എയര്‍പോര്‍ട്ടില്‍ നിന്ന് വിഷ്ണുവിനെ കാണാതായിട്ട് നാല് മാസം; പ്രാര്‍ത്ഥനയോടെ കുടുംബം

ഒമാനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ കാണാതായിട്ട്  നാല് മാസം. ഏങ്ങണ്ടിയൂർ സ്വദേശി നീരട്ടി വീട്ടിൽ ചന്തു മകൻ വിഷ്ണുവിനെയാണ് കാണാതായത്. ഒമാനില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു. 2018 ആഗസ്റ്റ് 7ന് വീട്ടിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നതാണ്. ശമ്പളം കൃത്യമായി ലഭിക്കാതിരുന്നതിനാൽ പൊതുവേ വീട്ടിലേക്ക് ആഴ്ചയിലൊരിക്കൽ മാത്രം വിളിക്കുന്ന വിഷ്ണു ദുബായിൽ ജോലി ചെയ്തിരുന്ന അനിയനുമായി മെസേജുകളിലൂടെ വിവരങ്ങൾ പങ്കുവെക്കുകയിരുന്നു പതിവ്.

ആഗസ്റ്റ് 5ന് എയർപ്പോർട്ടിലേക്ക് വാഹനം ഏർപ്പാടാക്കുന്ന കാര്യത്തെക്കുറിച്ചന്വേഷിക്കാൻ വിഷ്ണുവിനെ വിളിച്ച് ലഭിക്കാതായള്‍  വീട്ടുകാർ വിഷ്ണുവിന്റെ റൂമിലുള്ള കൂട്ടുകാരനുമായി ബന്ധപ്പെട്ടു. അപ്പോഴാണ് വിഷ്ണു ജൂലൈ മാസം 25ന് നാട്ടിലേക്ക് പോയ വിവരം വീട്ടുകാരറിയുന്നത്. തുടര്‍ന്ന് വിഷ്ണുവിന്റെ ടിക്കറ്റ് രേഖകൾ കൂട്ടുകാരന്‍ വീടുകാർക്കയച്ച് കൊടുത്തു. ഇതില്‍ നിന്ന് വിഷ്ണു ബാംഗ്ലൂരിലേക്ക് പോയതായി അറിയാന്‍ കഴിഞ്ഞു.  അവിടെ ആരിൽ നിന്നോ പണം കിട്ടാനുണ്ടെന്നും അത് വാങ്ങിയിട്ടേ തിരിച്ചു വീട്ടിലേക്ക് പോകുകയുള്ളൂ എന്ന് വിഷ്ണു പറഞ്ഞതായും കൂട്ടുകാരന്‍ വീട്ടുകാരെ അറിയിച്ചു.  വീട്ടുകാർ വിഷ്ണുവിന്റെ നാട്ടിലെ നമ്പറിൽ വിളിച്ചു. ബെല്ലടിക്കുന്നുണ്ടായിരുന്നുവെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്തില്ല.  എന്നാൽ വാട്സ്ആപ്പിൽ അനിയൻ അയച്ച മെസേജിന് വിഷ്ണു മറുപടിയായി വോയ്സ് മെസേജ് അയച്ചു. പൈസയുടെ കാര്യത്തിന് ബാംഗ്ലൂർ പോയതാണെന്നും 7ന് വീട്ടിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചോളൂ എന്നുമാണ് വിഷ്ണു പറഞ്ഞത്. പിന്നീട് 7ന് മെസേജ് അയച്ച അനിയനോട് ഹർത്താലായ കാരണം ഇന്നു വരുന്നില്ലെന്നും 8ന് രാത്രി 9 മണിയോടെ വീട്ടിലെത്തുമെന്നും ടിക്കറ്റ് എടുത്തിട്ടുണ്ടെന്നുമാണ് പറഞ്ഞത്.

8ന് എവിടെയെത്തി എന്ന് ഇടക്കിടക്ക് ഫോണിലൂടെ അന്വേഷിച്ചിരുന്ന സഹോദരിയോട് അരമണിക്കൂർ കഴിഞ്ഞാൽ വയനാട് എത്തും എന്നതാണ് വിഷ്ണു അവസാനമയച്ച മെസേജ്. പിന്നീട് വിഷ്ണുവിന്റെ ഫോണിൽ ബന്ധപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ല. ആ ദിവസം തന്നെയാണ് വയനാട് പ്രദേശങ്ങളിൽ പ്രളയക്കെടുതികൾ ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ പ്രളയം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഇതിനിടയിൽ ആഗസ്ത്13 ന് വിഷ്ണുവിനെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പരാതി നൽകുകയും ചെയ്തു. പ്രളയത്തിന്റെ പ്രശ്നങ്ങൾക്കിടയിൽ പോലീസ് അന്വേഷണം കാര്യമായി മുന്നോട്ട് പോയില്ല.

നിലവിൽ കേരള പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം കേസ് അന്വേഷിക്കുന്നുണ്ട്. യാതൊരു വിവരവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ബന്ധപ്പെടാവുന്ന കൂട്ടുകാരുടെ നമ്പറുകളിലെല്ലാം വീട്ടുകാർ ബന്ധപ്പെടുന്നുണ്ട് അവർക്കാർക്കും വിഷ്ണുവിനെകുറിച്ച് യാതൊരു വിവരവും നൽകാനാവുന്നില്ല. കൂട്ടുകാരും പല വഴികളിലായി അന്വേഷിക്കുന്നുണ്ട്. വൈകീട്ട് വരുമെന്ന് പറഞ്ഞ തങ്ങളുടെ മകൻ ഏതെങ്കിലുമൊരു വൈകുന്നേരം വീട്ടിലേക്ക് കയറി വരുന്നതും കാത്ത് അവന്റെ അച്ചനും അമ്മയും കണ്ണീരോടെ കാത്തിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top