ഈ ആത്മഹത്യാക്കുറിപ്പിന്റെ വില രണ്ടുകോടി!

auction letter

ഒരു ആത്മഹത്യാക്കുറിപ്പിന്റെ വില എത്രയാണെന്ന് അറിയണോ? രണ്ട് കോടി രൂപ! ഞെട്ടണ്ട..ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുകയാണ് ഈ ആത്മഹത്യാക്കുറിപ്പ്. ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയറിന്റെ ആത്മഹത്യാക്കുറിപ്പ് ലേലത്തില്‍ വിറ്റുപോയത് ഏകദേശം രണ്ട് കോടിയോളം രൂപയ്ക്കാണ് (234,000 യൂറോ).

19-ാം നൂറ്റാണ്ടിലെ പ്രശസ്തനായ കവിയാണ് ചാള്‍സ് ബോദ്‌ലെയര്‍. 24-ാം വയസില്‍ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകളും പട്ടിണിയും സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ഒരുങ്ങുമ്പോഴാണ് അതിപ്രശസ്തമായ ഈ കത്ത് എഴുതുന്നത്. ബോദ്‌ലയര്‍ തന്റെ കാമുകിയായ ഴീനെ ദുവലിനാണ് ഈ ആത്മഹത്യാക്കുറിപ്പ് എഴുതിയത്. 1845 ജൂണ്‍ 30 നാണ് ഇത് എഴുതുന്നത്. ഈ കത്ത് നിനക്ക് കിട്ടുംമുന്‍പ് ഞാന്‍ മരിച്ചിരിക്കും…എന്ന് ബോദ്‌ലെയര്‍ ഈ കത്തില്‍ എഴുതിയിരിക്കുന്നു. കത്തെഴുതിയ ശേഷം ബോദ്‌ലെയര്‍ കത്തിക്കൊണ്ട് നെഞ്ചില്‍ കുത്തി മുറിവേല്‍പ്പിച്ചുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍, പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ബോദ്‌ലെയര്‍ മരിച്ചില്ല. പിന്നെയും ജീവിച്ചു 22 വര്‍ഷങ്ങള്‍.

ഒടുവില്‍ 1867 ലായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അമിതമായ തോതില്‍ മയക്കമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ബോദ്‌ലെയര്‍ 46-ാം വയസില്‍ മരിച്ചത്. 1866 ല്‍ പക്ഷഘാതം വന്നതോടെ ശരീരം പൂര്‍ണമായി തളര്‍ന്ന് കിടപ്പിലായ ബോദ്‌ലെയര്‍ 1867 ല്‍ മരിച്ചു.

തിൻമയുടെ പുഷ്പങ്ങൾ(ലെ ഫ്ല്യുഏഴ്സ് ദു മല്‍/ദ ഫ്ലവേഴ്സ് ഓഫ് ഈവിള്‍) എന്ന കൃതിയാണ് ബോദ്‌ലെയറെ പ്രസിദ്ധിയുടെ കൊടുമുടിയിൽ എത്തിച്ചത്. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടി തുകയ്ക്കാണ് ബോദ്‌ലെയറുടെ കത്ത് വിറ്റ് പോയതെന്ന്  ഫ്രഞ്ച് വെബ്സൈറ്റായ ഒസെനാറ്റ് അറിയിച്ചു. കത്ത് ലേലത്തിൽ പിടിച്ച വ്യക്തിയുടെ പേര് പുറത്തു വിട്ടിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top