Advertisement

ബന്ധുനിയമന ആരോപണം; വിശദീകരണം നല്‍കി മന്ത്രി കെ.ടി ജലീല്‍

November 3, 2018
Google News 2 minutes Read
KT Jaleel Min

ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍. ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ അഭിമുഖത്തിന് വന്നവർ യോഗ്യതയില്ലാത്തവരായിരുന്നുവെന്നും യോഗ്യതയുണ്ടായിരുന്ന അദീപിനെ സ്ഥാനമേറ്റെടുക്കാൻ ക്ഷണിക്കുകയായിരുന്നുവെന്നും ജലീൽ പറഞ്ഞു. പരിചയസമ്പത്തുള്ളയാളെ വേണമെന്ന അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും സ്വകാര്യബാങ്ക് സീനിയർ മാനേജർ തസ്തികയിൽ നിന്നാണ് അദീപ് താഴ്ന്ന തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

മൈനോറിറ്റി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ മന്ത്രിയുടെ പിതൃസഹോദര പുത്രനെ ജനറല്‍ മാനേജറായി നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് മുസ്ലിംലീഗ് ആരോപിച്ചിരുന്നു.

എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തി. ബന്ധു നിയമനത്തില്‍ മന്ത്രി കുറ്റസമ്മതം നടത്തിയെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് പറഞ്ഞു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഗവര്‍ണറെ കാണുമെന്നും ഫിറോസ് പറഞ്ഞു. മൂന്ന് പേരാണ് ഇന്റര്‍വ്യൂവിന് ഹാജരായതെന്നാണ് മന്ത്രി പറഞ്ഞത്. ഇതില്‍ മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്നും അതിനാല്‍ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയായിരുന്നെന്നും മന്ത്രി പറഞ്ഞത് ശരിയല്ലെന്നാണ് ഫിറോസ് ആരോപിച്ചത്. യോഗ്യത ഇല്ലാത്തവരെ എന്തിനാണ് അഭിമുഖത്തിന് ക്ഷണിക്കുന്നതെന്ന് ഫിറോസ് ചോദിച്ചു.

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി 
—————————————-
എന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കൾക്ക് നിരക്കാത്തതാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തിൽ പ്രവൃത്തി പരിചയവും നിലവിൽ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ വേണ്ടിയാണ് 2016 സെപ്തംബർ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ കോർപ്പറേഷൻ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് MBA അല്ലെങ്കിൽ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവർഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.

ഇതടിസ്ഥാനത്തിൽ 26.10.2016 ന് നടന്ന ഇൻറർവ്യൂവിൽ മൂന്നു പേർ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായി വന്നതിനാൽ നേരത്തെ നൽകിയ ഏഴു അപേക്ഷകൾ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൽ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരിൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

കഥാപുരുഷനായ അദീപ് നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇന്റർവ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോർപ്പറേഷന് ധനകാര്യ സ്ഥാപനങ്ങളിൽ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോർപ്പറേഷനിൽ നിന്ന് പുതിയ പ്രൊജക്ടുകൾ സമർപ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തൽക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനിൽ വരണമെന്നും അഭ്യർത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിന്നുള്ള NOC ഉൾപ്പടെ അനുബന്ധമായി ചേർത്ത് അപേക്ഷ നൽകുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സർക്കാരിലേക്ക് ശുപാർശ ചെയ്തയച്ചു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂൾ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിലെ സീനിയർ മാനേജർ എന്ന തസ്തികയിൽ ലഭ്യമാകുന്ന അതേ ശമ്പളവും അലവൻസും അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ ഒരു വർഷത്തേക്ക് നിയമനം നൽകി ഉത്തരവാവുകയും ചെയ്തു. മേൽ നിയമപ്രകാരം സർക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ അധികാരമുണ്ട് താനും.

നല്ലൊരു ജോലിയിൽ നിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോർപ്പറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാൾക്ക് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തിൽ ഞാൻ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സിൽബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. വാർത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലൻസ് കോടതിയിൽ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേർത്തൊന്ന് പറഞ്ഞാൽ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗിൽ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതിൽ ഒരാളാണ് എന്റെ അനുജ സഹോദരൻ ഫിറോസ്. ജലീൽ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗിൽ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാൽ ഫിറോസിന് നന്നു. അപവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും അൽപായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here