കോതമംഗലം സെന്റ്. ജോര്‍ജ് സ്‌കൂളിനെ ഒന്നാമതെത്തിച്ച് രാജുപോള്‍ ട്രാക്കൊഴിയുന്നു

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചാമ്പ്യന്‍മാരായി കോതമംഗലം സെന്റ്. ജോര്‍ജ് സ്‌കൂളിലെ കുട്ടികള്‍ മടങ്ങുമ്പോള്‍ അത് രാജുപോളിന് അഭിമാന നേട്ടമാണ്. പത്താം തവണയാണ് കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ ചാമ്പ്യന്‍പട്ടം നേടുന്നത്. 2014 ന് ശേഷമാണ് കോതമംഗലം സ്‌കൂളിനെ തേടി ഈ നേട്ടമെത്തുന്നത്. ഈ നേട്ടത്തിന് പിന്നില്‍ സ്‌കൂളിലെ കായികാധ്യാപകനായ രാജു പോളിന്റെ വിയര്‍പ്പും ആത്മാര്‍ത്ഥതയുമുണ്ട്.
കിരീടം ചൂടിയ പത്ത് തവണയും രാജുപോളായിരുന്നു സ്‌കൂളിലെ കായികാധ്യാപകന്‍. എന്നാല്‍, ഈ സന്തോഷത്തിനിടയിലും കോതമംഗലം സെന്റ് ജോര്‍ജിലെ കായിക വിദ്യാര്‍ത്ഥികളെ രാജുപോളിന്റെ വിടവാങ്ങല്‍ ഏറെ വേദനിപ്പിക്കുന്നുണ്ട്. 2019 മേയിലാണ് രാജുപോള്‍ വിരമിക്കുന്നത്. കായികാധ്യപകന്റെ വേഷത്തില്‍ രാജുപോളിന് ഇനി ഒരു സംസ്ഥാന കായികമേളയ്ക്ക് കുട്ടികളുമായി എത്താന്‍ സാധിക്കില്ല. ട്രാക്കിനോട് ഗുഡ്‌ബൈ പറഞ്ഞ് രാജുപോളെന്ന പ്രതിഭ വിടവാങ്ങുമ്പോള്‍ കിരീട നേത്തില്‍ കുറഞ്ഞതൊന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ആഗ്രഹിച്ചിട്ടുമുണ്ടാകില്ല.
കെ.എം. ബീനാ പോളും സിനി തോമസും അനില്‍ഡ തോമസും അടക്കം അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ 14 താരങ്ങളെ വളര്‍ത്തിയെടുത്തത് പ്രഗത്ഭനായ ഈ പരിശീകനാണ്. 2000 ത്തിലാണ് രാജുപോള്‍ സെന്റ്. ജോര്‍ജിന്റെ തിരുമുറ്റത്തേക്ക് കായികാധ്യാപകന്റെ വേഷത്തിലെത്തുന്നത്. പിന്നീടങ്ങോട്ട് നേട്ടങ്ങളുടെ കഥ മാത്രമാണ് സെന്റ്. ജോര്‍ജിന് പറയാനുള്ളത്. പത്ത് തവണ രാജുപോളിന്റെ കീഴില്‍ കിരീടം ചൂടിയത് അത്ര ചെറിയ നേട്ടമല്ല. ഇതിനിടയില്‍ മികച്ച കായികാധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാര്‍ഡുകള്‍ക്കും രാജുപോള്‍ അര്‍ഹനായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here