ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്ന് റൂറല്‍ എസ്.പി അശോക് കുമാര്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കി. എ.എസ്.പിയുടെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഈ സംഘം മറ്റ് രണ്ട് സുപ്രധാന തീരുമാനങ്ങള്‍ ഇന്ന് എടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിലായിരിക്കുന്ന ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ പോലീസ് നടപടികള്‍ ആരംഭിച്ചു. അതോടൊപ്പം, ഹരികുമാറിനെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കാനും അന്വേഷണസംഘം തീരുമാനിച്ചു.

അതേസമയം, സംഭവശേഷം ഒളിവില്‍ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. ഹരികുമാര്‍ തമിഴ്‌നാട്ടിലെ മധുരയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വാക്കുതര്‍ക്കത്തിനിടയില്‍ ഡിവൈഎസ്പി പിടിച്ചുതള്ളിയ സനല്‍ മറ്റൊരു വാഹനമിടിച്ച് മരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top