അല്ല ചേട്ടാ.. എത്രയാണ് മിനിമം ചാർജ്ജ്?

എത്രയാണ് ഓട്ടോറിക്ഷയിലെ മിനിമം ചാർജ്ജ് യാത്രക്കാരേ…? ഓട്ടോറിക്ഷക്കാരോട് ചോദിക്കേണ്ട ചോദ്യം എന്തിനാണ് യാത്രക്കാരോട് ചോദിക്കുന്നതെന്നല്ലേ? ഫലത്തിൽ ഇപ്പോൾ ഓട്ടോക്കാർ പറയുന്നതാണല്ലോ മിനിമം ചാർജ്ജ്. അത് കൊണ്ടാണ് ചോദ്യം യാത്രക്കാരോടാക്കിയത്. ഓട്ടോയ്ക്ക് ഒന്നര കിലോമീറ്ററിന് 20 രൂപയും ടാക്‌സിയ്ക്ക് അഞ്ച് കിലോമീറ്ററിന് 150 രൂപയുമാണ് നിലവിലെ ചാർജ്ജ്. (സർക്കാറിന്റെ അറിവിൽ) എന്നാൽ പലപ്പോഴും ഓട്ടോറിക്ഷയിൽ ഈ പറയുന്ന ഒന്നര കിലോമീറ്റർ 20രൂപ നൽകിയാണോ നമ്മൾ  പോകാറ്? അത്യാവശ്യത്തിന് ഓട്ടോ പിടിക്കുന്നവർ നടുറോട്ടിൽ കിടന്ന് വഴക്കുണ്ടാക്കേണ്ടെന്ന് കരുതി അനങ്ങാത്ത മീറ്ററിനെ നോക്കി നെടുവീർപ്പിട്ട്,  ചോദിക്കുന്ന കൂലി നൽകാറാണ് പതിവ്.

ഓട്ടോറിക്ഷയില്‍ മിനിമം ചാര്‍ജിനു ശേഷമുള്ള കിലോമീറ്ററുകള്‍ക്ക് 10 രൂപ അധികം നല്‍കണം എന്നാണ് ചട്ടം. കോര്‍പ്പറേഷന്‍ പരിധിയില്‍ രാത്രി യാത്രകള്‍ക്ക് 50 ശതമാനം അധികം നിരക്ക് ഈടാക്കാം. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അവസാനമായി കേരളത്തിൽ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുത്തിയതും.  എന്നാൽ ഈ ചാർജ്ജ്  പലപ്പോഴും മാറും . ഓട്ടോ ഡ്രൈവറുടെ നാവിന്റെ നീളവും സഭ്യതയും അനുസരിച്ച് അത് 30വരെ പോകും . ഒന്നര കിലോമീറ്ററിന്  ഇരുപത് രൂപ എന്നതാണ് ‘മുറ’ എന്നോർക്കണം. അരകിലോമീറ്ററിന് വരെ 25ഉം 30കൊടുക്കുന്നവരാണ് നമ്മളിൽ പലരും.

പെട്രോൾ വില, തകർന്ന റോഡുകൾ, ബ്ലോക്ക്

ശരിയാണ് ദിവസേന കുതിക്കുന്ന പെട്രോളും റോഡിന്റെ ഗുണനിലവാരവും ‘മികച്ചത്’ തന്നെയാണ്.  അത് കൊണ്ട് തന്നെയാണ് പലപ്പോഴും അവരാശ്യപ്പെടുന്ന ചാർജ്ജ് നൽകാൻ നമ്മളിൽ പലരും തയ്യാറാകുന്നതും. എന്നാൽ അത് ഭീഷണിയുടെ സ്വരത്തിലാകുന്നതാണ് അസഹനീയം. പെട്രോളിന്റെ പൊള്ളിക്കുന്ന വില സാധാരണക്കാരന് ചൂടുണ്ടാക്കുമെന്നത് വാസ്തവം. എന്നാൽ എന്തും വരട്ടെ എന്ന് കരുതി ഓട്ടോയിൽ ചാടി കയറുന്ന യാത്രക്കാരന്റെ തലയിലേക്ക് ആ ചൂട് ഇറക്കി വയ്ക്കാൻ ശ്രമിച്ചാലോ?    മാധ്യമപ്രവർത്തകയായ ഗംഗയുടെ അനുഭവം ഇങ്ങനെ.

ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി എറണകുളം കടവന്ത്ര ഓഫീസിൽ നിന്ന് നാട്ടിലേക്കു പോകാൻ ആയി ഇറങ്ങി…ഓഫീസിൽ കുറച്ചു ജോലി തീർക്കാനുള്ളതിനാൽ 5.15 ന്റെ ട്രെയിനു 5 മണിക്ക് ആണ് ഇറങ്ങാൻ പറ്റിയത്…റെയിൽവേ സ്റ്റേഷനിൽ നടന്നു എത്താൻ സമയമില്ലതതു കൊണ്ട് കടവന്ത്ര ഇന്ധിര ഗാന്ധി ഹോസ്പിറ്റലിന്റെ എതിർവശത്ത് നിന്ന് ഓട്ടോ പിടിച്ചു. 

ഓട്ടോയിൽ കാലു വച്ചില്ല, അതിന് മുമ്പ്   ഓട്ടോ ഡ്രൈവർ ചൂടാകുന്ന രീതിയിൽ എവിടേക്ക് ആണ് എന്ന് ചോദിച്ചു. അതിന്റെ കൂടെ 20 രൂപയല്ല 30 ആണ് മിനിമം വാങ്ങുന്നത് എന്ന് പറഞ്ഞു. ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്തേക്കാണ് ഈ കൂലി.

അപ്പോൾ ഞാൻ ചോദിച്ചു അതെന്താ ചേട്ടാ മിനിമം ചാർജ് കൂടിയോ…ഇത്രയേ ചോദിച്ചുള്ളൂ പിന്നെ അയാൾ ഒരു മര്യാദയും ഇല്ലാതെ  പറഞ്ഞു തുടങ്ങി…സർക്കാരിന്റെ നിയമം വരുന്നത് വരെ ഞങ്ങള്ക്ക് നോക്കിയിരിക്കാൻ പറ്റില്ല.ഞങ്ങൾക്കു ഇഷ്ട്ടമുള്ള പൈസ വാങ്ങും. ഇപ്പോൾ ഞങ്ങൾ 30 വാങ്ങിക്കുന്നുണ്ട് അത് എല്ലാവരും തരുന്നുമുണ്ട്. ചിലർക്ക് മാത്രമേ ഈ സൂക്കേട് ഉള്ളൂ…   നിങ്ങൾക്ക് മാസം ശമ്പളം കിട്ടും…ഞങ്ങൾ ഓടി കിട്ടണം…വൈകുന്നെരമാകുമ്പോൾ സർക്കാർ വന്നു അരി വാങ്ങുമോ എന്നൊക്കെയായി…പറഞ്ഞു പറഞ്ഞു കാട് കയറി…ഓരോന്ന് പറയുമ്പോഴും  അയാളുടെ ശബ്ദം ഉയർന്ന് വന്നു.  ഞാൻ അയാളോട് തർക്കിക്കുകയൊ 30 രൂപ തരില്ല എന്നൊ പറഞ്ഞിട്ടില്ല എന്നൊർക്കണം. സഹി കെട്ടപ്പോൾ ഞാൻ അയാളോട് ഒന്ന് മാന്യമായി സംസാരിക്കു എന്നും താങ്കളുടെ ഔദാര്യത്തിൽ അല്ല ഞാൻ യാത്ര ചെയുന്നത് എന്നും 10 രൂപ കൂട്ടി ചോദിച്ചതിനു തരാൻ ഒരു മടിയുമില്ല പക്ഷെ നിങ്ങൾ ചോദിച്ച രീതി മോശമാ. അപ്പോഴേക്കും സ്ഥലം എത്തി. ട്രെയിൻ  പോകുമെന്ന് കരുതി ഞാൻ തർക്കിക്കാൻ നിന്നില്ല…കിട്ടിയ സമയം കൊണ്ട് ഞാൻ ഓട്ടോയുടെ നമ്പർ നോട്ട് ചെയ്യാൻ എടുത്ത ഫോട്ടോയും താഴെ ചേർക്കുന്നു… യാത്രക്കാരോടു എങനെ പെരുമ്മാറണമെന്നു എന്നുപോലും അറിയാത്ത കുറേ ആളുകൾ ഉണ്ട്. എന്തായാലും ഓട്ടോയിൽ കയറുയുന്നവർ ഫ്രീ ആയിട്ട് ആരും യാത്ര ചെയ്യില്ല. ന്യായമായിട്ടുള്ള ചാർജ് ആണെങ്കിൽ ആരും തർക്കിക്കാനും പോണില്ല…പിന്നെ ഈ ഓട്ടോക്കർക്കു എന്താ പ്രശ്നം…

ഇത് കടവന്ത്രയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. മിനിമം കൂലി വാങ്ങാൻ തയ്യാറാകുന്ന ഓട്ടോക്കാരെ പോലും ഭീഷണിപ്പെടുത്തി അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന സഹപ്രവർത്തകരും ഉണ്ട്. കടവന്ത്രയിൽ മാത്രമല്ല, കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. ഏത് ആവശ്യത്തിനും എപ്പോൾ വിളിച്ചാലും എത്തുന്ന ഓട്ടോക്കാരും ഉണ്ട് കേട്ടോ… മീറ്ററിൽ കാണിക്കുന്നതിൽ നിന്ന് ഒരു പൈസ കൂടുതൽ വാങ്ങാത്തവരും… എങ്കിലും യാത്രക്കാരുടെ കോളറിൽ കുത്തിപ്പിടിച്ച് കൂലി വാങ്ങുന്ന ഓട്ടോക്കാരുടെ ( അത് എണ്ണത്തിൽ കുറവാണെങ്കിൽ കൂടി)  കർത്തവ്യ ബോധത്തിന് മുന്നിൽ തോറ്റ് തുന്നംപാടിയവരാണ് ഭൂരിഭാഗം യാത്രക്കാരും.

ഒരു മാസത്തിനകം ചാർജ്ജ് വർദ്ധന നിലവിൽ വരും
സംസ്ഥാനത്ത് ഒരു മാസത്തിനകം ഓട്ടോ ടാക്സി നിരക്ക് കൂട്ടുമെന്നാണ് അറിയിപ്പ്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വർദ്ധനവ്. ഓട്ടോ ചാർജ്ജ് 20ൽ നിന്ന് 25ലേക്കാണ് വർദ്ധിപ്പിക്കാൻ ധാരണയായിരിക്കുന്നത്. എന്നാൽ എപ്പഴോ ഇത് പ്രാബല്യത്തിൽ വന്ന് കഴിഞ്ഞെന്നാണ് യാത്രക്കാരുടെ അനുഭവം. സർക്കാർ മാനത്ത് പോലും കാണുന്നതിന് മുമ്പ്  എത്രയോ പേരിത് മനസിൽ കണ്ട് പോക്കറ്റിലാക്കി കഴിഞ്ഞെന്നോ…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top