റെക്കോര്‍ഡില്‍ സലിം കുമാറിനൊപ്പം; മിമിക്രി വേദികളിലെ വ്യത്യസ്ത മുഖമാണ് അമല്‍

ദേശീയ കലോത്സവത്തിനായുള്ള ഒരുക്കത്തിലാണ് അങ്കമാലി ഏഴാറ്റുമുഖം സ്വദേശി 22 കാരനായ അമല്‍ അശോക്. രണ്ടാഴ്ച മുന്‍പ് നടന്ന സൗത്ത് ഇന്ത്യന്‍ കലോത്സവത്തില്‍ എം.ജി യൂണിവേഴ്‌സിറ്റിയെയും കേരളത്തെയും പ്രതിനിധീകരിച്ച് മിമിക്രി ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയ അമല്‍ ഛത്തീസ്ഗഢില്‍ നടക്കുന്ന ദേശീയ കലോത്സവത്തിലും ഒന്നാം സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. 2017 ല്‍ റാഞ്ചിയില്‍ വച്ച് നടന്ന ദേശീയ കലോത്സവത്തിലും അമല്‍ ഒന്നാമതെത്തിയിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും ദേശീയ കലോത്സവത്തിന്റെ വേദിയില്‍ ശബ്ദവിന്യാസത്തിലൂടെ അത്ഭുതം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അമല്‍.

സലിം കുമാറിനൊപ്പം

ദേശീയ കലോത്സവ വേദിയില്‍ ഒന്നാം സ്ഥാനം ലഭിച്ചതിനേക്കാള്‍ അമലിന് ഏറ്റവും വലിയ സന്തോഷം നല്‍കുന്ന നേട്ടമായിരുന്നു എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ മിമിക്രിയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. നടന്‍ സലിം കുമാറിന്റെ റെക്കോര്‍ഡിനൊപ്പമാണ് അമല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. 25 വര്‍ഷം മുന്‍പ് സലിം കുമാര്‍ നേടിയ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ അമലിനുള്ള സന്തോഷം അത്ര ചെറുതല്ല. 2016, 17, 18 വര്‍ഷങ്ങളിലാണ് അമല്‍ തുടര്‍ച്ചയായി മൂന്ന് വട്ടവും മിമിക്രി വേദിയില്‍ തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചത്.

പഠിത്തവും മിമിക്രിയും

കാലടി ശ്രീ ശങ്കര കോളേജില്‍ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന അമല്‍ ഇപ്പോള്‍ ഫ്‌ളവേഴ്‌സ് അക്കാദമിയിലെ ജേര്‍ണലിസം പി.ജി ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ്. ഇനിയും മിമിക്രി രംഗത്ത് സജീവമായി തുടരാനാണ് അമലിന്റെ ആഗ്രഹം. സിനിമയെ സ്വപ്‌നം കണ്ട് നടക്കുന്ന അമല്‍ പഠിത്തത്തോടൊപ്പം കലാരംഗത്ത് സജീവ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ വേദിയിലും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ അമലിന് അവസരം ലഭിച്ചിട്ടുണ്ട്.

മിമിക്രി വേദികളില്‍ പുതുമ തേടിയുള്ള യാത്ര

മിമിക്രി വേദികളില്‍ കണ്ടുശീലിച്ച നമ്പറുകള്‍ മാത്രം ചെയ്യുന്നതില്‍ അമലിന് താല്‍പര്യമില്ല. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ശബ്ദം മാത്രം ചെയ്യുന്നതില്‍ അമല്‍ സംതൃപ്തനല്ല. മിമിക്രി കാണാനെത്തുന്ന സദസിന് എന്തെങ്കിലും പുതുമ നല്‍കാനാണ് അമല്‍ ഇഷ്ടപ്പെടുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് അമലിന് കൂടുതല്‍ താല്‍പര്യം. ഏറ്റവും കുറച്ച സമയംകൊണ്ട് കൂടുതല്‍ നമ്പറുകള്‍ അവതരിപ്പിച്ച് കൈയടി വാങ്ങുന്നതാണ് അമലിന് ഇഷ്ടം. അതിനനുസരിച്ചാണ് എല്ലാ വേദികളിലും അമല്‍ പ്രകടനം നടത്തുക. ദൈനംദിന ജീവിതത്തില്‍ എന്നും കേള്‍ക്കുന്ന എന്നാള്‍ ആരും ശ്രദ്ധിക്കാത്ത ശബ്ദങ്ങളിലാണ് അമലിന് പ്രാവീണ്യം. അത് തന്നെയാണ് മറ്റ് മിമിക്രി കലാകരന്‍മാരില്‍ നിന്ന് അമലിനെ വ്യത്യസ്തനാക്കുന്നതും.

മിമിക്രി വേദികളിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കുടുംബം

അമലിന്റെ കഴിവ് തിരിച്ചറിഞ്ഞ് മിമിക്രി വേദികളിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അച്ഛന്‍ അശോകനാണ്. കൂലിപ്പണിക്കാരനായ അശോകന്‍ കുട്ടിക്കാലത്ത് മിമിക്രി കലാകാരനായിരുന്നു. മകന്‍ വലിയ കലാകാരന്‍ ആകണമെന്ന അശോകന്റെ സ്വപ്‌നമാണ് അമലിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍. ചെറുപ്പം മുതലേ അമലിന് തുണയായി അച്ഛനുണ്ട്. അമ്മ ലൗലി അശോകനും മകന് പിന്തുണ നല്‍കി ഒപ്പമുണ്ട്. ചേട്ടന്റെ പുതിയ നമ്പറുകളെ വിലയിരുത്തുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും സഹോദരി അല്‍ക്ക അശോകാണ്. അമലിനെ ആദ്യമായി കലോത്സവ വേദിയിലെത്തിക്കുന്നത് ഉറ്റ സുഹൃത്ത് അക്ഷയ് കൃഷ്ണയാണ്. കോളേജിലെ അധ്യാപകരും സുഹൃത്തുക്കളും വലിയ പിന്തുണ നല്‍കി അമലിന്റെ യാത്രയില്‍ ഒപ്പമുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top