കായികമേളയ്ക്ക് കൊടിയിറങ്ങി; എറണാകുളം ചാമ്പ്യന്‍മാര്‍, സെന്റ്. ജോര്‍ജിന് പത്താം കിരീടം

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങി. മൂന്ന് ദിവസത്തെ വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ശേഷം എറണാകുളം ജില്ലാ ചാമ്പ്യന്‍പട്ടം ചൂടി. 30 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവും അടക്കം 253 പോയിന്റോടെയാണ് എറണാകുളം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 196 പോയിന്റാണുള്ളത്. 24 സ്വര്‍ണവും 16 വെള്ളിയും 13 വെങ്കലവുമാണ് പാലക്കാട് സ്വന്തമാക്കിയത്. കോഴിക്കോടിനെ പിന്നിലാക്കി മൂന്നാം ദിവസം തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി. പത്ത് സ്വര്‍ണമടക്കം 101 പോയിന്റോടെയാണ് തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തിയത്.

10 സ്വര്‍ണവും ഒന്‍പത് വെള്ളിയുമടക്കം 81 പോയിന്റ് നേടിയ സെന്റ്. ജോര്‍ജ് കോതമംഗലം പത്താം കിരീടത്തിന് അര്‍ഹരായി. പത്ത് സ്വര്‍ണവും മൂന്ന് വെള്ളിയും നേടിയ കെ.എച്ച്.എസ് കുമാരംപുത്തൂര്‍ 62 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മാര്‍. ബേസില്‍ 50 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പ്രളയത്തെ തുടര്‍ന്ന് കായികമേള മൂന്ന് ദിവസമായി ചുരുക്കുകയായിരുന്നു. പരമാവധി ചെലവുകള്‍ കുറച്ച് ആവേശം ഒട്ടും ചോരാതെയാണ് ഇത്തവണ കായികമേളയ്ക്ക് കൊടിയിറങ്ങിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top