്‌ലി മാത്രമാണ് വേണമെന്ന് വച്ച് ബാറ്റ് വിശീയത്. മറ്റുള്ളവരെല്ലാം വെറും ശരാശരി നിലവാരമുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ബൗളിംഗിനു മുന്നില്‍ തകര്‍ന്നുപോയി. വെസ്റ്റ് ഇന്‍ഡീസിന്റെ 283 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിംഗ്‌സ് 240 ല്‍ അവസാനിച്ചു. 107 റണ്‍സ് നേടിയ കോഹ്‌ലി കഴിഞ്ഞാല്‍ 35 റണ്‍സ് മാത്രം നേടിയ ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. കോഹ്‌ലിക്ക് പിന്തുണ നല്‍കുന്നതില്‍ മറ്റ് താരങ്ങള്‍ പരാജയപ്പെട്ടു. സ്ഥിരത പുലര്‍ത്താന്‍ കഴിയാത്ത രോഹിത് ശര്‍മയും ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. അമ്പാട്ടി റായിഡുവും റിഷബ് പന്തും ഇനിയും ഉയരാനുണ്ട്. ട്വന്റി 20 സ്റ്റെലില്‍ ബാറ്റ് വീശുന്നതാണ് ഇരുവര്‍ക്കും വിനയാകുന്നത്. കൂറ്റനടികള്‍ക്ക് ശ്രമിച്ച് അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുന്ന ശീലമാണ് ഇരുവര്‍ക്കും. മുന്‍ നായകന്‍ ധോണിയാകട്ടെ പഴയതുപോലെ ഫോമിലേക്ക് ഉയരുന്നുമില്ല. വിക്കറ്റിന് പിന്നില്‍ ധോണി ഇപ്പോഴും പകരക്കാരനില്ലാത്ത കാവല്‍ക്കാരനാണ്. എന്നാല്‍, മധ്യനിരയില്‍ ബാറ്റ് വീശുമ്പോള്‍ താരം തുടര്‍ച്ചയായി പരാജയപ്പെടുന്നു. ബാറ്റ്‌സ്മാന്‍മാരെ പിന്തുണക്കുന്നതില്‍ വാലറ്റവും പരാജയപ്പെടുന്നു.

പൂനെ ഏകദിനത്തില്‍ ബൗളിംഗില്‍ വേണ്ടത്ര മികവ് പുലര്‍ത്തിയത് ജസ്പ്രീത് ബുംറ മാത്രമാണ്. വിക്കറ്റ് നേടുന്നതിനൊപ്പം റണ്‍സ് വിട്ടുകൊടുക്കാതിരിക്കാനും ബുംറയ്ക്ക് സാധിച്ചു. കുല്‍ദീപ് യാദവും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍, ഭുവനേശ്വര്‍ കുമാര്‍ നിരാശപ്പെടുത്തി. പത്ത് ഓവറില്‍ 70 റണ്‍സ് വിട്ടുകൊടുത്ത ഭുവി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് ഇതെല്ലാം വലിയ തലവേദനയാണ്. കോഹ്‌ലിയെ മാത്രം ആശ്രയിച്ചുള്ള സഹതാരങ്ങളുടെ ശൈലി ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top